2000 രൂപ നോട്ടുകളുടെ 88% തിരിച്ചെത്തിയെന്ന് ആര്‍ബിഐ

  • തിരിച്ചെത്തിയ നോട്ടുകളുടെ 87 ശതമാനവും നിക്ഷേപങ്ങളിലേക്ക്
  • നിലവിൽ 42000 കോടി രൂപ മൂല്യമുള്ള 2000 നോട്ടുകൾ വിനിമയത്തില്‍
  • 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയിട്ട് 4 വര്‍ഷം

Update: 2023-08-02 05:17 GMT

വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്ന 2000 രൂപ കറൻസി നോട്ടുകളുടെ 88 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. മൊത്തം 3.14 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന നോട്ടുകളാണ് തിരിച്ചെത്തിയത്. മേയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലെ ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പ്രചാരത്തിൽ നിന്ന് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സെപ്തംബർ 30 വരെയാണ് ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മറ്റു കറന്‍സി നോട്ടുകളായി മാറ്റിവാങ്ങിക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ അവസരമുള്ളത്. 

പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം മെയ് 19 വരെയുള്ള കണക്ക് അനുസരിച്ച് 3.56 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് 31ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 3.62 ലക്ഷം കോടി രൂപയായിരുന്നു. നിലവിൽ 42000 കോടി രൂപ മൂല്യമുള്ള 2000 നോട്ടുകൾ പ്രചാരത്തിലുണ്ട്.

പ്രമുഖ ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് തിരിച്ചെത്തിയ നോട്ടുകളുടെ 87 ശതമാനവും നിക്ഷേപങ്ങളിലേക്കാണ് പോയിട്ടുള്ളതെന്ന് ആര്‍ബിഐ അറിയിച്ചു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പൊടുന്നനെ അസാധുവാക്കി സമ്പദ്‌വ്യവസ്ഥയെ ഞെട്ടിച്ച 2016 ലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമാണ് 2016ൽ 2000 രൂപാ നോട്ടുകൾ അവതരിപ്പിച്ചിരുന്നത്.

എന്നിരുന്നാലും,  ഉയർന്ന മൂല്യമുള്ള നോട്ടുകൾ പ്രചാരത്തില്‍ നിന്ന് പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് പിന്നീട് ആര്‍ബിഐ വിശദീകരിച്ചു. കഴിഞ്ഞ നാല് വർഷമായി 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയിട്ടുണ്ടെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News