മൊത്ത ആഭ്യന്തര ഉല്‍പ്പാദനം വളരുമെന്ന് സാമ്പത്തിക സര്‍വേ

  • സര്‍ക്കാര്‍ നടപടികള്‍ കളിപ്പാട്ട വിപണിയെ സഹായിച്ചതായി വിലയിരുത്തല്‍
  • ഈ മേഖലയില്‍ ചൈനീസ് ഇറക്കുമതി ഇടിഞ്ഞു
  • രാജ്യം ആയുധ കയറ്റുമതിക്കാരായി മാറിയെന്നും റിപ്പോര്‍ട്ട്

Update: 2024-07-22 08:48 GMT

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.5-7 ശതമാനമായി വളരുമെന്ന് സാമ്പത്തിക സര്‍വേ. 'വിപണി പ്രതീക്ഷകള്‍ ഉയര്‍ന്ന ഭാഗത്താണ്' എന്ന് സര്‍വേ അഭിപ്രായപ്പെട്ടു. സര്‍വേയുടെ പ്രവചനങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 7.2 ശതമാനത്തേക്കാള്‍ കുറവാണ്. എന്നാല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) തുടങ്ങിയ മറ്റ് ഏജന്‍സികള്‍ പ്രവചിച്ച 7 ശതമാനവുമായി പൊരുത്തപ്പെടുന്നു.

ആഗോള സാമ്പത്തിക പ്രകടനം അനിശ്ചിതത്വത്തിലാണെങ്കിലും 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ ചാലകങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചതായി സര്‍വേ വ്യക്തമാക്കുന്നു. ഈ വര്‍ഷം, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ ഉയര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങളും കസ്റ്റംസ് തീരുവ വര്‍ധനയും പോലുള്ള നടപടികള്‍ ആഭ്യന്തര കളിപ്പാട്ട കമ്പനികളെ കയറ്റുമതി വര്‍ധിപ്പിക്കാനും ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിച്ചതായി സര്‍വേ പറയുന്നു.

ആഗോള വ്യാപാര രംഗത്ത് ഈ വ്യവസായം ദീര്‍ഘകാലമായി വെല്ലുവിളികള്‍ നേരിടുന്നു.വര്‍ധിച്ചുവരുന്ന കയറ്റുമതിയും ഇറക്കുമതി കുറയുന്നതും കളിപ്പാട്ടങ്ങളുടെ വ്യാപാരത്തില്‍ ഇന്ത്യയെ കമ്മിയില്‍ നിന്ന് മിച്ചമുള്ള രാജ്യമാക്കി മാറ്റി.

ഒരു ദശാബ്ദത്തിലേറെയായി, കളിപ്പാട്ട ഇറക്കുമതിയുടെ 76 ശതമാനത്തിനും ചൈനയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.

'ചൈനയില്‍ നിന്നുള്ള കളിപ്പാട്ടങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഇറക്കുമതി ബില്‍ 2013 സാമ്പത്തിക വര്‍ഷത്തില്‍ 214 മില്യണ്‍ ഡോളറില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 41.6 മില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് ഇന്ത്യയുടെ കളിപ്പാട്ട ഇറക്കുമതിയില്‍ ചൈനയുടെ വിഹിതം 2013 സാമ്പത്തിക വര്‍ഷത്തില്‍ 94 ശതമാനത്തില്‍ നിന്ന് 64 ശതമാനമായി കുറയാന്‍ കാരണമായി,' സര്‍വേ പറയുന്നു.

ആഭ്യന്തര ഉല്‍പ്പാദനം കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനായി ഈ മേഖലയ്ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുന്നു. ആയുധ ഇറക്കുമതിക്കാരില്‍ നിന്ന് ഇന്ത്യ മാറിയെന്നും മികച്ച 25 ആയുധ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയെന്നും സര്‍വേ പറയുന്നു. സ്മാര്‍ട്ട്ഫോണുകളില്‍, ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനവും സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതിയും ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും സര്‍വേ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News