ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ 10,000 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്
- ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് നോട്ടീസ്
- രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 45 ബ്രാന്‍ഡുകളാണ് വരുമാനം കുറച്ചുകാണിച്ചത്
- ഒരു ചെറിയ കടയും വെയര്‍ഹൗസും ഉപയോഗിച്ച് കോടികളുടെ വ്യാപാരം
മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 10,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ നടത്തിയതായി ആദായനികുതി (ഐ-ടി) വകുപ്പ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരാണ് വെട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 45 ബ്രാന്‍ഡുകള്‍ക്ക് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
മറ്റ് കമ്പനികള്‍ക്കും സമാനമായ അറിയിപ്പുകള്‍ ഉടന്‍ അയയ്ക്കാനാണ് സാധ്യത. പ്രസ്തുത കമ്പനികള്‍ ഒന്നുകില്‍ നികുതി അടയ്ക്കുന്നില്ല അല്ലെങ്കില്‍ അവരുടെ വരുമാനം കുറച്ചുകാണിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
'വലിയ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് പുറമെ, ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും വില്‍പ്പന ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏകദേശം 10,000 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒക്ടോബര്‍ അവസാന വാരത്തിനും നവംബര്‍ 15 നും ഇടയിലാണ് ഐടി വകുപ്പ് നോട്ടീസ് അയച്ചത്. 45 ഓളം വ്യാപാരികള്‍ക്ക് ഞങ്ങള്‍ അറിയിപ്പ് അയച്ചിട്ടുണ്ടെന്നും വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള 45 കമ്പനികള്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, സമ്മാനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കമ്പനികളുടെ പട്ടികയില്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയയെ സ്വാധീനിക്കുന്ന ചില പ്രമുഖ റീട്ടെയിലര്‍മാര്‍ ഉള്‍പ്പെടുന്നു. നോട്ടീസ് ലഭിച്ച നിരവധി കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് വില്‍ക്കുന്നതിലും ഏര്‍പ്പെട്ടിരുന്നു. ഈ 45 സ്ഥാപനങ്ങള്‍ക്കും മികച്ച വിറ്റുവരവ് ഉണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ കമ്പനികള്‍ നടത്തിയ വില്‍പ്പനയെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'അവര്‍ വെറും ഒരു ചെറിയ കടയും വെയര്‍ഹൗസുകളും ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം വഴി വില്‍ക്കുന്നു, കൂടാതെ 110 കോടിയിലധികം വിറ്റുവരവുണ്ടായിരുന്നു, അതേസമയം അവര്‍ 2 കോടി രൂപയുടെ ആദായനികുതി റിട്ടേണ്‍ മാത്രമാണ് സമര്‍പ്പിച്ചത്.'
ഈ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്ക് ലഭിച്ച പേയ്മെന്റുകളില്‍ ഭൂരിഭാഗവും യുപിഐ വഴിയാണ് നടത്തിയത്, അതിനാല്‍ ഈ ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നത് ഐ-ടി വകുപ്പിന് എളുപ്പമായിരുന്നു.