ആഗോള സമ്പദ് വ്യവസ്ഥയെ ചൈന രക്ഷിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

  • ഇറക്കുമതിയിലും കയറ്റുമതിയിലും ഇടിവ്
  • അതിര്‍ത്തി സംഘര്‍ഷങ്ങള്‍ വ്യവസായ മേഖലയെ ബാധിക്കുന്നു
  • ഗുണനിലവാരത്തിന് മുന്‍ഗണന നല്‍കിയുള്ള ഉല്‍പ്പാദനം ചൈന ലക്ഷ്യമിടുന്നു

Update: 2023-05-20 10:33 GMT

ലോകത്തിന്റെ ഇതര ഭാഗങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യ ധനകാര്യ വിദഗ്ധര്‍ പ്രതീക്ഷയോടെ നോക്കിയിരുന്നത് ചൈനയെയാണ്. 2008ലെ പ്രതിസന്ധിക്കുശേഷം ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ഒരു ചാലകശക്തി എന്ന് വിശേഷിപ്പിച്ചിരുന്നതും ബെയ്ജിംഗിനെയാണ്. എന്നാല്‍ നിലവിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോക സമ്പദ് വ്യവസ്ഥയെ ചൈന വീണ്ടും രക്ഷിക്കാന്‍ സാധ്യതയില്ല എന്നാണ്.

ചൈനയുടെ ഇറക്കുമതി ഏപ്രിലില്‍ 7.9 ശതമാനം കുത്തനെ കുറഞ്ഞിട്ടുണ്ട്. കയറ്റുമതിരംഗത്തും ഇടിവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചിലെ 14.8 ശതമാനമായിരുന്നു കയറ്റുമതി. ഇത് 8.5 ശതമാനമായാണ് കുറഞ്ഞത്.

പുതിയ ബാങ്ക് വായ്പകള്‍ ഏപ്രിലില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു. വായ്പാക്കണക്ക് മാര്‍ച്ചില്‍ നല്‍കിയതിന്റെ അഞ്ചിലൊന്നുമാത്രമായി ചുരുങ്ങി.

പക്ഷേ ചൈനയുടെ സമ്പദ്വ്യവസ്ഥ തകരാന്‍ പോകുന്നില്ല, പക്ഷേ അത് ഇരട്ട അക്ക തലത്തില്‍ വളര്‍ന്ന 2010 കളിലെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് തിരിച്ചു വരുന്നില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കയിലെ ചൈന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്റ്റീവ് സാങ് പറയുന്നു.

ചൈനയുടെ ഒരു ശക്തമായ തിരിച്ചുവരവ് ആഗോളതലത്തില്‍ പ്രതീക്ഷിക്കുന്ന മാന്ദ്യം നികത്താന്‍ സഹായിക്കും. എന്നാല്‍ ആ ദിശയിലുള്ള ചലനങ്ങള്‍ ബെയ്ജിംഗില്‍നിന്ന് ഉണ്ടാകുന്നില്ല എന്നു പറയേണ്ടി വരും.

2008-09 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ഒരു തിരിച്ചുവരവിന് രാജ്യങ്ങളെ സഹായിച്ചിരുന്നു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി അവര്‍ വര്‍ധിപ്പിച്ചതുതന്നെ മറ്റു രാജ്യങ്ങള്‍ക്ക് നേട്ടമായിരുന്നു.

എന്നാല്‍ ഈ നടപടികള്‍ ബെയ്ജിംഗിനെ കടക്കെണിയിലേക്ക് തള്ളി. പ്രാദേശിക സര്‍ക്കാരുടെ കടം മാത്രം റെക്കാഡിലെത്തി. ഇതിനെതിരെ അന്താരാഷ്ട്ര നാണയ നിധി മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ചൈനക്ക് കഴിയും എന്ന് വിശ്വസിക്കുന്ന പാശ്ചാത്യ സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴുണ്ട്. എന്നാല്‍ അവര്‍ പുതിയ രാഷ്ട്രീയ, സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് നോക്കേണ്ടതുണ്ടെന്ന് സാങ് പറയുന്നു.

