കാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്
- പുതിയ പഴങ്ങള്‍, സംസ്‌കരിച്ച പച്ചക്കറികള്‍, ബസ്മതി അരി, വാഴപ്പഴം എന്നിവയുടെ കയറ്റുമതിയില്‍ വളര്‍ച്ച
- ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷാവസ്ഥ കയറ്റുമതിയില്‍ സ്വാധീനം ചെലുത്തിയിട്ടില്ല
രാജ്യത്തിന്റെ കാര്‍ഷിക കയറ്റുമതി ഇടിഞ്ഞു. ചെങ്കടല്‍ പ്രതിസന്ധി, റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ പ്രതിസന്ധികളും പൊതു തെരഞ്ഞെടുപ്പും കാരണം രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലമാണ് ഇടിവുണ്ടായത്. കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 43.7 ബില്യണ്‍ ഡോളറായി. അരി, ഗോതമ്പ്, പഞ്ചസാര,ഉള്ളി തുടങ്ങിയവക്കാണ് രാജ്യത്ത് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022-23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ കയറ്റുമതി 47.9 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക ജിഡിപിയും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി, 2022-23 ലെ 4.7 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 0.7 ശതമാനം മാത്രം വളര്‍ന്നു.
2022-23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 24 ബില്യണ്‍ ഡോളറായിരുന്ന എപിഇഡിഎ ബാസ്‌കറ്റിലെ 719 ഷെഡ്യൂള്‍ ചെയ്ത കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 11 മാസ കാലയളവില്‍ 6.85 ശതമാനം ഇടിഞ്ഞ് 22.4 ബില്യണ്‍ ഡോളറിലെത്തി.
കയറ്റുമതി നിരോധനവും അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക കയറ്റുമതിയില്‍ 5-6 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാക്കിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും, 24 പ്രധാന ചരക്കുകളില്‍ (എപിഇഡിഎ ബാസ്‌കറ്റില്‍), 17 എണ്ണം ഈ കാലയളവില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തി, അതില്‍ പുതിയ പഴങ്ങള്‍, എരുമ മാംസം, സംസ്‌കരിച്ച പച്ചക്കറികള്‍, ബസ്മതി അരി, വാഴപ്പഴം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബസ്മതി അരിയുടെ കയറ്റുമതി 2022-23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 4.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24 ഏപ്രില്‍-ഫെബ്രുവരിയില്‍ 5.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഇത് 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷാവസ്ഥ കയറ്റുമതിയില്‍ പ്രത്യക്ഷമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇത് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ ലഹരിപാനീയങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച രേഖപ്പെടുത്തി. ന്ത്യയുടെ കയറ്റുമതി 2022ല്‍ 180 മില്യണ്‍ ഡോളറായിരുന്നു. ആഗോളതലത്തില്‍ ലഹരിപാനീയങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ഇപ്പോള്‍ 40-ാം സ്ഥാനത്താണ്.