പോര്‍ഷെ,സമാനതകളില്ലാത്ത ഡിസൈൻ

ആ ലോഗോ പ്രതിനിധീകരിക്കുന്നത് സ്വതന്ത്രജനതയുടെ രാഷ്ട്രത്തിന്റെ ചിഹ്നം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ലോകമഹായുദ്ധകാലത്ത് പിറവികൊണ്ട ഒരു കാര്‍ കമ്പനിക്ക് മറ്റൊരു ലോഗോയെ കുറിച്ച് ചിന്തിക്കാനാവുന്നതെങ്ങനെ.

Update: 2022-01-11 01:44 GMT

ഒരു കമ്പനിയുടെ ആവശ്യം നിരസിച്ചതിനു ശേഷം പിന്നീട് അവരെ തന്നെ അതേ ആവശ്യത്തിന് ആശ്രയിക്കുക. അതും ഹിറ്റ്‌ലറുടെ നാസി ഭരണകൂടം പോര്‍ഷെ എന്ന കാര്‍ നിര്‍മാതാക്കളെയാണ് വാശിവെടിഞ്ഞ് ഹിറ്റലറുടെ ഭരണകൂടം സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കാനായി 1939 ല്‍ ആശ്രയിച്ചത്. നാല് വര്‍ഷം മുമ്പ് പോര്‍ഷെയുടെ സ്‌പോട്‌സ് കാര്‍ നിര്‍മിക്കാനുള്ള അപേക്ഷ നിഷ്‌കരുണം തള്ളികളഞ്ഞവരായിരുന്നു നാസികള്‍. പക്ഷെ റോമിലെ ഓട്ടോ യൂണിയന്‍ ഗ്രാന്റ് പ്രിക്‌സ് വിജയിക്കാന്‍ പോന്ന കരുത്തേറിയ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കാന്‍ പോര്‍ഷേയെക്കാള്‍ ശക്തര്‍ വേറെയില്ലെന്ന തിരിച്ചറിവാണ് പോര്‍ഷെയെ തിരിച്ചുവിളിക്കാന്‍ ഹിറ്റ്‌ലറിനെ നിര്‍ബന്ധിതനാക്കിയത്.

പോര്‍ഷെ 356 എന്ന മോഡല്‍ കാര്‍ നിര്‍മിച്ചുകൊണ്ട് 1948 ലാണ് പോര്‍ഷെ ഔദ്യോഗികമായി കമ്പനിയായി ആരംഭിക്കുന്നതെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം 1930 കളുടെ ആരംഭത്തില്‍ തന്നെ തുടങ്ങിയിരുന്നു. സ്ഥാപകനായ പ്രൊഫസര്‍ ഫെര്‍ഡിനാഡ് പോര്‍ഷെയുടെ മകന്റെ ബെഡ് റൂമിലൊരുക്കിയ ഡ്രോയിംഗ് ബോര്‍ഡിലാണ് പോര്‍ഷെ ആദ്യത്തെ എഞ്ചിന്‍ വരച്ച് തയ്യാറാക്കിയത്. ഡീസല്‍, ഗ്യാസ് എഞ്ചിനുകളുടെ ക്രോസായ ഹെസ്സല്‍മാന്‍ എഞ്ചിന്‍ നിര്‍മിച്ചുകൊണ്ടാണ് പോര്‍ഷെ ഓട്ടോമൊബൈല്‍ രംഗത്തേക്ക് കടന്നുവന്നത്. ലക്ഷ്വറി രംഗത്ത് തിളങ്ങി നിന്ന ഫോക്‌സ്‌വാഗനില്‍ നിന്ന് വ്യത്യസ്തമായി
സാധാരണക്കാരന് പ്രാപ്യമായ ചെറുകാര്‍ എന്നതായിരുന്നു ആദ്യകാലത്തെ പോര്‍ഷെ കണ്ട സ്വപ്നം. എന്നാല്‍ സമ്പൂര്‍ണ കാര്‍ നിര്‍മാണമെന്നതില്‍ നിന്ന് വ്യത്യസ്ഥമായി മറ്റ് നിര്‍മാതാക്കള്‍ക്ക് സാങ്കേതിക സഹായം നല്‍കുകയെന്നതായിരുന്നു ഫെര്‍ഡിനാഡിന്റെ ലക്ഷ്യം. എന്നാല്‍ 1948ല്‍ സ്വന്തമായി കാര്‍ നിര്‍മാണത്തിലേക്ക് പോര്‍ഷെ കടന്നു. പോര്‍ഷെ 356 നു ശേഷം 1952 ല്‍ പുറത്തിറക്കിയ പോര്‍ഷെ 550 സ്‌പൈഡര്‍ എന്ന മോഡല്‍ വന്‍വിജയമായി.

