പവ്വല്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നത് പണപ്പെരുപ്പം കുറയ്ക്കാനുള്ള പ്രതിബദ്ധത

  • നിലവിലെ നയം അത്ര കടുത്തതായി കരുതുന്നില്ലെന്ന് ഫെഡ് ചെയര്‍മാന്‍
  • പണപ്പെരുപ്പത്തിന്‍റെ ഗതി വ്യക്തമായിട്ടില്ലെന്നും നിരീക്ഷണം

Update: 2023-10-20 08:48 GMT

ആഗോള തലത്തില്‍ നിക്ഷേപകര്‍ കാത്തിരുന്ന തന്‍റെ ന്യൂയോര്‍ക്ക് ക്ലബ് പ്രസംഗത്തില്‍ അത്ര വലിയ സൂചനകളൊന്നും യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നല്‍കിയില്ല. എന്നാല്‍, പണപ്പെരുപ്പം 2 ശതമാനത്തിന് അടുത്തേക്ക് എത്തിക്കുന്നതില്‍ തനിക്കും തന്‍റെ ടീമിനുമുള്ള പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചു. സമീപകാലത്ത് പണപ്പെരുപ്പം കുറയുന്നതിന്‍റെ സൂചനകള്‍ ഉണ്ടെന്നത് കണക്കിലെടുക്കുമ്പോഴും വലിയ വെല്ലുവിളിയായി ഇപ്പോഴും പണപ്പെരുപ്പത്തെ കണക്കാക്കുന്നുവെന്ന് പവ്വല്‍ വ്യക്തമാക്കി. 

നവംബറിലെയോ ഡിസംബറിലെയോ യോഗങ്ങളില്‍ നിരക്ക് വര്‍ധനയുണ്ടാകില്ലെന്നു തന്നെയാണ് പവ്വല്‍ സൂചിപ്പിച്ചത്. എന്നാല്‍ നിരക്കുകള്‍ താഴേക്ക് കൊണ്ടുവരുന്നതില്‍ തിടുക്കംകൂട്ടിയുള്ള സമീപനം ഉണ്ടാകാനിടയില്ലെന്നും അതിനു  മുമ്പ് ഇനിയൊരു നിരക്ക് വര്‍ധന ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വിശകലന വിദഗ്ധര്‍ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കുന്നു. 

പണപ്പെരുപ്പം ഇപ്പോഴും വളരെ ഉയർന്നതാണ്. പണപ്പെരുപ്പം സുസ്ഥിരമായി കുറഞ്ഞ് നമ്മുടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിന്റെ തുടക്കം മാത്രമാണ് ഏതാനും മാസങ്ങളിലെ നല്ല ഡാറ്റയിലൂടെ സംഭവിച്ചിരിക്കുന്നത്. വിലക്കയറ്റത്തിന്‍റെ താഴ്ന്ന റീഡിംഗുകള്‍ എത്രകാലം നിലനില്‍ക്കുന്നതാണ് എന്നതില്‍ ഇതുവരെ വ്യക്തതയില്ല," പവ്വല്‍ വിശദീകരിച്ചു. 

"ലക്ഷ്യത്തിലേക്ക് എത്താന്‍ സമയമെടുക്കും. എങ്കിലും, പണപ്പെരുപ്പം സുസ്ഥിരമായി 2 ശതമാനമായി കുറയ്ക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞാനും എന്റെ സഹപ്രവർത്തകരും ഐക്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പലിശ നിരക്ക് അത്ര ഉയര്‍ന്നതല്ല'

ഇപ്പോഴത്തെ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് താൻ കരുതുന്നില്ലെന്നും പവ്വല്‍ പറഞ്ഞു. എന്നിരുന്നാലും, "ഉയർന്ന പലിശ നിരക്ക് എല്ലാവർക്കും ബുദ്ധിമുട്ടാണ്" എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഡാറ്റ വ്യക്തമാക്കുന്നത്, പണപ്പെരുപ്പം ടാർഗെറ്റ് നിരക്കിന് മുകളില്‍ തുടരുന്നുവെങ്കിലും പ്രതിമാസ വർധവിന്‍റെ വേഗം കുറയുന്നു എന്നാണ്. പരമാവധി തൊഴിലവസരവും സ്ഥിരമായ വിലയും എന്ന ഇരട്ട ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റമാണ് ഡാറ്റകള്‍ കാണിക്കുന്നത് എന്ന് പവ്വല്‍ പറയുന്നു. 

ഫെഡറേഷന്റെ ലക്ഷ്യം കൈവരിക്കുന്നതിന് ആത്യന്തികമായി തൊഴിൽ വിപണിയും സാമ്പത്തിക വളർച്ചയും മന്ദഗതിയിലാകേണ്ടതുണ്ടെന്ന് പവൽ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഫെഡറൽ ഉദ്യോഗസ്ഥർ പലിശ നിരക്ക് വർധനയെയാണ് ഒരു പരിധിവരെ ആശ്രയിക്കുന്നത്. 2022 മാർച്ച് മുതൽ ഫെഡ് റിസര്‍ന് 11 തവണ അടിസ്ഥാന പലിശ നിരക്ക് ഉയർത്തി, ബെഞ്ച്മാർക്ക് നിരക്ക് ഏകദേശം 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളത്. 

വിപണികള്‍ നെഗറ്റിവ്

ഫെഡറൽ റിസർവ് ചെയർ ജെറോം പവ്വലിന്‍റെ വാക്കുകള്‍ക്കു പിന്നാലെ ഉയര്‍ന്ന പലിശനിരക്ക് കൂടുതൽ കാലം നിലനിൽക്കുമെന്ന ആശങ്ക നിക്ഷേപകരില്‍ ശക്തമായി. യുഎസ് ട്രഷറി ആദായം കുതിച്ചുയരുകയാണ്. 10 വര്‍ഷ ബോണ്ടുകളിലെ ആദായം ഏകദേശം 5 ശതമാനത്തിന് അടുത്തേക്ക് എത്തിയിട്ടുണ്ട്. മൂന്ന് പ്രമുഖ യുഎസ് ഓഹരി വിപണികളും വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ഇടിവ് നേരിട്ടു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്  250.91 പോയിൻറ് അഥവാ 0.75 ശതമാനം ഇടിഞ്ഞു. എസ്&പി 500 36.6 പോയിൻറ് അഥവാ 0.85 നഷ്ടം നേരിട്ടപ്പോള്‍ നാസ്ഡാക്ക് കോംപോസിറ്റ് 128.13 പോയിന്റ് അഥവാ. 0.96 ശതമാനം ഇടിഞ്ഞു. 

റേറ്റ് സെന്‍സിറ്റിവ് ആയ റിയല്‍ എസ്‍റ്റേറ്റ് മേഖലയിലെ ഓഹരികള്‍ വലിയ ഇടിവ് നേരിട്ടു. എസ്&പി 500ല്‍ 2.4 ശതമാനം ഇടിവാണ് റിയല്‍റ്റി മേഖലയ്ക്ക് ഉണ്ടായത്. ഇന്നത്തെ വ്യാപാരത്തില്‍ ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന കാഴ്ചയാണ് കാണാനാകുന്നത്. 

Tags:    

Similar News