ഉപഭോക്താവിന്റെ ബ്രൗസിംഗ് പഠിച്ച് തക്ക പരസ്യമെത്തിച്ചു, മെറ്റയ്ക്ക് 3,424 കോടി രൂപ പിഴയിട്ട് ഇ യു
- ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മെറ്റയ്ക്ക് അന്ത്യശാസനം നല്‍കിയെന്നും അധികൃതര്‍
ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി (ബ്രൗസിംഗ് ഉള്‍പ്പടെ ഓണ്‍ലൈനായി ചെയ്യുന്ന പ്രവര്‍ത്തികള്‍) മനസിലാക്കി അതിന് അനുസൃതമായ പരസ്യങ്ങള്‍ (ബിഹേവിയറല്‍ ആഡ്) ഓരോ വ്യക്തികളിലും എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയ്ക്ക് 414 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 3,424 കോടി രൂപ) പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയത്. ഇത് യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഇറക്കിയ അറിയിപ്പിലുണ്ട്.
ഇപ്പോള്‍ മെറ്റ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് നിരീക്ഷിച്ച് ഉറപ്പാക്കാന്‍ കമ്പനിയ്ക്ക് മൂന്നു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മെറ്റയ്ക്ക് അന്ത്യശാസനം നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. മെറ്റയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊഡക്ഷന്‍ ചട്ടങ്ങള്‍ക്ക് എതിരാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഒരു ഉപഭോക്താവ് പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് സൃഷ്ടിക്കുമ്പോഴോ, ലോഗിന്‍ ചെയ്യുന്ന സമയത്തോ ഇത്തരത്തിലുള്ള 'ബിഹേവിയറല്‍ പരസ്യങ്ങള്‍' ലഭ്യമായി തുടങ്ങുമെന്ന് വ്യവസ്ഥകളില്‍ (കോണ്‍ട്രാക്ട്) ഉള്‍പ്പെടുത്താനുള്ള അധികാരം മെറ്റയ്ക്കില്ലെന്നും ഇത് ചട്ടലംഘനമാണെന്നും ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കണമെങ്കില്‍ കമ്പനിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കണം എന്നത് സംബന്ധിച്ച് 2018 മുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കമ്പനികള്‍ പരസ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ ചട്ടങ്ങളില്‍ അവ്യക്തതയുണ്ടെന്ന് മെറ്റ അധികൃതര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. ഐറിഷ് കമ്മീഷന്റെ നീക്കത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി.