ഇന്ത്യയുടെ ഗ്രീന്‍ ബോണ്ടുകളില്‍ ഇനി വിദേശത്തുള്ളവര്‍ക്കും നിക്ഷേപിക്കാം
- ഫിക്‌സഡ് ഇന്‍കം നല്‍കുന്നവയാണ് ഗ്രീന്‍ ബോണ്ടുകള്‍
- പരിസ്ഥിതി സംരക്ഷണം, കാര്‍ബണ്‍ മുക്തമായ പദ്ധതികള്‍ എന്നിവയില്‍ ഗ്രീന്‍ ബോണ്ടുകള്‍ വഴി സ്വരൂപിക്കുന്ന പണം നിക്ഷേപിക്കാം
- ജലസേചനം, കൃഷി, പശുവളര്‍ത്തല്‍, മീന്‍ പിടുത്തം, പ്രകൃതി ദത്തമായ കാടുകളുടെ സംരക്ഷണം എന്നിവയെല്ലാം ഗ്രീന്‍ ബോണ്ടുകളുടെ പരിധിയില്‍ വരും
2023 ലെ ബഡ്ജറ്റിലാണ് ഇന്ത്യ ഗവണ്മെന്റ് ഗ്രീന്‍ ബോണ്ടുകള്‍ (sovereign green bonds) ഇറക്കുവാനുള്ള തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചത്. കാര്‍ബണ്‍ തീവ്രത കുറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ പൊതുമേഖലയെ സാമ്പത്തികമായി സഹായിക്കുവാന്‍ വേണ്ടിയാണ് ഇത്. സുസ്ഥിരമായ ഒരു ലോകക്രമത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഗ്രീന്‍ ബോണ്ടുകള്‍.ബഡ്ജറ്റിലെ നിര്‍ദ്ദേശപ്രകാരം 2023 ജനുവരിയില്‍ ഇന്ത്യ ഗവണ്മെന്റ് ആദ്യത്തെ ഗ്രീന്‍ ബോണ്ടുകള്‍ ഇറക്കി.തുടര്‍ന്ന് 2023-24 ലെ കേന്ദ്ര സര്‍ക്കാരിന്റെ കടമെടുക്കല്‍ പ്ലാനിന്റെ ഭാഗമായും ഗ്രീന്‍ ബോണ്ടുകള്‍ ഇറക്കുകയുണ്ടായി.
ഐ എഫ് എസ് സി വഴി വിദേശ നിക്ഷേപകര്‍ക്കും
ഇന്ത്യന്‍ കറന്‍സിയിലാണ് ബോണ്ടുകള്‍ ഇറക്കുക. ആഭ്യന്തര നിക്ഷേപകരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് ഗ്രീന്‍ ബോണ്ടുകള്‍ വാങ്ങാന്‍ നേരത്തെ തന്നെ അനുവാദം ഉണ്ട്. മോണിറ്ററി പോളിസി തീരുമാനത്തോടുകൂടെ ഇത്തവണ ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചത് ഗ്രീന്‍ ബോണ്ടില്‍ നിക്ഷേപിക്കുവാന്‍ വിദേശ നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുവാന്‍ തക്കവണ്ണം ഒരു പദ്ധതി കൊണ്ട് വരും എന്നാണ്. ഇതനുസരിച്ച് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ് സെന്റര്‍ വഴി വിദേശ നിക്ഷേപകര്‍ക്ക് ഗ്രീന്‍ ബോണ്ടുകള്‍ വാങ്ങുവാന്‍ കഴിയും. ഗ്രീന്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ഇതുവഴി കഴിയും. ഗ്രീന്‍ ബോണ്ടുകള്‍ ഫിക്‌സഡ് ഇന്‍കം നല്‍കുന്ന ബോണ്ടുകളാണ്.
പ്രകൃതി സംരക്ഷണത്തിന് ഉള്ള നിക്ഷേപം
ഗ്രീന്‍ ബോണ്ടുകള്‍ വഴി സ്വരൂപിക്കുന്ന നിക്ഷേപം പാരിസ്ഥിതിയുടെ സംരക്ഷണത്തിനും കാര്‍ബണ്‍ മുക്തമായതോ പരിമിതമായതോ ആയ പദ്ധതികളിലും മാത്രമേ ഉപയോഗിക്കാവൂ. അത് കൊണ്ട് ഗ്രീന്‍ ബോണ്ടുകളെ കാലാവസ്ഥ ബോണ്ടുകള്‍ എന്നും പറയുന്നു. ഈ എസ് ജി (environment, social and governance) നിക്ഷേപത്തിന്റെ ഭാഗമായാണ് ഗ്രീന്‍ ബോണ്ടുകളെ കാണുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഫലപ്രദമായി നേരിടുന്നതിനോ, മാറുന്ന കാലാവസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ, അവയെ പ്രതിരോധിക്കുന്നതിനോ, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനോ, ജൈവീകമായ പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതിനോ എല്ലാം ഉപയുക്തമായ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആണ് ഗ്രീന്‍ ബോണ്ടുകള്‍ വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കുക. ഈ പദ്ധതികള്‍ വിഭവങ്ങളുടെ ഉപയോഗത്തില്‍ ഊര്‍ജത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതും, കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുന്നതും, തനതായ ജൈവവൈവിധ്യവും പ്രകൃതി-പാരിസ്ഥിതി വ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതും ആയിരിക്കണം.
പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ അടക്കമുള്ള അന്തരീക്ഷ മലിനീകരണം ഇല്ലാത്ത യാത്രാ സംവിധാനങ്ങള്‍, കാലാവസ്ഥ മാറ്റങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കഴിവുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജലസ്രോതസ്സുകളുടെ ഉത്തമമായ നടത്തിപ്പ്, ജലസേചനം അടക്കമുള്ള ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം, അനുയോജ്യമായ മലിന ജല നിര്‍വ്വഹണം, വെള്ളപ്പൊക്ക നിയന്ത്രണം, വായു മലിനീകരണം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതുമായ പദ്ധതികള്‍, പ്രകൃതി സൗഹൃദമായ കെട്ടിടങ്ങളുടെ നിര്‍മാണം, കൃഷി, പശുവളര്‍ത്തല്‍, മീന്‍ പിടുത്തം, പ്രകൃതി ദത്തമായ കാടുകളുടെ സംരക്ഷണം, ഓര്‍ഗാനിക് കൃഷി, കടലും കടല്‍ത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഗ്രീന്‍ ബോണ്ടുകളുടെ പരിധിയില്‍ വരും.