കടങ്ങളുടെ പുനഃക്രമീകരണം; ശ്രീലങ്കന്‍ പാര്‍ലമെന്റ് യോഗം ചേരും

  • നടപടി കടങ്ങളുടെ കയത്തില്‍നിന്നും കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗം
  • ആഭ്യന്തരകടങ്ങളും വിദേശ കടങ്ങളും ഒരുപോലെ പ്രതിസന്ധി തീര്‍ക്കുന്നു
  • സെപ്റ്റംബറോടെ കടങ്ങള്‍ പുനക്രമീകരിക്കുമെന്ന് റെനില്‍ വിക്രമസിംഗെ

Update: 2023-06-28 06:03 GMT

ശ്രീലങ്കയുടെ ആഭ്യന്തര കടം പുനഃസംഘടിപ്പിക്കുന്ന പ്രക്രിയക്ക് ആംഗീകാരം നല്‍കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച പാര്‍ലമെന്റിന്റെ പ്രത്യേക വാരാന്ത്യ സമ്മേളനം നടക്കുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജൂലൈ ഒന്നിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന അസാധാരണ ഗസറ്റ് പുറത്തിറക്കി.

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ 16-ആം സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം ശനിയാഴ്ച രാവിലെ 9.30 നാണ് യോഗം വിളിച്ചിരിക്കുന്നത്.

ആഭ്യന്തര കട പുഃനക്രമീകരണവുമായി ബന്ധപ്പെട്ട് ശനിയും, ഞായറും പാര്‍ലമെന്റ് ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രത്യേക സമ്മേളനം നടത്താനുള്ള തീരുമാനം ചൊവ്വാഴ്ച നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് എടുത്തതെന്ന് സ്പീക്കറിന്റെ ഓഫീസിനെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പാര്‍ട്ടി നേതാക്കളുടെ യോഗം സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സ്പീക്കര്‍ എടുത്തു പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കളാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറോടെ രാജ്യത്തിന്റെ കടം പുനക്രമീകരിക്കുമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു.

ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നതുപോലെ ഒരു പ്രതിസന്ധി ഈ ദ്വീപുരാജ്യം ഇതിനുമുമ്പ് അഭിമുഖീകരിച്ചിട്ടില്ല. വര്‍ഷങ്ങളോളം നീണ്ടുനിന്ന മോശമായ സാമ്പത്തിക മാനേജ്‌മെന്റാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്.

സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ഒട്ടും ചെറുതായിരുന്നില്ല. ഭക്ഷ്യ സുരക്ഷ, പാചകവാതക വില, തുടങ്ങി അവശ്യസാധനങ്ങള്‍ കിട്ടാത്ത സ്ഥിതി വരെ ശ്രീലങ്കയിലുണ്ടായി. ഇതിനെത്തുടര്‍ന്ന് ജനങ്ങള്‍ തെരുവിലേക്കിറങ്ങി. പ്രസിഡന്റിന് രാജ്യം വിടേണ്ട അവസ്ഥ അവിടെയുണ്ടായി. അതിനുശേഷമാണ് വിക്രമസിംഗെ പ്രസിഡന്റായത്. ഇന്ന് പരിതാപകരമായ നിലയില്‍നിന്നും ശ്രീലങ്ക മെല്ലെ ഉയരാന്‍ തുടങ്ങുന്നു. അതിന് ഇനിയും അന്താരാഷ്ട്ര സഹായങ്ങളും ആവശ്യമാണ്.

ചൈനയുടെ വന്‍ നിക്ഷേപങ്ങളാണ് ഫലത്തില്‍ ലങ്കയെ കടക്കാരാക്കിയത്. യാതൊരു കണക്കുമില്ലാതെ വാങ്ങിക്കൂട്ടിയ വന്‍ പലിശക്കുള്ള കടങ്ങള്‍ ഇപ്പോള്‍ പല രാജ്യങ്ങളും തിരിച്ചടക്കാന്‍ പാടുപെടുകയാണ്. പാക്കിസ്ഥാനടക്കം. പല രാജ്യങ്ങളും ഇന്ന് ചൈനയുടെ കോളനികള്‍ മാത്രമായി അധഃപതിച്ചു കഴിഞ്ഞു. ഇന്ന് പാക്കിസ്ഥാന്‍ കടം തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുന്നു. എങ്കിലും അവര്‍ ചൈനയില്‍നിന്നും കടം വാങ്ങിയ ശേഷം അവരുടെ കടം തിരിച്ചടക്കുന്ന പതിവുവരെ തുടങ്ങി. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില റോക്കറ്റുപോലെയാണ് ദിനം പ്രതി ഉയരുന്നത്. എങ്കിലും പകരം കടം വാങ്ങി എതെങ്കിലും മറ്റൊരു കടം വീട്ടാനുള്ള ശ്രമം അവര്‍ തടുരുന്നു.

ശ്രീലങ്കയും ഈ സ്ഥിതിയിലൂടെ കടന്നുപോയതാണ്. എന്നാല്‍ അവര്‍ വീണ്ടും ചൈനയില്‍ നിന്ന് കടമെടുക്കാന്‍ തയ്യാറായില്ല. ഇത് അവര്‍ക്ക് ഗുണം ചെയ്തു. ഇനി ക്രമേണ മുന്നോട്ടു പോകാനാവുമെന്ന് അവര്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നു.

Tags:    

Similar News