പയര്‍വര്‍ഗങ്ങളില്‍ വിലക്കയറ്റം; സ്റ്റോക്ക് പരിധിയുമായി കേന്ദ്രം

  • ഉഴുന്ന്, തുവരപ്പരിപ്പ്് എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി
  • ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ ഇത് ബാധകമായിരിക്കും
  • ഒരു മാസത്തില്‍ കൂടുതല്‍ ഇറക്കുമതിക്കാര്‍ സ്റ്റോക്ക് സൂക്ഷിക്കരുത്

Update: 2023-06-03 09:42 GMT

പൂഴ്ത്തിവെയ്പ്പും അശാസ്ത്രീയമായ ഊഹക്കച്ചവടവും തടയുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി തുവരപ്പരിപ്പിനും ഉഴുന്നിനും കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി.

ഈ ആഴ്ചയില്‍ ഉഴുന്ന്, തുവരപ്പരിപ്പ്് എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ഉപഭോക്തൃകാര്യ, ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് ചില്ലറ വ്യാപാരികള്‍, വന്‍കിട ചില്ലറ വ്യാപാരികള്‍ ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കുള്ള ഈ പയറു വര്‍ഗങ്ങളുടെ സ്റ്റോക്ക് പരിധികള്‍ ഉടനടി പ്രാബല്യത്തില്‍ വരും.

ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ ഇത് ബാധകമായിരിക്കും.

ഈ വര്‍ഷം ആദ്യം മുതല്‍ രണ്ട് ഉല്‍പ്പന്നങ്ങളുടെയും വില ഉയര്‍ന്നിരുന്നു. ഇത് മുഴുവന്‍ എല്ലാ പയര്‍ വര്‍ഗങ്ങളുടെയും വിലയെ സ്വാധീനിച്ചു.

പ്രതീക്ഷിച്ചതിലും കുറഞ്ഞ വരവ്, നല്ല ഡിമാന്‍ഡ് എന്നിവ വിലയെ സമ്മര്‍ദ്ദത്തിലാക്കുന്നു.

2024 മാര്‍ച്ച് വരെ സീറോ ഡ്യൂട്ടിയില്‍ രണ്ട് ചരക്കുകളുടെയും ഇറക്കുമതി സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുമുണ്ട്. കസ്റ്റംസ് ക്ലിയറന്‍സ് തീയതി മുതല്‍ 30 ദിവസത്തിനപ്പുറം ഇറക്കുമതിക്കാര്‍ സ്റ്റോക്ക് സൂക്ഷിക്കരുത് എന്ന നിര്‍ദ്ദേശവും വന്നു കഴിഞ്ഞു.

ബന്ധപ്പെട്ട പോര്‍ട്ടലില്‍ എല്ലാവരും സ്റ്റോക്ക് പൊസിഷന്‍ പ്രഖ്യാപിക്കണം.അവരുടെ കൈവശമുള്ള സ്റ്റോക്കുകള്‍ നിശ്ചിത പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ അവര്‍ 30 ദിവസത്തിനുള്ളില്‍ അത് നിശ്ചിത പരിധിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഓരോരുത്തര്‍ക്കും സൂക്ഷിക്കാവുന്ന സ്‌റ്റോക്കിന്റെ പരിധി വിശദീകരിച്ചിട്ടുമുണ്ട്.

അത് മൊത്തക്കച്ചവടക്കാര്‍ക്ക് 200 മെട്രിക് ടണ്‍ ആയിരിക്കും. വന്‍കിട ചില്ലറ വ്യാപാരികള്‍ക്ക് ഓരോ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിലും അഞ്ച് മെട്രിക് ടണ്‍, ഡിപ്പോയില്‍ 200 മെട്രിക് ടണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

മെയ് 12 ന് ലഭ്യമായ ഏറ്റവും പുതിയ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകള്‍ പ്രകാരം പയറുവര്‍ഗങ്ങളുടെ റീട്ടെയില്‍ വില ഏപ്രിലില്‍ 5.28ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസത്തെ 4.33ശതമാന വര്‍ധനയില്‍ നിന്നാണ് ഈ കുതിപ്പ്് ഉണ്ടായത്.

മൊത്തത്തില്‍, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 4.7ശതമാനം ആയിരുന്നു. 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

മെയ് 25 ന് കാര്‍ഷിക മന്ത്രാലയം പുറപ്പെടുവിച്ച ഭക്ഷ്യോല്‍പ്പാദനത്തിന്റെ മൂന്നാം മുന്‍കൂര്‍ കണക്ക് പ്രകാരം, 2022-23 കാലയളവില്‍ മൊത്തം പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനം 27.5 ദശലക്ഷം ടണ്‍ ആയി കണക്കാക്കുന്നു.

ഇത് മുന്‍ വര്‍ഷത്തെ 27.3 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഏകദേശം 200,000 ടണ്‍ കൂടുതലാണ്.

2022 ലെ മണ്‍സൂണ്‍ മൂലം ചില ഇനങ്ങളില്‍ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് പയറുവര്‍ഗങ്ങളുടെ വിലയും ലഭ്യതയും കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. മണ്‍സൂണിനെ തടസപ്പെടുത്തുന്ന എല്‍ നിനോ പ്രതിഭാസം സര്‍ക്കാരിന്റെ മറ്റൊരു ആശങ്കയാണ്.

വേനല്‍ക്കാലത്ത് വിതച്ച വിളവെടുപ്പിന് വേനല്‍മഴ നിര്‍ണായകമാണ്. കാരണം ഈ കാലത്ത് രാജ്യത്തെ കൃഷിഭൂമിയുടെ പകുതിയില്‍ താഴെ മാത്രമാണ് ജലസേചനം സാധ്യമാകുന്നത്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ മറ്റൊരു ചുവടുവയ്പ്പാണ് ഉഴുന്ന്,തുവരപ്പരിപ്പ് എന്നിവയ്ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തിയ നടപടിയെന്ന് മന്ത്രാലയം പറഞ്ഞു.

കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്റ്റോക്കുകള്‍ വെളിപ്പെടുത്തുന്നത് ഉറപ്പാക്കാന്‍ ഇറക്കുമതിക്കാര്‍, മില്ലുടമകള്‍, ചില്ലറ വ്യാപാരികള്‍ തുടങ്ങിയ വിവിധ പങ്കാളികളുമായി വിപുലമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    

Similar News