5000 രൂപ മുടക്കിൽ വീല്‍ ചെയറിലിരുന്ന് ദീജ വെട്ടിപ്പിടിച്ച കിനാക്കളുടെ കഥ

  • ഫെയ്‌സ്ബുക്കിലൂടെ കച്ചവടം തുടങ്ങി ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നിശ്ചയദാര്‍ഢ്യമാണ് ദീജയെന്ന വീല്‍ചെയര്‍ ലേഡി

Update: 2022-12-09 05:10 GMT

വെറും 5000 രൂപ മുതല്‍ മുടക്കില്‍ തുടക്കം. തുടങ്ങി ആറുമാസം കഴിയും മുമ്പ് പ്രളയം. പ്രളയത്തില്‍ വട്ടപ്പൂജ്യത്തിലേക്കുള്ള തകര്‍ച്ച. വീണ്ടും പിച്ചവെച്ചു തുടങ്ങല്‍... മൂന്നു വര്‍ഷം ആവും മുമ്പു തന്നെ 80 ലക്ഷത്തിടുത്ത് വാര്‍ഷിക വരുമാനം. അതിനിടക്ക് അടുത്ത ഭീകരനായ കൊവിഡ്. വീണ്ടും നഷ്ടങ്ങളുടെ പട്ടിക. കൊവിഡിന്റെ അലയൊലികള്‍ കുറഞ്ഞു തുടങ്ങിയിടത്തു നിന്ന് തിരിച്ചുകയറ്റം. വീണ്ടും മാസം അഞ്ചു ലക്ഷത്തോളം ലാഭത്തിലേക്ക്... ചുരുക്കി പറഞ്ഞാല്‍ ഇതാണ് നൈമിത്രയുടെ കഥ. വീല്‍ചെയര്‍ ഉരുട്ടി ദീജ സതീശന്‍ എന്ന തിരുവനന്തപുരത്തുകാരി കിനാക്കള്‍ വെട്ടിപ്പിടിച്ച കഥ. പാകത്തിനുള്ള എരിവും പുളിയും അതോടൊപ്പം ഒരു കുന്നോളം പിരിശവും ചേര്‍ത്ത് കലര്‍പ്പില്ലാതൊരുക്കിയ രുചിക്കൂട്ടിന്റെ കഥ.

ആദ്യം ദീജയില്‍ നിന്ന് ദീജാസ് മുത്താനയിലേക്ക്

തിരുവനന്തപുരം വര്‍ക്കലയിലെ നാട്ടിന്‍പുറമായ മുത്താനയിലാണ് ദീജയുടെ ജനനം. അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്ന കുഞ്ഞിക്കാലുകള്‍ പിച്ചവച്ചു തുടങ്ങിയ ദിവസങ്ങളില്‍ വന്ന ഒരു പനി. ആ പനിച്ചൂടില്‍ നിന്നുണര്‍ന്ന കുഞ്ഞു ദീജയുടെ കാലുകള്‍ പിന്നെ ചലിച്ചില്ല. ദീജയുടെ കുഞ്ഞിക്കാലുകള്‍ക്കൊപ്പം തളര്‍ന്നത് അച്ഛനും അമ്മയും കൂടിയായിരുന്നു. പിന്നെ ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലെന്ന് അവരങ്ങുറപ്പിച്ചു. പതിയെ പതിയെ അവര്‍ അവള്‍ക്ക് കരുത്തായി. ആ കരുത്തില്‍ ഇരുണ്ടു പോയേക്കാവുന്ന ഒരു ജീവിതത്തില്‍ നിന്ന് അവള്‍ നടന്നു തുടങ്ങി. പ്രതീക്ഷയുടെ പുതിയ പച്ചപ്പുകളിലേക്ക്.

മൊഞ്ചേറുന്ന ആഭരണങ്ങള്‍ കോര്‍ത്തു കോര്‍ത്താണ് ചക്രക്കസേരക്കരുത്തുമായി കിനാക്കളിലേക്ക് ദീജ നടന്നു തുടങ്ങിയത്. സമപ്രായക്കാരെ പോലെ നാട്ടിലൊക്കെ കറങ്ങാനും ആഘോഷിക്കാനും ആശയുണ്ടായിരുന്നു ദീജക്ക്. ഒരാളുടെ സഹായമില്ലാതെ ഒന്നും നടക്കില്ല. ഇത് ഇടക്ക് വല്ലാത്ത നിരാശയുണ്ടാക്കും. ഒന്നിനും കൊള്ളാത്തൊരു ഉടലെന്ന സങ്കടമങ്ങനെ കൊളുത്തി വലിക്കുമ്പോഴാണ് ഒരു വഴിത്തിരിവായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥനെത്തുന്നത്. ആഭരണ നിര്‍മാണ രംഗത്തെ സാധ്യതകള്‍ അയാള്‍ ദീജക്ക് പറഞ്ഞു കൊടുത്തു. പഠിപ്പിക്കാന്‍ ഒരാളേയും ഏര്‍പാടാക്കി. മാലയും വളയും ബ്രേസ്‌ലറ്റും... അങ്ങനെ ഒത്തിരി ആഭരണങ്ങള്‍ ദീജയുടെ കരവിരുതിന്റെ ചേലറിഞ്ഞു.




 അതിനിടെ, വീടുമാറ്റം. വഴി സൗകര്യമുള്ള വീട്ടിലേക്കുള്ള മാറ്റം പക്ഷേ, കുടുംബത്തിന്റെ നട്ടെല്ലൊടിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അച്ഛന് തുണയാവണം എന്നൊരു ആശ വല്ലാത്ത നോവായിത്തുടങ്ങി ദീജക്ക്. ആ നോവില്‍ ഒരു ആശ്വാസമായി മാമന്റെ മകന്‍ തുറന്നു കൊടുത്ത വഴിയായിരുന്നു 'ദീജാസ് മുത്താന' എന്ന ഫേസ്ബുക്ക് പേജ്. ആഭരണങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ പണിപെട്ടിരുന്ന ദീജക്ക് നല്ലൊരു കച്ചിത്തുരുമ്പായി അത്. അങ്ങനെയൊക്കെ ആയാലും തനിക്കൊപ്പം ഉരുളുന്ന ചക്രങ്ങള്‍ ഒരു കുറവായി അവരെ പിന്തുടര്‍ന്നു.

കെണിയിലാക്കിയ കടം..

2015 ല്‍ ഒരു വലിയ സാമ്പത്തിക ബാധ്യത വന്നു. എന്ത് ചെയ്യണമെന്നറിയില്ല. ഇരിക്കുന്ന കിടപ്പാടം പോലും നഷ്ടമാവുന്ന അവസ്ഥയായി. അച്ഛനും അമ്മയും ചേച്ചിയും ഞാനും അടങ്ങുന്നതാണ് കുടുംബം. ചേച്ചി വിവാഹിതയാണ്. അച്ഛന്‍ രോഗിയും. പിന്നെ കുടുംബം നോക്കേണ്ട ചുമതല തന്റേതാണല്ലോ. ഈ വലിയ കടം എങ്ങനെ വീട്ടുമെന്നൊരു പ്രയാസത്തില്‍ കഴിയുമ്പോഴാണ് ദൈവം എത്തിച്ചെന്ന പോലെ നൗഷാദ് ഖാന്‍ തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയ കൂട്ടായ്മ വഴി നേരത്തെ പരിചയമുണ്ടായിരുന്നു. അന്ന് സൗദിയിലായിരുന്നു ഇക്ക. ആദ്യമേ മറ്റേതെങ്കിലും മേഖലയിലേക്ക് തിരിയാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്തെങ്കിലും ഫുഡ് ഐറ്റം പരീക്ഷിച്ചൂടേ എന്നായിരുന്നു ചോദ്യം. പണമില്ലെന്നും ആരുടേയും ഔദാര്യം വാങ്ങാന്‍ ഇഷ്ടമില്ലെന്നുമായി ഞാന്‍. കടമായി കിട്ടിയാല്‍ നന്നായിരുന്നു എന്നും അദ്ദേഹത്തോട് പങ്കുവെച്ചു. അന്ന് നൗഷാദ്ക്ക ഒരു 5000 രൂപ തന്നു. ആ 5000വും കൈയില്‍ പിടിച്ചാണ് പുതിയ രുചി തീര്‍ക്കാന്‍ ഇറങ്ങിയത്. അപ്പോള്‍ നിയമങ്ങളുടെ നൂലാമാലകള്‍. ഒരു മാസത്തോളം അതിന്റെ പിറകെ.

