നോട്ട് പിന്‍വലിക്കല്‍ എന്തു കൊണ്ട് 2016-ലേതു പോലെയായില്ല ?
- 2016-നെ അപേക്ഷിച്ച് ഇന്ന് ക്യാഷ്‌ലെസ് ഇടപാടുകള്‍ വര്‍ധിച്ചു
- ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവാണ്
- നോട്ട് മാറ്റിയെടുക്കാന്‍ മതിയായ സമയം ആര്‍ബിഐ അനുവദിച്ചു
2016 നവംബര്‍ എട്ടാം തീയതി നമ്മളില്‍ പലരുടെയും ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ദിനമായിരിക്കും. മന്ത്രിസഭായോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8.15-ന് രാജ്യത്തെ ടെലിവിഷന്‍ വഴി അഭിസംബോധന ചെയ്തു കൊണ്ട് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുകയാണെന്ന് അറിയിച്ചു.
വന്‍തോതില്‍ കള്ളപ്പണം പ്രചരിക്കുകയാണെന്നും ഇത് ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുകയാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു തീരുമാനം. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ 2016 നവംബര്‍ 10 മുതല്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം പലരും പരിഭ്രാന്തരാകുന്ന കാഴ്ചയാണ് അന്ന് കണ്ടത്. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകള്‍ മാറിയെടുക്കാന്‍ വേണ്ടി എല്ലാവരും ബാങ്കിലേക്ക് ഓടി. ദിവസങ്ങളും, ആഴ്ചകളും ബാങ്കിനു മുന്‍പില്‍ മണിക്കൂറുകളോളം വരികളില്‍ നിന്നാണ് പലരും അന്ന് നോട്ടുകള്‍ മാറ്റിയെടുത്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2018-ല്‍ പുറത്തുവിട്ട കണക്കുപ്രകാരം മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായും പറയുന്നു.
2016 നവംബര്‍ എട്ടിന് ശേഷം ആറ് വര്‍ഷവും ആറ് മാസവും ഇപ്പോള്‍ പിന്നിട്ടിരിക്കുന്നു. 2023 മെയ് 19-ന് മറ്റൊരു നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 2000 രൂപയുടെ നോട്ടുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇപ്രാവിശ്യം പക്ഷേ പ്രധാനമന്ത്രിയല്ല, പകരം ആര്‍ബിഐയാണ് പ്രഖ്യാപനം നടത്തിയത്. മാത്രമല്ല, 2016-ല്‍ പ്രകടമായതു പോലൊരു പരിഭ്രാന്തി പൊതുജനങ്ങളില്‍ കാണപ്പെട്ടില്ല. എന്തായിരിക്കും അതിന്റെ കാരണങ്ങള്‍ ?
ഒന്നാമതായി നോട്ട് മാറ്റിയെടുക്കാന്‍ മതിയായ സമയം ആര്‍ബിഐ അനുവദിച്ചു എന്നതാണ്. ബാങ്ക് ശാഖകളിലോ നിയുക്ത ആര്‍ബി ഐ ഓഫീസുകളിലോ 2,000 രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ പൊതുജനങ്ങള്‍ക്ക് ഏകദേശം നാല് മാസത്തെ സമയദൈര്‍ഘ്യമാണ് ഇതിലൂടെ ആര്‍ബിഐ നല്‍കിയിരിക്കുന്നത്.
മറ്റൊന്ന് 2016-നെ അപേക്ഷിച്ച് ഇന്ന് ക്യാഷ്‌ലെസ് ഇടപാടുകള്‍ വര്‍ധിച്ചു എന്നതാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവാണ്. ജി പേ, പേടിഎം തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനം ഭൂരിഭാഗം പേരും ഉപയോഗിക്കുന്നു. അതിനാല്‍ പണം ഫിസിക്കലായി കൈയ്യില്‍ സൂക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
2000 രൂപ പിന്‍വലിക്കാനുള്ള പ്രഖ്യാപനത്തെ സാങ്കേതികമായി ഡീമോണിറ്റൈസേഷന്‍ എന്നു പറയാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. അതായത് നോട്ടിന്റെ മൂല്യം ആര്‍ബിഐ അസാധുവാക്കിയിട്ടില്ല. പകരം അവ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാനായി വിപണിയില്‍നിന്നും പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതിനു ശേഷം 2000 രൂപ നോട്ടുകള്‍ അസാധുവാക്കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല.
2016 നവംബര്‍-എട്ടിന് നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. അന്ന് ഒറ്റരാത്രികൊണ്ടാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പ്രചാരത്തിലുള്ള കറന്‍സിയുടെ 86 ശതമാനവും വരുന്ന 500, 1000 രൂപ നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവാക്കിയപ്പോള്‍ ആര്‍ബിഐയോ സര്‍ക്കാരോ ഇത്തവണ 2000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ഒരു പ്രത്യേകത.
