സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് അനുവദിച്ചത്. വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിക്ക് കീഴിലാണ് വായ്പ വരുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുകയാണ് അനുവദിച്ചിരിക്കുന്നത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 795 കോടിയാണ് അനുവദിച്ചത്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തുക പൂര്‍ണമായും വിനിയോഗിക്കേണ്ടതുണ്ട്. തുറമുഖ പദ്ധതിക്കായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണു കൂടുതല്‍ സഹായം എത്തിയിരിക്കുന്നത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് തുക അനുവദിച്ചതെന്നും കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് അനുവദിച്ചതെന്നും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു