ജീവനുള്ള കന്നുകാലി കയറ്റുമതിക്കുള്ള കരട് ബില്‍ കേന്ദ്രം പിന്‍വലിച്ചു

  • തീരുമാനം വ്യാപക എതിര്‍പ്പിനെ തുടര്‍ന്ന്
  • വിപുലമായ കൂടിയാലോചനകള്‍ ഉണ്ടാകും
  • നിരവധി സെലിബ്രിറ്റികളും ബില്ലിനെതിരേ രംഗത്തു വന്നിരുന്നു

Update: 2023-06-21 08:13 GMT

ലൈവ് സ്റ്റോക്ക് ആന്‍ഡ് ലൈഫ്‍സ്റ്റോക്ക് പ്രൊഡക്റ്റ്സ് (ഇംപോര്‍ട്ടേഷന്‍ ആന്‍ഡ് എക്സ്പോര്‍ട്ട്) ബില്ലിന്‍റെ കരട് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ തലങ്ങളില്‍ നിന്നുയര്‍ന്നു വന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് കരട് ബില്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറായത്. രാജ്യത്തു നിന്ന് ജീവനോടെ മൃഗങ്ങളെ വ്യാപകമായി കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും അവസരമൊരുക്കുന്നതാണ് ബില്ലെന്നും ഇത് മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും എതിര്‍പ്പുര്‍ന്നത്. ചിലയിനം നായ്ക്കളും പൂച്ചകളും ലൈവ് സ്റ്റോക്ക് പട്ടികയില്‍ ഉള്‍പ്പെട്ടതും പ്രതിഷേധങ്ങള്‍ക്കിടയാക്കി. കൊറോണയുടെ വരവിന് ശേഷം ഇത്തരമൊരു നിയമം നടപ്പിലാക്കപ്പെടുന്നത് ആരോഗ്യപരമായ കാരണങ്ങളാലും ശരിയല്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

"സ്വതന്ത്ര്യം ലഭിക്കുന്നതിനും ഭരണഘടന സ്ഥാപിതമാകുന്നതിനും മുമ്പുള്ള 1898ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം നിലവിലെ ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പുതുക്കിപ്പണിയേണ്ടത് അനിവാര്യമാണ്. 1961ലെ ബിസിനസ് റൂൾസ് അനുസരിച്ച് മൃഗപരിപാലന മേഖലയുടെ മൊത്തത്തിലുള്ള വികസനത്തെ പിന്തുണയ്ക്കുകയാണ് അനിമല്‍ ഹസ്ബെന്‍ററി വകുപ്പിന്‍റെ പ്രാഥമിക ചുമതല. ഈ സാഹചര്യത്തിലാണ് കരട് ബില്‍ അവതരിപ്പിക്കപ്പെട്ടത്," ബില്‍ പിന്‍വലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

ബില്ലിന്‍ മേല്‍ കൂടുതല്‍ അഭിപ്രായ സമാഹരണവും ചര്‍ച്ചകളും നടക്കേണ്ടതുണ്ടെന്നാണ് കണ്‍സള്‍ട്ടേഷന്‍ ഘട്ടത്തില്‍ നിന്ന് മനസിലാക്കുന്നത്. നിർദിഷ്ട കരട് സംബന്ധിച്ച ആശങ്കകൾ പ്രകടിപ്പിച്ച് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു. മൃഗങ്ങളുടെ ക്ഷേമവും അതുമായി ബന്ധപ്പെട്ട വികാരങ്ങളും മുന്‍നിര്‍ത്തിയാണ് പ്രതികരണങ്ങളില്‍ എറെയും.  അതിനാൽ ബില്‍ നടപ്പിലാക്കുന്നതിന് മുമ്പ് വിപുലമായ കൂടിയാലോചന ആവശ്യമാണ്. ഇവയെല്ലാം പരിഗണിച്ച്, ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരത്തോടെ, നിർദ്ദിഷ്ട കരട് ബിൽ പിൻവലിക്കുന്നുവെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു. 

മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ജൂണ്‍ 7നാണ് ബില്ലിന്‍റെ കരട് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിക്കൊണ്ട്, കരട് പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നാലെ സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍ നിന്നുവരെ ബില്ലിലെ ചില വ്യവസ്ഥകള്‍ക്കെതിരേ അഭിപ്രായമുയര്‍ന്നു. . ജൈന, ഹിന്ദു മത വികാരങ്ങള്‍ ചൂണ്ടിക്കാട്ടിയും എതിര്‍പ്പുകള്‍ വന്നു. വിവിധ ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും കൂടി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ #saynotolivestockbill2023 സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുകയറി. 

1898-ലെ ലൈഫ്സ്റ്റോക്ക് ഇംപോര്‍ട്ടേഷന്‍ ആക്റ്റ് അനുസരിച്ചാണ് നിലവില്‍ രാജ്യത്തേക്കുള്ള ലൈവ്സ്റ്റോക്ക് ഉല്‍പ്പന്നങ്ങളുടെ വരവ് നിയന്ത്രിക്കപ്പെടുന്നത്. ജീവനുള്ള മൃഗങ്ങളുടെയും ലൈവ്സ്റ്റോക്ക് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയിലൂടെ രാജ്യത്തേക്ക് രോഗങ്ങള്‍ പ്രവേശിക്കുന്നതിനെ തടഞ്ഞുകൊണ്ട് , രാജ്യത്തെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ നിയമം നടപ്പാക്കപ്പെടുന്നത്. ഈ നിയമത്തിന്‍റെയും 2001ല്‍ നിലവില്‍ വന്ന ഭേദഗതി നിയമത്തിന്‍റെയും പുതുക്കിപ്പണിയലാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 

Tags:    

Similar News