ജെം ആന്‍ഡ് ജ്വല്ലറി മേളയ്ക്ക് കൊച്ചിയില്‍ തുടക്കം

  • മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാര മേളയില്‍ ആഭരണ നിര്‍മ്മാണ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളും കലാ വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കും

Update: 2022-12-12 11:45 GMT

എറണാകുളം: പതിനഞ്ചാമത് കേരള ജെം ആന്‍ഡ് ജ്വല്ലറി മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി. കൊച്ചി ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് മേള. രാജ്യത്തെ പലയിടങ്ങളില്‍ നിന്നായി ആഭരണ ആര്‍ട്ടിസ്റ്റുകളും ഉത്പാദകരും വ്യാപാരികളും കയറ്റുമതിക്കാരും ജ്വല്ലറി സാങ്കേതികവിദ്യാ വിദഗ്ധരും മേളയില്‍ പങ്കെടുക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാര മേളയില്‍ ആഭരണ നിര്‍മ്മാണ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളും കലാ വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കും.

എഒജെ മീഡിയ, ജ്വല്ലറി വ്യാപാര കണ്‍സള്‍ട്ടേഷന്‍ രംഗത്ത് പ്രശസ്തമായ പിവിജെ എന്‍ഡേവേഴ്‌സ്, പ്രശസ്ത എക്‌സിബിഷന്‍ സംഘാടകരായ കെഎന്‍സി സര്‍വ്വീസസ് എന്നിവരാണ് മേളയുടെ സംഘാടകര്‍. വിവിധ സംസ്ഥാനങ്ങളിലെ ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയും മേളയ്ക്കുണ്ട്.

ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലിയാണ് മേള ഉദ്ഘാടനം ചെയ്തത്. കെജിജെഎസ് ഡയറക്ടറും പിവിജെ എന്‍ഡവേഴ്‌സ് ചെയര്‍മാനുമായ പി.വി. ജോസ്, കെജിജെഎസ് പാര്‍ട്ണര്‍മാരായ സുമേഷ് വദേര, ക്രാന്തി നഗ്വേക്കര്‍, നാഷണല്‍ ജെ ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജ്വല്ലറിരംഗത്തെ ഏറ്റവും വലിയ വ്യാപാര മേളയില്‍ പരമ്പരാഗത ആഭരണങ്ങളുടെ വിപണിസാധ്യതകള്‍ കണ്ടെത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനത്തിനുമാത്രമായി ഇറുന്നൂറോളം സ്റ്റാളുകളാണ് മേളയില്‍ സജ്ജമാക്കിയിരിക്കുന്നത്. മൊത്തം മുന്നൂറോളം സ്റ്റാളുകള്‍ ഇവിടെയുണ്ട്.

കേരളത്തിന്റെ തനതായ ആഭരണങ്ങള്‍ കൂടാതെ റോസ് ഗോള്‍ഡ്, പിങ്ക് ഗോള്‍ഡ്, വൈറ്റ് ഗോള്‍ഡ് ആഭരണങ്ങള്‍, പ്ലാറ്റിനം ജ്വല്ലറി, വിവിധയിനം രത്‌നാഭരണങ്ങള്‍, അണ്‍കട്ട് ഡയമണ്ട്, നവരത്‌ന, കുന്ദന്‍, രാജ്‌കോട്ട്, കുവൈറ്റ് ഡിസൈന്‍ ആഭരണങ്ങള്‍, ലൈറ്റ് വെയ്്റ്റ് കലക്ഷനുകള്‍, മോള്‍ഡിംഗ്, സെമി ടര്‍ക്കിഷ്, സെമി ബോംബെ, സിഎന്‍സി, ലേസര്‍ കട്ടിംഗ് ആഭരണങ്ങള്‍ തുടങ്ങിയവയും, നിര്‍മ്മാണ സാമഗ്രികളുടെയും യന്ത്രങ്ങളുടെയും പ്രത്യേക സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും, യുഎഇ, കുവൈറ്റ് ,ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ മേളയില്‍ എത്തിയിട്ടുണ്ട്.

Tags:    

Similar News