10 ലക്ഷം ഇ- സ്കൂട്ടറുകൾ,വിപണി പിടിക്കാൻ ഹീറോ ഇലക്ട്രിക്
രാജസ്ഥാനിൽ 1200 കോടി രൂപ മുതൽ മുടക്കിൽ, വർഷത്തിൽ 20 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയുള്ള നിർമാണ യുണിറ്റ് തുടങ്ങുന്നതിനും പദ്ധതിയുണ്ട്.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, ഇന്ത്യയിലെ നിർമാണ യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹീറോ ഇലക്ട്രിക്. കമ്പനി അവരുടെ മൂന്നു ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഏറ്റവും പുതിയ മോഡലുകൾ പുറത്തിറക്കിയ ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ഈ മോഡലുകൾക്ക് 85,000 രൂപ മുതൽ 1,03,000 രൂപ വരെയാണ് വില. ഒപ്റ്റിമ സിഎക്സ് 5.0 (ഡ്യൂവൽ ബാറ്ററി ), ഒപ്റ്റിമ സിഎക്സ് 2.0 (സിംഗിൾ ബാറ്ററി), എൻവൈഎക്സ് (ഡ്യൂവൽ ബാറ്ററി) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.
രാജസ്ഥാനിൽ 1200 കോടി രൂപ മുതൽ മുടക്കിൽ, വർഷത്തിൽ 20 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയുള്ള നിർമാണ യുണിറ്റ് തുടങ്ങുന്നതിനും പദ്ധതിയുണ്ട്. വർധിച്ചു വരുന്ന രാജ്യത്തെ ഇലട്രിക് വാഹനങ്ങൾക്കായുള്ള ഡിമാൻഡ് പൂർത്തീകരിക്കുന്നതിന് കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും, അതിനാൽ പ്രതിവർഷം കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ നിന്ന് ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്നവെന്നും ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജൽ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 2.5 ലക്ഷമായി ഉയർത്താനും പദ്ധതിയുണ്ട്.
നിലവിൽ രാജ്യത്ത് ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ് ഉള്ളതെന്നും, കമ്പനിക്ക് കുത്തനെയുള്ള വളർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ലുധിയാനയിൽ കമ്പനിയുടെ പുതിയ ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. കൂടാതെ മധ്യപ്രദേശിലെ പിതംപുരയിൽ മഹീന്ദ്ര ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ 5 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയുള്ള മറ്റൊരു നിർമാണ യൂണിറ്റുമുണ്ട്.
ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ 15 വർഷത്തിനിടക്ക് കമ്പനി ഏകദേശം 6 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.