പകരം 2000 രൂപയുടെ നോട്ടുകള്‍ ലീഗല്‍ ടെന്‍ഡറായി നിലകൊള്ളുമെന്നായിരുന്നു ആര്‍ബിഐ വ്യക്തമായി പറഞ്ഞത്. അതായത് ഇടപാടുകളുടെ ഉപയോഗത്തിനായി 2000 രൂപയുടെ കറന്‍സികള്‍ക്ക് തുടരാം. അതിനാല്‍, നോട്ടുകളുടെ മൂല്യം നിലനില്‍ക്കുന്നു. അതേസമയം 2016-ല്‍ 500, 1000 രൂപ നോട്ടുകള്‍ക്ക് ഒറ്റരാത്രികൊണ്ടാണു മൂല്യം നഷ്ടപ്പെട്ടത്.
ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് പരിഭ്രാന്തരാകേണ്ട കാര്യമില്ല. കാരണം ഈ നോട്ടുകള്‍ ബാങ്ക് ശാഖകളിലോ അംഗീകൃത ആര്‍ബിഐ കേന്ദ്രങ്ങളിലോ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ ആര്‍ബിഐ ആവശ്യമായ സമയവും സൗകര്യവും പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മെയ് 23 മുതല്‍ 2000 രൂപ മാറ്റി വാങ്ങാനാകും. 20,000 രൂപ മൂല്യം വരുന്ന 2000 രൂപയുടെ പത്ത് നോട്ടുകള്‍ ഒരേ സമയം ഇത്തരത്തില്‍ ബാങ്ക് ശാഖകളില്‍നിന്നോ അംഗീകൃത ആര്‍ബിഐ കേന്ദ്രങ്ങളില്‍നിന്നോ മാറ്റാം. ഇതിനു പുറമെ അക്കൗണ്ട് ഹോള്‍ഡേഴ്‌സിനു ബിസിനസ് കറസ്‌പോണ്ടന്റുകളിലൂടെ (ബാങ്ക് ഏജന്റുമാര്‍) പ്രതിദിനം നാലായിരം രൂപയും മാറ്റാനാകും. ഇതിനുള്ള അനുമതിയും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.
പ്രചാരത്തിലുള്ള 500,1000 രൂപ നോട്ടുകളില്‍നിന്ന് വ്യത്യസ്തമായി, 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള മൊത്തം കറന്‍സികളുടെ താരതമ്യേന ചെറിയ ഭാഗം മാത്രമാണ്. സാധാരണക്കാരുടെ കൈവശം ഈ നോട്ട് വളരെ ചെറിയ അളവില്‍ മാത്രമാണുള്ളതും. അതുകൊണ്ടു തന്നെ നോട്ട് നിരോധിക്കുന്നതായുള്ള വാര്‍ത്ത കേട്ടപ്പോള്‍ പൊതുവേ പരിഭ്രാന്തി കുറവായിരുന്നു.
ആര്‍ബിഐയുടെ തന്നെ കണക്കുകള്‍പ്രകാരം, 2023 മാര്‍ച്ച് 31 വരെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം മൊത്തം മൂല്യത്തിന്റെ 10.8 ശതമാനമായി കുറയുകയും ചെയ്തു. 2018-ല്‍ ഇത് 37.3 ശതമാനമായിരുന്നു.പ്രചാരത്തിലുള്ള ഈ നോട്ടുകളുടെ ആകെ മൂല്യം 2018 മാര്‍ച്ച് 31-ലെ 6.73 ലക്ഷം കോടി രൂപയില്‍നിന്ന് 3.62 ലക്ഷം കോടി രൂപയായി 2023 മാര്‍ച്ച് 31-ലെത്തിയപ്പോള്‍ കുറഞ്ഞു.
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. ചിത്രം കുറേ നാളുകള്‍ക്കു മുന്‍പ് തന്നെ ചുവരില്‍ തെളിഞ്ഞിരുന്നു. വര്‍ഷങ്ങളായി 2000 രൂപ പുറത്തിറക്കുന്നത് ആര്‍ബിഐ കുറച്ചുകൊണ്ടുവരികയായിരുന്നു. ആര്‍ബിഐ കണക്കുകള്‍ പ്രകാരം, ഏകദേശം 274 കോടി അല്ലെങ്കില്‍ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ 2.4 ശതമാനത്തില്‍ നിന്ന്, 2022 മാര്‍ച്ച് അവസാനത്തോടെ 2,000 രൂപ നോട്ടുകള്‍ മൊത്തം കറന്‍സിയുടെ 1.6 ശതമാനമായി അഥവാ 214 കോടിയായി കുറഞ്ഞു എന്നാണ്.