പണപ്പെരുപ്പം ഒടുവില്‍ സഹനപരിധിയിലേക്ക്, ഒക്ടോബറില്‍ 5.88 ശതമാനം

Update: 2022-12-12 12:43 GMT

wholesale price index news 



തുടര്‍ച്ചയായ 10 മാസത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ ഉയര്‍ന്ന സഹന പരിധിയായ 6 ശതമാനത്തിന് താഴെയെത്തി. ആഗോളതലത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥകളും പണപ്പെരുപ്പ സമ്മര്‍ദ്ദത്തില്‍ തുടരുമ്പോള്‍ ആശ്വാസമായി നവംമ്പറിലെ പണപ്പെരുപ്പ നിരക്ക് 5.88 ശതമാനത്തിലേക്ക് താണു. ഒക്ടോബറില്‍ ഇത് 6.77 ശതമാനമായിരുന്നു. സെപ്റ്റംബറിലാകട്ടെ 7.41 ശതമാനവും.

തിങ്കളാഴ്ച്ച പുറത്ത് വിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ അനുസരിച്ച് റീട്ടെയില്‍ പണപ്പെരുപ്പം (സിപിഐ) നവംമ്പറില്‍ 5.88 ആയി കുറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ആര്‍ബിഐയുടെ സഹന പരിധിക്ക് മുകളില്‍ തുടരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സമ്മര്‍ദമുണ്ടാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍, 2026 ല്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ കുറഞ്ഞ സഹന പരിധി രണ്ടും കൂടിയ പരിധി ആറും ശതമാനമാണ്.

ഭക്ഷ്യ പണപ്പെരുപ്പമാണ് സിപിഐയുടെ പകുതിയോളം വരുന്നത്. ഇത് ഒക്ടോബറിലെ 7.01 ശതമാനത്തില്‍ നിന്നും 4.67 ശതമാനത്തിലേക്ക് താണു. ഇതാണ് വിലക്കയറ്റ സൂചികയെ പിടിച്ച് താഴ്ത്തിയത്. പച്ചക്കറിയുടെ വില 8.08 ശതമാനമായി കുറഞ്ഞു.

മാസങ്ങളായി മെരുങ്ങാതെ പണപ്പെരുപ്പം തുടരുന്നത് ആര്‍ബിഐയ്ക്ക് വലിയ സമ്മര്‍ദമുണ്ടാക്കിയിരുന്നു. പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ റിപ്പോ നിരക്കില്‍ 2.25 ശതമാനമാണ് അഞ്ച് തവണയായി വര്‍ധന വരുത്തിയത്. ഇത് വായ്പാ പലിശയില്‍ പ്രതിഫലിക്കുകയും ബാങ്ക് വായ്പകളുടെ നിരക്ക് 2.5 ശതമാനം വരെ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. പണപ്പെരുപ്പത്തിലെ അപ്രതീക്ഷിത കുറവ് തുടര്‍ന്നുള്ള ആര്‍ബി ഐ നയങ്ങളിലും പ്രതിഫലിക്കും. മറ്റൊരു റിപ്പോ നിരക്ക് വര്‍ധനയില്‍ നിന്ന് ആര്‍ബി ഐ ഒഴിവാകാന്‍ ഇത് കാരണമാകും.

Tags:    

Similar News