അതിര്‍ത്തി സംബന്ധിച്ച വിവാദങ്ങള്‍ ചൈനയുടെ കൂടപ്പിറപ്പാണ്. ഒരു പക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ ഉള്ളത് ബെയ്ജിംഗിനായിരിക്കും. ഇപ്പോള്‍ തായ്വാനുമേല്‍ അവകാശം ഉന്നയിച്ച ചൈന അവരെ ആക്രമിക്കുമെന്ന് ദിനംപ്രതി ഭീഷണി മുഴക്കുന്നുണ്ട്.

ചൈനീസ് ഭീഷണിക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തായ്വാനു പിന്തുണയുമായി എത്തിയപ്പോള്‍ അവര്‍ക്കതിരെയും ബെയ്ജിംഗ് തിരിഞ്ഞു. ഇവിടെ ഉഭയകക്ഷി വ്യാപാര രംഗമാണ് തകരുന്നത്.

മോസ്‌കോയുമായുള്ള ബെയ്ജിംഗിന്റെ സൗഹൃദബന്ധവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ചുള്ള നിഷ്പക്ഷതയും ആഗോള സാമ്പത്തിക സഹകരണത്തെ അപകടത്തിലാക്കുന്ന മറ്റ് വിവാദ വിഷയങ്ങളാണ്.

തായ്വാന്റെ കാര്യത്തില്‍, വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ ആഗോളതലത്തില്‍ ചേരിതിരിവിന് വഴിയൊരുക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ പുഷാന്‍ ദത്ത് പറയുന്നു. ഇത് സംഭവിച്ചാല്‍ ബഹുരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്ന് പുറത്തുപോകും. കയറ്റുമതി വിപണികള്‍ അടച്ചുപൂട്ടും, ഉപരോധം ഏര്‍പ്പെടുത്തും- അദ്ദേഹം തുടര്‍ന്നു.

ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള ട്രംപിന്റെ കാലത്തെ വ്യാപാര സംഘര്‍ഷങ്ങള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിലൂടെയും നിലനില്‍ക്കുകയുമാണ്. അതായത് മുമ്പ് ചൈനയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പിന്തുണച്ച ഒരു പ്രധാന ഘടകം ഇന്ന് ദുര്‍ബലമാവുകയാണെന്ന് സാങും അഭിപ്രായപ്പെടുന്നു.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയായി പാശ്ചാത്യരാജ്യങ്ങള്‍ കാണുന്നു. ഭീമമായ, താങ്ങാനാകാത്ത വായ്പകള്‍ നല്‍കി വികസ്വര രാജ്യങ്ങളെ കടക്കെണിയിലേക്ക് പദ്ധതി ആകര്‍ഷിച്ചുവെന്ന ആശങ്ക വളരുകയാണ്.

വളര്‍ച്ചയുടെ ഗുണനിലവാരത്തിന് മുന്‍ഗണന നല്‍കി സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താനുള്ള ബെയ്ജിംഗിന്റെ തന്ത്രപരമായ പദ്ധതിയാണ് ചൈന ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് പറയുന്നു. എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് സമയം ഏറെ എടുക്കും.

ചൈന ഒരു താഴ്ന്ന നിലവാരത്തിലുള്ള നിര്‍മ്മാതാവ് എന്നതില്‍ നിന്ന് ഭാവിയിലെ വ്യവസായങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കൂടിയാണ്.

ചൈനീസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ ചലനാത്മകവും ഊര്‍ജ്ജസ്വലവും ശക്തവും നൂതനവുമാകണമെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഗ്രഹിക്കുന്നുവെങ്കിലും

അദ്ദേഹത്തിന്റെ നയങ്ങള്‍ പലപ്പോഴും വിപരീത ഫലമാണ് നല്‍കുന്നതെന്ന് സാങ് സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായി ചൈന തിരിച്ചുവരുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നുണ്ട്.


Tags:    

Similar News