രണ്ട് വര്‍ഷം 'മുണ്ട് മുറുക്കി ഉടുക്കേ'ണ്ടി വരുമെന്ന് വേള്‍ഡ് ഇക്കണോമിക് സര്‍വെ, ജീവത ചെലവ് വെല്ലുവിളി
ആഗോള സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പം പ്രതിസന്ധി സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ ലോകത്തിലെ മിക്ക കേന്ദ്ര ബാങ്കുകളും പലിശ നിരക്ക് പലകുറി വര്‍ധിപ്പിച്ചു. പല സമ്പദ് വ്യവസ്ഥകളിലും വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും പക്ഷേ, അതൊന്നും കാര്യമായ ഗുണം ചെയ്തതുമില്ല. തോതില്‍ കുറവുണ്ടാകുമെങ്കിലും ഇനിയും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് കേന്ദ്ര ബാങ്കുകള്‍ നല്‍കുന്നത്. അമേരിക്കയിലെയും, യൂറോപ്യന്‍ യൂണിയനിലെയും മറ്റും പണപ്പെരുപ്പ നിരക്ക് നാല് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയായിരുന്നു. പലകുറി പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ ഇതില്‍ ശമനം വന്നിട്ടുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കാ ജനകമാണ്. പണപ്പെരുപ്പം ഉയരുന്നതിനൊപ്പം ആഗോള തലത്തില്‍ വീട്ടുവാടക, നിത്യോപയോഗ സാധനങ്ങളുടെ വില, വ്യക്തിഗത ചെലവുകള്‍ എന്നിവയെല്ലാം വര്‍ധിക്കുകയാണ്. ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനയ്ക്കനുസരിച്ച് തൊഴില്‍ സൃഷ്ടിക്കപ്പെടുകയോ, വേതന വര്‍ധനയുണ്ടാകുകയോ ചെയ്യുന്നില്ല എന്നതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.
അന്താരാഷ്ട്ര നാണയ നിധിയുടെയും, ലോകബാങ്കിന്റെയും അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്നാണ്. അതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത് പണപ്പെരുപ്പം, ഉയരുന്ന പലിശ നിരക്ക്, കടബാധ്യതയിലെ വര്‍ധന എന്നിവയാണ്.
പണപ്പെരുപ്പ നിരക്ക് വിവിധ രാജ്യങ്ങളില്‍
നവംബറില്‍ ബ്രിട്ടണിലെ പണപ്പെരുപ്പ നിരക്ക് 10.7 ശതമാനമാണ്. എന്നാല്‍ ഇറ്റലിയില്‍ ഇത് 12 ശതമാനവും പോളണ്ടില്‍ 16 ശതമാനവും ഹങ്കറി, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളില്‍ 20 ശതമാനവുമാണ്. ഇത് 2024-25 വരെ തുടരുമെന്നാണ് വിലയിരുത്തലുകള്‍. ബ്രിട്ടണിലും അമേരിക്കയിലും ഭവന ചെലവുകള്‍ കുതിച്ചുയരുകയാണ്. ഇതു മുലം ബ്രിട്ടണിലെ 30 ലക്ഷം ജനങ്ങളെങ്കിലും ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുമെന്നാണ് പഠനങ്ങള്‍. കാരണം വലിയ ജിവിത ചെലവില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുന്നില്ല. 2018 ല്‍ ബ്രിട്ടണിലെ ഭവനഗത വരുമാനത്തില്‍ 2 ശതമാനം കുറവ് വന്നിരുന്നു. അതിന് പിന്നാലെയാണ് കോവിഡും യൂദ്ധവും വരുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം വലിയ വിലക്കയറ്റവും. 9.1 ല്‍ നിന്നും അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് 7.1 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനായി പലിശ നിരക്കില്‍ 4.5 ശതമാനം വരെ വര്‍ധന വരുത്തി. ഇപ്പോള്‍ ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്ക് 2021 ലെ മൂന്ന് ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഉയര്‍ന്നു. ആസ്‌ത്രേല്യയില്‍ പണപ്പെരുപ്പ നിരക്ക് ഈ വര്‍ഷമാദ്യത്തെ 3.5 ല്‍ നിന്നും 7 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ന്യൂസിലണ്ടിലെ സ്ഥിതിയും വ്യത്യസ്്തമല്ല. അവിടെ നിരക്ക് 7.2 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ഉപഭോക്തൃ വില സൂചിക 10.8 ശതമാനത്തിലേക്ക് എത്തിയിരുന്നു. കാനഡ, ചൈന തുടങ്ങിയ സമ്പദ് വ്യവസ്ഥകളെല്ലാം ഇതേ രീതിയില്‍ തന്നെയാണ് പോകുന്നത്.
വലിയ വെല്ലുവിളി ജീവിത ചെലവ്
ഏറ്റവും പുതിയതായി പുറത്തു വന്നിരിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സര്‍വേ റിപ്പോര്‍ട്ടും വ്യത്യസ്തമല്ല. ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധന (കോസ്റ്റ് ഓഫ് ലിവിംഗ്) ആയിരിക്കും വരുന്ന രണ്ട് വര്‍ഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് വോള്‍ഡ് ഇക്കണോമിക് ഫോറം. 1200 ലധികം ഗ്ലോബല്‍ റിസ്‌ക് വിദഗ്ധര്‍, നയം രൂപീകരിക്കുന്നവര്‍, വിവധ വ്യവസായ മേഖലകളിലെ പ്രമുഖര്‍ എന്നിവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ജീവിതച്ചെലവിലെ വര്‍ധനയ്ക്ക് യുക്രെയ്ന്‍, റഷ്യ പ്രതിസന്ധി ഒരു കാരണമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. കാര്‍ഷികോത്പാദനത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് യുക്രെയിന്‍. ഓയില്‍, ഗ്യാസ് ഉത്പാദകരില്‍ പ്രമുഖരാണ് റഷ്യ. ഇരു രാജ്യങ്ങളും സംഘര്‍ഷം ഊര്‍ജ്ജ, ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണശൃംഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ഇത് വിലക്കയറ്റത്തിന് പ്രധാന കാരണമായിയെന്നും സര്‍വേ സൂചിപ്പിക്കുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥകള്‍ കരകയറുന്നതിനിടയിലാണ് ഈ പ്രതിസന്ധി.
കാലാവസ്ഥാ വ്യതിയാനം
സംഘര്‍ഷങ്ങളും, അന്താരാഷ്ട്ര പ്രതിസന്ധികളും ഭക്ഷ്യ-ഊര്‍ജ്ജ ഉത്പന്ന വിതരണ ശൃംഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത് ഉത്പന്നങ്ങളുടെ വില ഉയരാന്‍ കാരണമാകും. അതിനോടൊപ്പം കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടും. ഊര്‍ജ്ജം, ഭക്ഷണം, കടം, ദുരന്തങ്ങള്‍ എന്നിവയായിരിക്കും പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.