ആരാണ് കേമന്‍ സ്വിഗ്ഗിയോ സൊമാറ്റോയോ ?

  • സ്വിഗ്ഗിയും സൊമാറ്റോയും ശ്രദ്ധ കേന്ദ്രീകരിച്ച നഗരമായിരുന്നു ബെംഗളുരു
  • സൊമാറ്റോയ്ക്ക് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വന്‍ സ്വാധീനമുണ്ട്
  • 2023 മെയ് മാസത്തില്‍ മാത്രം ഏകദേശം 1.6 ദശലക്ഷം സൊമാറ്റോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു

Update: 2023-07-05 07:14 GMT

രാജ്യത്തെ ഫുഡ് ഡെലിവറി രംഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൊമാറ്റോ, സ്വിഗ്ഗി എന്നീ രണ്ട് വമ്പന്മാരുടെ മത്സരവേദിയായി മാറിയിരിക്കുകയാണ്.

2020-ല്‍ വിപണിയുടെ 52 ശതമാനം വിഹിതം സ്വിഗ്ഗിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം 3 വര്‍ഷത്തിനുള്ളില്‍ സ്വിഗ്ഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോ മുന്നേറുന്ന കാഴ്ചയാണു കാണുവാന്‍ സാധിച്ചത്. സ്വിഗ്ഗിയുടെ വിപണി വിഹിതം 45 ശതമാനമായി കുറഞ്ഞു.

സ്വിഗ്ഗിയുടെ ഏറ്റവും വലിയ ഓഹരിയുടമയായ പ്രോസസില്‍(prosus) നിന്നുള്ള ഡാറ്റ പറയുന്നത്, സ്വിഗ്ഗിയുടെ ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു(gross merchandise value-GMV) സാമ്പത്തികവര്‍ഷം 2022-23-ല്‍ 2.6 ബില്യന്‍ ഡോളറായിരുന്നു. അതേ കാലയളവില്‍ സൊമാറ്റോയുടേത് 3.2 ബില്യന്‍ ഡോളറുമായിരുന്നു.

എന്താണ് സൊമാറ്റോയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച ഘടകം ?

ടയര്‍ 2 നഗരങ്ങളിലേക്കും അതിനപ്പുറത്തേക്കും ഇറങ്ങിച്ചെല്ലാന്‍ സാധിച്ചത്, ഇന്ത്യയിലാകെ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചത് എന്നിവയൊക്കെ ഗുരുഗ്രാം ആസ്ഥാനമായ സൊമാറ്റോയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച ഘടകങ്ങളാണ്.

സ്വിഗ്ഗിയും സൊമാറ്റോയും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു നഗരമായിരുന്നു ബെംഗളുരു. ബെംഗളുരുവിലെ വലിയ കുടിയേറ്റ ജനസംഖ്യയാണ് രണ്ടു കമ്പനികളെയും ആകര്‍ഷിച്ച ഘടകം. ഇവരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ സ്വിഗ്ഗി വിജയിക്കുകയും ചെയ്തു. ഇന്നും നഗരത്തിലെ ഫുഡ് ഡെലിവറി മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നത് സ്വിഗ്ഗിയാണ്.

ബെംഗളുരു സ്വിഗ്ഗിയുടെ സ്വന്തം തട്ടകമാണ്. അവിടെ അജയ്യരായി തീര്‍ന്ന സ്വിഗ്ഗി ബെംഗളുരു നഗരത്തില്‍ പയറ്റിയ തന്ത്രം മറ്റ് നഗരങ്ങളിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. അതാകട്ടെ, സ്വിഗ്ഗിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്തതായി അനലിസ്റ്റുകള്‍ പറയുന്നു.

ബെംഗളുരു വിപണിയില്‍ സ്വിഗ്ഗിക്കുള്ള സ്വാധീനം പോലെ സൊമാറ്റോയ്ക്ക് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വന്‍ സ്വാധീനമുണ്ട്.

