നിക്ഷേപ ഉച്ചകോടിയുമായി രാജസ്ഥാന്‍

  • ഉച്ചകോടി ഡിസംബര്‍ 9 മുതല്‍ 11 വരെ ജയ്പൂരില്‍
  • സംസ്ഥാനത്തിന്റെ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുക ലക്ഷ്യം
  • റൈസിംഗ് രാജസ്ഥാന്റെ ലോഗോ പ്രകാശനം ചെയ്തു

Update: 2024-08-02 03:07 GMT

ഈ വര്‍ഷം ഡിസംബറില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കും. ഡിസംബര്‍ 9 മുതല്‍ 11 വരെ ജയ്പൂരിലാണ് 'റൈസിംഗ് രാജസ്ഥാന്‍' നിക്ഷേപ ഉച്ചകോടി നടക്കുക. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി സുധാന്‍ഷ് പന്തുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടന്നു.

സംസ്ഥാന സര്‍ക്കാരിന്റെ 'സിംഗിള്‍ പോയിന്റ് ഇന്‍വെസ്റ്റര്‍ ഇന്റര്‍ഫേസ്' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പ്ലാറ്റ്ഫോം വഴി നിക്ഷേപകര്‍ക്ക് അവരുടെ ഉദ്ദേശ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കാനും അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനും കഴിയും.

ഈ സംരംഭം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, 'റൈസിംഗ് രാജസ്ഥാന്‍' സംഘടിപ്പിക്കുന്നതിനുള്ള നോഡല്‍ ഡിപ്പാര്‍ട്ട്മെന്റായ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് 8,000 കോടിയിലധികം രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ഒരു പ്രസ്താവനയില്‍ പറയുന്നു.

ആഭ്യന്തര, വിദേശ കമ്പനികളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും നിക്ഷേപകരെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ശര്‍മയെ ഉദ്ധരിച്ച് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് വ്യാവസായിക നിക്ഷേപത്തിന് മികച്ച അന്തരീക്ഷം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ മുന്‍കൈകളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇതിന് കീഴില്‍ സംസ്ഥാനത്തിന്റെ വികസനത്തോടൊപ്പം വിപുലമായ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനാണ് നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഈ പരിപാടിയിലൂടെ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് ശര്‍മ്മ പറഞ്ഞു. റൈസിംഗ് രാജസ്ഥാന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

രാജസ്ഥാന് വികസനത്തിന് വലിയ സാധ്യതകളുണ്ടെന്നും അതിനാല്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സംസ്ഥാനമാണിതെന്നും വ്യവസായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് പറഞ്ഞു.

Tags:    

Similar News