വിഴിഞ്ഞം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം, സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Update: 2024-11-28 10:32 GMT

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട സപ്ലിമെന്ററി കൺസഷൻ കരാറിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. കരാർ പ്രകാരം 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനഘട്ട പ്രവൃത്തികള്‍ 2028 ഓടെ പൂര്‍ത്തീകരിക്കും. നിർമ്മാണം പൂർത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും. 2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാരിന് 2034 മുതൽ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ആദ്യ കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുൻ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകിയ സാഹചര്യത്തിൽ വരുമാന വിഹിതം 2039 മുതൽ മാത്രം അദാനി ഗ്രൂപ്പ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പഴയ കരാർ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിർമ്മാണ വേളയിൽ നൽകേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സർക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നൽകേണ്ട 365.10 കോടി രൂപയിൽ, 189.90 കോടി രൂപ മാത്രം ഇപ്പോൾ നൽകിയാൽ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് സർക്കാർ നൽകിയാൽ മതിയെന്നും തീരുമാനമായി. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂർണ്ണമായും അദാനി വഹിക്കും. 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോൾ നിർമ്മാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന നികുതി വരുമാനം സർക്കാരിന് ലഭിക്കും. ഇതിൽ നിന്നും അദാനി കമ്പനിക്കു 2028-ൽ തിരികെ നൽകേണ്ട 175.20 കോടി രൂപ കണ്ടെത്താൻ സർക്കാരിന് സാധിക്കും.

Tags:    

Similar News