ഇന്ത്യയില്‍ നിന്നുള്ള ബിസിനസ്, ടൂറിസം വിസകള്‍ക്ക് ഇളവുമായി ചൈന
- അപേക്ഷകർ ഇനി ബയോമെട്രിക് ഡാറ്റ നൽകേണ്ടതില്ല
- ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി ബന്ധം ശക്തമാക്കുക ലക്ഷ്യം
ഇന്ത്യക്കാര്‍ക്കുള്ള വിസ മാനദണ്ഡങ്ങള്‍ താല്‍ക്കാലികമായി ഇളവ് ചെയ്ത് ചൈന. ബിസിനസ്, ടൂറിസം, ഹ്രസ്വകാല കുടുംബ സന്ദർശനങ്ങൾ, ട്രാൻസിറ്റ് , ക്രൂ എന്നിവയ്ക്കായുള്ള വിസകളിലുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ആവശ്യങ്ങൾ എന്നിവയ്ക്കായി സിംഗിൾ അല്ലെങ്കിൽ ഡബിൾ എൻട്രി വിസ തേടുന്ന യോഗ്യരായ അപേക്ഷകർ ഇനി ബയോമെട്രിക് ഡാറ്റ (വിരലടയാളം) നൽകേണ്ടതില്ല. ഇന്ത്യയിലെ ചൈനീസ് എംബസി ഈ മാറ്റങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
2023 അവസാനം വരെ ഈ മാറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് എംബസി അറിയിച്ചിട്ടുള്ളത്. 14 വയസ്സിന് താഴെയോ 70 വയസ്സിന് മുകളിലോ പ്രായമുള്ളവർ, ചൈനീസ് എംബസിയുടെ വിരലടയാള ശേഖരണത്തിന് അടുത്തിടെ വിധേയരായവർ, വിരലടയാളം ശേഖരിക്കാനാകാത്ത സാഹചര്യത്തിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം നേരത്തേ തന്നെ ചില ഇളവുകള്‍ നടപ്പാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ശക്തിപ്പെടുന്നതിന്‍റെയും വിവിധ മേഖലകളിലെ നയതന്ത്ര പുരോഗതിയുടെയും കൂടി പ്രതിഫലനമായാണ് ചൈനയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഇന്ത്യൻ യാത്രക്കാർക്കുള്ള ചൈനീസ് വിസയുടെ വില 3,800 മുതൽ 7,800 രൂപ വരെയാണ്. വിസ തരത്തെയും അതിന്റെ സാധുത കാലയളവിനെയും ആശ്രയിച്ച് വിലയില്‍ മാറ്റമുണ്ടാകും.