ദിവസ വേതനത്തില്‍ നമ്പര്‍ വണ്‍ കേരളം; ഏറ്റവും പിന്നില്‍ ഗുജറാത്തും മധ്യപ്രദേശും

  • ഉത്തര്‍പ്രദേശും ഒഡിഷയും മഹാരാഷ്ട്രയും ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍
  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടത്
  • തമിഴ്നാടും ജമ്മു കശ്‍മീരും ദേശീയ ശരാശരിക്ക് മുകളില്‍

Update: 2023-11-20 10:45 GMT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് തൊഴിലാളികള്‍ക്ക് നല്‍കുന്ന ദിവസ വേതനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളം. നിർമാണമേഖലയിലെ പുരുഷതൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, കാർഷികേതര മേഖലയിലെ തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭഗങ്ങളായി തിരിച്ചുള്ള കണക്കുകളും കേന്ദ്ര ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. ഏതു മേഖലയിലെ വേതനത്തിന്‍റെ കാര്യത്തിലും കേരളത്തിലെ ശരാശരി ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ അധികമാണ്. 

കാര്‍ഷിക മേഖലയില്‍

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കു പ്രകാരം മധ്യ പ്രദേശും ഗുജറാത്തുമാണ് വേതനങ്ങളുടെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഗ്രാമീണ മേഖലയിലെ പുരുഷ കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസ വേതനത്തിന്‍റെ ദേശീയ ശരാശരി 345 .7 ആണ്. എന്നാല്‍ മധ്യ പ്രദേശില്‍ ശരാശരി 229 .2 രൂപ മാത്രമാണ് ലഭിക്കുന്നത്. ഗുജറാത്തില്‍ 241.9 രൂപയാണ് ഈ വിഭാഗം തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.  ഉത്തര്‍ പ്രദേശ് (309.3), ഒഡിഷ (285.1), മഹാരാഷ്ട്ര (303.5) എന്നിവിടങ്ങളാണ് വേതനത്തിന്‍റെ കാര്യത്തില്‍ ദേശീയ ശരാശരിക്ക് താഴെ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. 

കേന്ദ്രബാങ്കിന്‍റെ കണക്ക് പ്രകാരം, ഒരു ഗ്രാമീണ കർഷക തൊഴിലാളി മാസത്തില്‍ 25 ദിവസം ജോലി ചെയ്താൽ മധ്യപ്രദേശില്‍ പ്രതിമാസം ഏകദേശം 5,730 രൂപ ലഭിക്കും. ഗുജറാത്തിൽ ഒരു കർഷകത്തൊഴിലാളിയുടെ പ്രതിമാസ വേതനം ഏകദേശം 6,047 രൂപയായിരിക്കും. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ശരാശരി 764.3 രൂപ ദിവസ വേതനം ലഭിക്കുന്ന കേരളത്തില്‍ ഒരു ഗ്രാമീണ കർഷക തൊഴിലാളിക്ക് ഒരു മാസത്തിൽ ശരാശരി 19,107 രൂപ ലഭിക്കുന്നു.

നിര്‍മാണ മേഖലയില്‍

ഗ്രാമീണമേഖലയിലെ പുരുഷ നിർമാണത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസ വേതനത്തിന്‍റെ ദേശീയ ശരാശരിയായ 393.3 രൂപയാണ്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഗുജറാത്തിലെ ഗ്രാമീണ നിർമാണ തൊഴിലാളികൾക്ക് ശരാശരി 323.2 രൂപ വേതനം ലഭിച്ചപ്പോൾ മധ്യപ്രദേശിൽ ഇത് 278.7 രൂപയും ത്രിപുരയിൽ 286.1 രൂപയുമാണ്.

ഇവിടെയും കേരളം ബഹുദൂരം മുന്നിലാണ്. ഗ്രാമീണ നിർമാണ തൊഴിലാളികളുടെ ദിവസ വേതനം കേരളത്തിൽ 852.5 രൂപയാണ്. ജമ്മു കശ്മീരിൽ 534.5 രൂപയും തമിഴ്‌നാട്ടിൽ 500.9 രൂപയും ഹിമാചൽ പ്രദേശിൽ 498.3 രൂപയും ഈ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നു. 

കാര്‍ഷികേതര തൊഴിലുകള്‍

മറ്റ് കാര്‍ഷികേതര തൊഴിലുകളുടെ വിഭാഗത്തിലും ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലുമാണ്.  ഈ വിഭാഗത്തിലെ പുരുഷ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം മധ്യ പ്രദേശില്‍ 246.3 രൂപയും ഗുജറാത്തിൽ 273.1 രൂപയുമാണ്. ത്രിപുരയിൽ 280.6 രൂപയാണ് നല്‍കുന്നത്. ഈ വിഭാഗത്തിലെ ദേശീയ ശരാശരി 348 രൂപയായിരുന്നു.

696.6 രൂപയുമായി കേരളം കാര്‍ഷികേതര തൊഴിലാളികള്‍ക്ക് നല്‍കുന്ന ദിവസ വേതനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ജമ്മു കശ്മീർ (517.9 രൂപ), തമിഴ്‌നാട് (481.5 രൂപ), ഹരിയാന (451 രൂപ) എന്നിവയും ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. 

Tags:    

Similar News