16 സംസ്ഥാനങ്ങള്‍ക്ക് മൂലധന ചെലവിടലിന് കേന്ദ്ര വായ്പ; കേരളം പട്ടികയ്ക്ക് പുറത്ത്

  • ഏറ്റവും വലിയ വിഹിതം ബീഹാറിന്
  • തുക അനുവദിച്ചത് പ്രധാനമായും നികുതി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍
  • മിക്ക സംസ്ഥാനങ്ങളും മൂലധന ചെലവിടലില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രം

Update: 2023-06-27 11:53 GMT

സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപത്തിന് നല്‍കുന്ന വായ്പാ സഹായത്തിന്‍റെ ഭാഗമായി നടപ്പു സാമ്പത്തിക വർഷം 16 സംസ്ഥാനങ്ങൾക്കായി 56,415 കോടി രൂപ നല്‍കുന്നതിന് ധനമന്ത്രാലയത്തിനു കീഴിലുള്ള ചെലവ് വകുപ്പ് അംഗീകാരം നല്‍കി. കേരളം ഉള്‍പ്പടെയുള്ള പകുതിയിലധികം സംസ്ഥാനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താതെയാണ് തുക അനുവദിക്കുന്നത്. അരുണാചൽ പ്രദേശ്, ബീഹാർ, ഛത്തീസ്‍ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ് മിസോറാം, ഒഡീഷ, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 50 വര്‍ഷ കാലയളവിലേക്കുള്ള പലിശ രഹിത വായ്പ ഈ വര്‍ഷം നല്‍കുന്നത്. ബിഹാറിനാണ് ഏറ്റവും ഉയര്‍ന്ന വായ്പാ സഹായം ലഭിക്കുക, 9640 കോടി രൂപ.

ഈ സ്കീമിന് എട്ട് ഭാഗങ്ങളുണ്ട്. ഇതിലെ പ്രധാന ഭാഗത്തില്‍ 15-ാം ധനകാര്യ കമ്മീഷൻ ശുപാര്‍ശയ്ക്ക് അനുസൃതമായി, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതത്തിന് ആനുപാതികമായാണ് തുക അനുവദിക്കുക. അതേസമയം പദ്ധതിയുടെ മറ്റ് ഭാഗങ്ങൾ വിവിധ പരിഷ്താരങ്ങള്‍ നടപ്പിലാക്കിയതുമായും വിവിധ മേഖലകളിലെ പ്രത്യേക പദ്ധതികളുമായും ബന്ധപ്പെട്ടിരുക്കുന്നു. 15-ാം ധനകാര്യ കമ്മീഷൻ വിഹിതം കണക്കാക്കിയതിന് എതിരേ നേരത്തേ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നു. സാമൂഹ്യക്ഷേമത്തിലും ജനസംഖ്യാ നിയന്ത്രണത്തിലും കേരളം നടപ്പാക്കിയ മുന്നേറ്റത്തെ വിഹിതം അനുവദിക്കുന്നതില്‍ പ്രതികൂല ഘടകമായി കണക്കാക്കുന്നുവെന്നാണ് കേരളത്തിന്‍റെ ആക്ഷേപം. 

മൂലധന നിക്ഷേപങ്ങളുടെ കാര്യത്തില്‍ കേരളമുള്‍പ്പടെയുള്ള കേരളമുള്‍പ്പടെ മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തിയെന്ന് വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. മൂലധന നിക്ഷേപത്തിന് നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ 69.4 ശതമാനം തുക മാത്രമാണ് കേരളം ചെലവിട്ടതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നിബന്ധനകളോടെയാണ് ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കുടിവെള്ള വിതരണം, ഊര്‍ജം, റോഡ്, പാലം, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഈ തുക അനുവദിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മൂലധന ചെലവിടലുകളിലും പദ്ധതികളിലും ചിലത് കേരളത്തിന്‍റെ സാഹചര്യങ്ങളും സവിശേഷതകളും കണക്കിലെടുത്തുള്ളതല്ല എന്ന പരാതിയും കേരളം ഉന്നയിച്ചിട്ടുണ്ട്.  

ഈ വര്‍ഷം അവസാനത്തോടെ ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം രാജ്യമൊട്ടാകെ പൊതു തെരഞ്ഞെടുപ്പും നടക്കുമെന്നതു കണക്കിലെടുത്താല്‍ മൂലധന ചിലവിടലിന് സര്‍ക്കാരിന് മതിയായ പണം ലഭ്യമാകുക എന്നത് രാഷ്ട്രീയമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ജൂണില്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടു ഗഡുക്കളായി മൊത്തം  1.18 ട്രില്യൺ രൂപയുടെ നികുതി വിഹിതം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു. സാധാരണ പ്രതിമാസം 59,140 കോടി രൂപയുടെ ഒറ്റ വിഹിതമാണ് വിതരണം ചെയ്യാറുണ്ടായിരുന്നത്. 

Tags:    

Similar News