കേരളത്തില്‍നിന്നും മണ്‍സൂണ്‍ പിന്‍വാങ്ങുന്നു; പക്ഷേ മഴതുടരും

  • മഴയില്‍ 38ശതമാനം കുറവ്
  • മഴ ഒക്‌റ്റോബര്‍ അഞ്ചുവരെ തുടരും
  • എല്‍ നിനോ കാരണം വരും ദിവസങ്ങളില്‍ ചൂട് കൂടും

Update: 2023-09-25 10:02 GMT

കേരളത്തില്‍ നിന്നും രണ്ടുദിവസത്തിനകം  തെക്കു- പടിഞ്ഞാറൻ  മണ്‍സൂണ്‍ പിന്‍വാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 38ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഓഗസ്റ്റില്‍ ഇത് 50 ശതമാനം ആയ്യിരുന്നു.. സെപ്റ്റംബറിലെ മൺസൂണിന്റെ നല്ല പെർഫോമൻസ് ആണ്  കുറവിന്റെ തോത് കുറച്ചതു.

എന്നാല്‍ മണ്‍സൂണ്‍ പിന്‍വാങ്ങിയാലും സംസ്ഥാനത്ത് ഒക്‌റ്റോബര്‍ അഞ്ചുവരെ മഴതുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന അന്തരീക്ഷവ്യതിയാനങ്ങളാണ് മഴയ്ക്ക് കാരണമാകുക.

മഴയുടെ കുറവ് സംസ്ഥാനത്തെ കൃഷിയെയും ഡാമുകളിലെ ജലനിരപ്പിനെയും സാരമായി ബാധിച്ചു. ദിനംപ്രതി വൈദ്യുതി പുറത്തുനിന്ന് ഉയര്‍ന്ന നിരക്കില്‍ വാങ്ങേണ്ട അവസ്ഥയും സംസ്ഥാനത്തിന് ഉണ്ടായി. ഇപ്പോഴും ഡാമുകളിലെ ജലനിരപ്പ് ആശാവഹമായ നിലയില്‍ എത്തിയിട്ടില്ല.

സെപ്റ്റംബര്‍ മാസത്തില്‍ വടക്കു പടിഞ്ഞാറു ഇന്ത്യയിൽ  അഞ്ചുദിവസം തുടര്‍ച്ചയായി മഴ പെയ്യാതിരുന്നാലാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതായി പ്രഖ്യാപിക്കുന്നത്. കൂടാതെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിലും കുറവുണ്ടാകേണ്ടതുണ്ട്.

സാധാരണ സംസ്ഥാനത്തുനിന്നും സെപ്റ്റംബര്‍ 17നാണ് മണ്‍സൂണ്‍ പിന്‍വാങ്ങുന്നത്. എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങള്‍ കാരണം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇനി വരാനിരിക്കുന്ന വടക്ക് കിഴക്ക് മണ്‍സൂണില്‍ കേരളത്തില്‍ മഴയക്ക് കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഈ സീസണിൽ  500 എംഎം  മഴ സംസ്ഥാനത്ത് ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.,

Tags:    

Similar News