നൈമിത്ര അഥവാ പുതിയ മിത്രം

താനും നൗഷാദ്ക്കയും കൂടി ഉല്‍പ്പന്നത്തിന് ഒരു പുതിയ പേര് കണ്ടെത്തി. പേര് വ്യത്യസ്തമാവണം എന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നിര്‍ബന്ധമായിരുന്നു. നൈമിത്ര. പുതിയ മിത്രം എന്നാണ് നൈമിത്രയുടെ അര്‍ഥവും. ഒരാളുടെ വയറു മാത്രമല്ല മനസ്സും നിറക്കുമല്ലോ രുചി. അങ്ങനെ 2018 ജനുവരി 15ാം തീയതി തിരുവനന്തപുരം വര്‍ക്കല മുത്താനയിലെ എന്റെ കുഞ്ഞു വീട്ടില്‍ മസാലക്കൂട്ടുകള്‍ക്കൊപ്പം സ്‌നേഹക്കൂട്ടും ചേര്‍ത്ത് 'നൈമിത്ര ദ ഹേര്‍ട്ട് ഓഫ് ടേസ്റ്റി'ന് തുടക്കമായി. ആദ്യം അച്ചാറുകള്‍. ഫേസ്ബുക്ക് വഴിയും മറ്റും വില്‍പ്പന. പതുക്കെ പതുക്കെ തന്റെ രുചിക്കൂട്ടിനെ കുറിച്ച് നാടറിയാന്‍ തുടങ്ങി.


 



ഇടിത്തീയായി പ്രളയം

അതിനിടെ 2018ല്‍ പ്രളയം വന്നു. ഉണ്ടാക്കി വെച്ച സാധനങ്ങള്‍ മുഴുവന്‍ നശിച്ചു. നൗഷാദ്ക്ക എവിടെ നിന്നൊക്കെയോ കടം വാങ്ങിയ പണവും സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ സംഘടിപ്പിച്ച ലോണും എല്ലാം കൂടി അഞ്ചു ലക്ഷത്തോളം നഷ്ടമായി. നഷ്ടങ്ങള്‍ പക്ഷേ, തളര്‍ത്തിയില്ല. പകരം കൂടുതല്‍ കരുത്തോടെ മുന്നോട്ടുവന്നു. പിന്നെ ഒന്നീന്നു തുടങ്ങാനുള്ള ഓട്ടമായി.

പൂത്തും തളിര്‍ത്തും ഫലം തന്ന രണ്ടോളം വര്‍ഷങ്ങള്‍

പിന്നീടങ്ങോട്ട് നൈമിത്രക്ക് നല്ലകാലമായിരുന്നു. വര്‍ഷം 80 ലക്ഷത്തോളം വരുമാനം വരുന്ന അവസ്ഥ എത്തി. തിരുവനന്തപുരത്ത് ഒരു ഔട്ട്‌ലെറ്റ് തുടങ്ങി. കേരളത്തിന് പുറത്ത് മറ്റു സംസ്ഥനങ്ങളിലൊക്കെ ആവശ്യക്കാരായി. ആര്‍മി ക്യാംപുകളില്‍ വരെ നൈമിത്ര ചെന്നെത്തി. പിന്നെ ഹോസ്റ്റലുകളിലും മറ്റുമുള്ള കുട്ടികള്‍ക്ക്. മാധ്യമങ്ങളിലൊക്കെ വന്നതും സഹായകമായി.