നൂതനവും മനോഹരവുമായ ഓട്ടോമൊബൈല്‍ ഡിസൈനുകള്‍ക്ക് എന്നും എതിരാളികളില്ലാത്ത മോഡലുകളാണ് പോര്‍ഷെയുടേത്. 1964 ല്‍ നിര്‍മ്മിച്ച പോര്‍ഷെ 911, ലോകത്തിലെ ഏറ്റവും പ്രശസ്തമായ മോഡലുകളില്‍ ഒന്നാണ്. മികച്ച പ്രകടനത്തിനും സുരക്ഷയ്ക്കും പേരുകേട്ട വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും നിലവിലെ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിനും ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും അത്യാധുനിക സംവിധാനങ്ങളാണ് കമ്പനിക്കുള്ളത്. വ്യത്യസ്ത വാല്‍വുകളും സിലിണ്ടര്‍ ഹെഡുകളും ഉപയോഗിച്ച് യൂട്ടിലിറ്റേറിയന്‍ ഫോക്സ്വാഗണ്‍ എഞ്ചിന്റെ ശേഷി വിപുലപ്പെടുത്തുകയും ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്ന പുതിയ സംവിധാനം ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് പോര്‍ഷെയുടെ റേസിംഗ് കാര്‍ കമ്പനി സജ്ജമാക്കിയത്.

പോര്‍ഷെ സ്പോര്‍ട്സ് കാറിന്റെ പ്രോട്ടോടൈപ്പ് 1948 മാര്‍ച്ചോടെ നിരത്തിലിറങ്ങി. വര്‍ഷാവസാനത്തോടെ ചെറിയ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുകയും ചെയ്തു.
അഞ്ചു കാറുകള്‍ വരെയായിരുന്നു ആദ്യ വര്‍ഷത്തെ ലക്ഷ്യം.

10,000 പോര്‍ഷെ കാര്‍ നിരത്തിലിറക്കിയാണ് 1956 മാര്‍ച്ചില്‍ കമ്പനി തങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. 1950 കളില്‍ നിര്‍മ്മിച്ച പോര്‍ഷെ കാറുകളില്‍ 70 ശതമാനത്തോളവും വിദേശത്തുള്ള ഉപഭോക്താക്കള്‍ക്കായി നിര്‍മ്മിച്ചവയായിരുന്നു. സ്‌പോര്‍ട്‌സ് കാര്‍ റേസുകളിലും പോര്‍ഷെ സജീവമായിരുന്നു. 1954 നും 1956 നും ഇടയില്‍ മാത്രം 400 അന്താരാഷ്ട്ര മോട്ടോര്‍ റേസുകളിലാണ് പോര്‍ഷെ കാറുകള്‍ വെന്നിക്കൊടി പാറിച്ചത്.

24 മണിക്കൂര്‍ ലെമാന്‍സ്, 24 മണിക്കൂര്‍ ഡേടോണ റേസുകളില്‍ മറ്റേതൊരു ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളേക്കാളും കൂടുതല്‍ വിജയങ്ങള്‍ പോര്‍ഷെ സ്വന്തമാക്കിയതില്‍ അതിശയിക്കാനില്ല എന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ അവകാശപ്പെടുന്നത്. 1997 ല്‍ കമ്പനി പുതുതായി രൂപകല്‍പ്പന ചെയ്ത, കുറഞ്ഞ വിലയുള്ള സ്പോര്‍ട്സ് കാറായ ബോക്സ്സ്റ്റര്‍ വന്‍ വിജയമായിരുന്നു. സബ്-അര്‍ബന്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ 1998 ലാണ് ഫോക്സ്വാഗനുമായി ചേര്‍ന്ന് നടത്തുന്നത്.

1970 കളില്‍, പോര്‍ഷെയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ വിപണികളിലൊന്ന് ജപ്പാനായിരുന്നു. ജപ്പാന്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഗണ്യമായ വില്‍പ്പന വര്‍ധനവിന് കാരണമായത്. ജപ്പാനോടൊപ്പം ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും പോര്‍ഷെയുടെ പ്രധാന വിപണിയായി.

ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി, 1992 ല്‍ ഒട്ടേറെ മാറ്റങ്ങള്‍ കമ്പനി കൊണ്ടുവന്നു. കമ്പനിയുടെ ഉല്‍പ്പന്ന നിരയിലെ ബലഹീനതകള്‍ പരിഹരിച്ചുകൊണ്ട്, Wiedeking പോര്‍ഷെ 911 ന്റെ ഒരു നവീകരിച്ച മോഡല്‍ കമ്പനി വിപണിയിലെത്തിച്ചു. പുതിയ രണ്ട് സീറ്റുള്ള സ്‌പോര്‍ട്‌സ് കാര്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നത് ഈ കാലയളവിലാണ്.

1996 ല്‍ ആണ് പുതിയ മിഡ്-എഞ്ചിന്‍ കാര്‍ ആയ ബോക്സ്സ്റ്ററിന്റെ ഉല്‍പ്പാദനം ആരംഭിച്ചത്. ഇടയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി ഫ്രണ്ട് എഞ്ചിന്‍ മോഡലുകളായ 928, 944, 968 എന്നിവയുടെ ഉത്പാദനം നിര്‍ത്തി വച്ച് പ്രതിസന്ധിയെ മറികടന്നു. 2010 ല്‍ പോര്‍ഷെ Cayenne S എന്ന ഹൈബ്രിഡ് കാറും Panamera S എന്ന ഹൈബ്രിഡ് സീരീസില്‍ 2014 ല്‍ Porsche 918 സ്പോര്‍ട്സ് കാറും
പുറത്തിറക്കി. Panamera S E-Hybrid എന്ന പേരില്‍ ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ 2013 ഒക്ടോബറില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും, ഇന്ത്യയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും കമ്പനി എത്തിച്ചു. 2011 ല്‍ ബോക്സ്റ്റര്‍ ഇ എന്ന പ്രോട്ടോടൈപ്പ് ഇലക്ട്രിക് ബോക്സ്സ്റ്ററും, 2010-ല്‍ വില്യംസ് ഗ്രാന്‍ഡ് പ്രിക്സ് എഞ്ചിനീയറിംഗുമായി ചേര്‍ന്ന് വികസിപ്പിച്ച 911-ന്റെ ഹൈബ്രിഡ് പതിപ്പായ GT3 R യും വികസിപ്പിച്ചെടുത്തു. ഇതും വിപണിയില്‍ നല്ല ശ്രദ്ധ പിടിച്ചു പറ്റി. 2014 ജൂലൈയില്‍ പോര്‍ഷെ പ്ലഗ്-ഇന്‍ ഹൈബ്രിഡായ കയെന്‍ എസ് ഇ-ഹൈബ്രിഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചതോടെ മൂന്ന് പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളുള്ള ആദ്യത്തെ വാഹന നിര്‍മ്മാതാവായി പോര്‍ഷെ മാറി.

2017 ജൂലൈയില്‍, പോര്‍ഷെ അതിന്റെ ആദ്യത്തെ 350 kW, 800V ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചു. വരാനിരിക്കുന്ന പോര്‍ഷെ മിഷന്‍ E യുടെ ഭാഗമായി വിപണിയിലെത്തിയേക്കാവുന്ന വാഹനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. 2017-ലെ കണക്കനുസരിച്ച്, പോര്‍ഷെ ചാര്‍ജിംഗ് സ്റ്റേഷന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനാണ്. ഒരു പോര്‍ഷെ മിഷന്‍ E 15 മിനിറ്റിനുള്ളില്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. പോര്‍ഷെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമാക്കാന്‍ മറ്റ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് പോര്‍ഷെ പ്രവര്‍ത്തിക്കുന്നുണ്ട്. 2018 ഓഗസ്റ്റില്‍, മിഷന്‍ ഇ- ഇലക്ട്രിക് കാറിന് 'കുതിച്ചുകയറുന്ന കുതിര' എന്നര്‍ത്ഥം വരുന്ന 'ടെയ്കാന്‍' എന്ന് പേരിടുമെന്ന് പോര്‍ഷെ പ്രഖ്യാപിച്ചിരുന്നു.

പോര്‍ഷെയുടെ ലോഗോ ഇന്ന് ആഢംബരത്തിന്റെ ചിഹ്നമായാണ് പരിഗണിക്കുന്നതെങ്കിലും ആ ലോഗോ പ്രതിനിധീകരിക്കുന്നത് സ്വതന്ത്രജനതയുടെ രാഷ്ട്രത്തിന്റെ ചിഹ്നം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ലോകമഹായുദ്ധകാലത്ത് പിറവികൊണ്ട ഒരു കാര്‍ കമ്പനിക്ക് മറ്റൊരു ലോഗോയെ കുറിച്ച് ചിന്തിക്കാനാവുന്നതെങ്ങനെ.

Tags:    

Similar News