ഹജ്ജ് തീർത്ഥാടനം; മലേഷ്യയുമായി ചര്‍ച്ച നടത്തി വി മുരളീധരനും സ്മൃതി ഇറാനിയും
- തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും
സൗദി അറേബ്യയുമായി ഹജ്ജ് കരാറില്‍ ഒപ്പിടുന്നതിനു മുന്നോടിയായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ തുര്‍ക്കി, മലേഷ്യ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തി.
കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ആഭ്യന്തര, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരാണ് തുര്‍ക്കിയിലെ ഡയറക്ടറേറ്റ് ഓഫ് റിലീജിയസ് അഫയേഴ്‌സ് പ്രസിഡന്റ് ഡോ. അലി എര്‍ബാസ്, മലേഷ്യൻ പ്രധാനമന്ത്രിയുടെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള (ഇസ്ലാമിക് അഫയേഴ്‌സ്) മന്ത്രി ഡോ.നാ ഇം ബിന്‍ എച്ച്‌ജെ മോക്താര്‍ എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.
രണ്ട് വ്യത്യസ്ത കൂടിക്കാഴ്ചകളും സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ച് ഒപ്പിടേണ്ട 2024 ഹജ്ജ് കരാറുമായി ബന്ധപ്പെട്ടായിരുന്നു.
തടസങ്ങളില്ലാതെ സേവനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ സംരംഭങ്ങളുടെ സാധ്യത, തീര്‍ഥാടകര്‍ക്ക് ഉറപ്പുള്ളതും വിശ്വസനീയവുമായ മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും അവ മെച്ചപ്പെടുത്തുകയും ചെയ്യുക, പ്രത്യേകിച്ച് വനിതാ തീര്‍ഥാടകരുടെ പരിചരണത്തിനും സൗകര്യത്തിനും വേണ്ടി സ്വീകരിച്ച നടപടികള്‍ എന്നിവ പ്രത്യേകം ചര്‍ച്ച ചെയ്തു.