കൂനിന്‍മേല്‍ കുരു പോലെ കൊവിഡ്

അങ്ങനെ പച്ചപിടിച്ചു വരുന്നതിനിടെയാണ് കൊവിഡ് വന്നത്. ഇത് വീണ്ടും കച്ചവടത്തെ വല്ലാതെ തളര്‍ത്തി. കച്ചവടം പിന്നേയും താഴേക്കു പോയി. അതിനിടക്ക് തങ്ങളുടെ സ്ഥിരം ഉപഭോക്താവും സുഹൃത്തുമായ എറണാകുളത്തുള്ള പ്രദീപ് കുമാറും മറ്റു ചിലരും നൈമിത്രയെ ഒരു കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തി. നൈമിത്ര ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായി രജിസ്റ്റര്‍ ചെയ്തു.

ഇപ്പോള്‍ പതിയെ വീണ്ടും പൂര്‍വ്വാവസ്ഥയിലേക്ക് നടന്നുകയറുകയാണ് നൈമിത്ര. വര്‍ഷത്തില്‍ 50 ലക്ഷമൊക്കെ ഇപ്പോള്‍ വരുമാനമുണ്ട്. മാസം അഞ്ചു ലക്ഷം വരെയൊക്കെ കിട്ടാറുണ്ട് പലപ്പോഴും.

കുറച്ചു നാരങ്ങാ അച്ചാറില്‍ തുടങ്ങിയ നൈമിത്ര ഇപ്പോള്‍ വെജും നോണ്‍വെജുമായി വിവിധ തരം അച്ചാറുകള്‍, ചമ്മന്തിപ്പൊടികള്‍, പുട്ടുപൊടി, അവലോസു പൊടി തുടങ്ങിയവയെല്ലാം ഉണ്ടാക്കുന്നുണ്ട്. ഫേസ്ബുക്ക് വഴിയാണ് കച്ചവടം കൂടുതല്‍ നടക്കുന്നത്. പരിചയമുള്ളവര്‍ ഓര്‍ഡര്‍ നല്‍കുന്നു. അതനുസരിച്ച് എത്തിക്കുന്നു. കൊറിയറായും എത്തിച്ചു കൊടുക്കും. യാതൊരു കെമിക്കലുമില്ലാത്താണ് നൈമിത്രയുടെ ഉല്‍പ്പന്നങ്ങള്‍.

ഞാനൊരു സ്ത്രീ സംരംഭകയാണ്, ഒരു വീല്‍ചെയര്‍ ലേഡിയാണ്. സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കേണ്ടവളാണ് എന്നൊക്കെയുള്ള ബോധ്യം തനിക്ക് ഉണ്ടാക്കി തന്നത് നൈമിത്രയാണെന്ന് ദീജ അഭിമാനത്തോടെ പറയുന്നു.




ഒരു നല്ല സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് ദീജ. സേവനരംഗത്ത് തന്നെക്കൊണ്ടാവും പോലെ സജീവമാണിവര്‍. ഓണ്‍ലൈനിനപ്പുറത്ത് ഓഫ്‌ലൈനിലും നൈമിത്ര മിന്നിത്തിളങ്ങണമെന്നതാണ് ദീജയുടെ കുഞ്ഞു വലിയ മോഹം. എല്ലാ വീടുകളിലും നൈമിത്രയുടെ ഒരു ഉല്‍പ്പന്നമെങ്കിലും എത്തിക്കണം. മാത്രമല്ല കടലും കടന്നു പോവണം നൈമിത്രയുടെ പേര്. അതിനായി നൈമിത്രയെ പൊതുവിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ദീജ.

Tags:    

Similar News