സന്ദര്‍ശക വിസകള്‍ വേഗത്തിലാക്കാന്‍ തയാറെടുത്ത് കാനഡ
- സന്ദര്‍ശകരെ കൂടുതലായി ആശ്രയിക്കുന്നതിനാണ് നടപടി
- ടൂറിസം, ഇവന്‍റ്, കോണ്‍ഫറന്‍സ് എന്നിവയ്ക്കായി വരുന്നവര്‍ക്കാണ് മുന്‍ഗണന
;

ചില സന്ദർശക വിസകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കാൻ കാനഡ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. "കാനഡയുടെ ഭാവിക്കായുള്ള ഇമിഗ്രേഷന്‍ സംവിധാനം" എന്ന പേരില്‍ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ടൂറിസം, പ്രധാന സമ്മേളനങ്ങള്‍, ഇവന്‍റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സന്ദര്‍ശക വിസകളുടെ പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സാമ്പത്തികവും ജനസംഖ്യാപരവുമായ പുതിയ ആവശ്യകതകള്‍ക്ക് ചേരുന്ന വിധത്തില്‍ ഇമിഗ്രേഷൻ സംവിധാനത്തെ വിന്യസിക്കാനാണ് കാനഡ ശ്രമിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് പ്രവേശിക്കുന്നവർക്ക് കൂടുതൽ മികച്ച അനുഭവം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലും സേവന നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐആർസിസി.
സന്ദർശക വിസ അപേക്ഷകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, ഭാഗികമായി വിസ നടപടികള്‍ ഒഴിവാക്കി നല്‍കുന്ന രാജ്യങ്ങളുടെ പട്ടിക ജൂണില്‍ കാനഡ വിപൂലീകരിച്ചിരുന്നു. 13 രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തതോടെ ഈ ഇളവ് ലഭിക്കുന്ന രാജ്യങ്ങളുടെ മൊത്തം എണ്ണം 67 ആയി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ വഴി കാനഡയിലെത്താം. ഇതിനുള്ള അപേക്ഷകള്‍ സാധാരണയായി മിനുറ്റുകള്‍ക്കുള്ളില്‍ അംഗീകരിക്കപ്പെടുന്നു.