മെട്രോ ഇതര നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ സൊമാറ്റോ തയാറായില്ല. മെട്രോ ഇതര നഗരങ്ങള്‍ ഉടനടി ഫലം നല്‍കില്ലെന്ന് അറിയാവുന്നതിനാലാണ് അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൊമാറ്റോ വിമുഖത പ്രകടിപ്പിച്ചത്.

വിതരണ ശൃംഖലയോ (supply chain), മാര്‍ക്കറ്റിംഗോ, റെസ്‌റ്റോറന്റ് ചോയ്‌സുകളോ....ഏതുമാകട്ടെ ഓരോ പ്രദേശത്തും ആ പ്രദേശത്തെ വിപണിയെ, സവിശേഷമായ തന്ത്രത്തിലൂടെ സമീപിച്ചുകൊണ്ടു കൂടുതല്‍ പ്രാദേശികവല്‍ക്കരിച്ച രീതിയിലാണ് സൊമാറ്റോ അതിന്റെ ബിസിനസ് വളര്‍ത്തിയെടുത്തത്.

ഹ്രസ്വകാല നേട്ടങ്ങളില്‍ ശ്രദ്ധിക്കാതെ ദീര്‍ഘകാല നേട്ടങ്ങളില്‍ ശ്രദ്ധിക്കാന്‍ സൊമാറ്റോ ശ്രമിച്ചു. അതാകട്ടെ, കമ്പനിക്ക് ഗുണകരമായി.

മറുവശത്ത്, സ്വിഗ്ഗിയുടെ ചെറിയ സാന്നിധ്യമാണ് അവരുടെ പോരായ്മയെന്നു വേണമെങ്കില്‍ പറയാം. ബെംഗളുരു ആസ്ഥാനമായ സ്വിഗ്ഗിക്ക് ഏകദേശം 580 നഗരങ്ങളിലാണ് സാന്നിധ്യമുള്ളത്. ഗുരുഗ്രാം ആസ്ഥാനമായ സൊമാറ്റോയ്ക്ക് നിലവില്‍ 750-ലധികം ഗ്രാമങ്ങളില്‍ സാന്നിധ്യമുണ്ട്.

കൂടുതല്‍ നഗരങ്ങളില്‍ സാന്നിധ്യമുള്ളത് സ്വാഭാവികമായും കൂടുതല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കും. ഇതും സൊമാറ്റോയ്ക്ക് ഗുണം ചെയ്തു.

2023 മെയ് മാസത്തില്‍ മാത്രം ആന്‍ഡ്രോയ്ഡ് ഒഎസില്‍ ഏകദേശം 1.6 ദശലക്ഷം സൊമാറ്റോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇതേ കാലയളവില്‍ സ്വിഗ്ഗിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതാകട്ടെ, ഏകദേശം 1.1 ദശലക്ഷം ഡൗണ്‍ലോഡും.

ആന്‍ഡ്രോയിഡ് ഒഎസ് ഡൗണ്‍ലോഡുകള്‍ പൊതുവെ ആപ്പ് ഡൗണ്‍ലോഡുകളില്‍ ഒരു ട്രെന്‍ഡ് സ്ഥാപിക്കുന്നതിനുള്ള നല്ല മാര്‍ഗമായി കണക്കാക്കപ്പെടുന്നു. കാരണം, ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 95 ശതമാനവും ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തമാണ്.

ഉയര്‍ന്ന ഡൗണ്‍ലോഡുകള്‍, സൊമാറ്റോയ്ക്ക് പ്രതിമാസ സജീവ ഉപയോക്താക്കളുടെ (MonthlyActiveUser) അടിത്തറ സൃഷ്ടിക്കാനും സഹായിച്ചു. 2023 മെയ് മാസത്തില്‍ സൊമാറ്റോയ്ക്കു മൊത്തം 3 ദശലക്ഷം MAU-കള്‍ ഉണ്ടായിരുന്നു. ഇതേ കാലയളവില്‍ സ്വിഗ്ഗിക്ക് ഉണ്ടായിരുന്നത് 2.4 ദശലക്ഷമാണ്.

കൊറോണക്കാലം

കൊറോണ മഹാമാരിക്കാലത്താണ് ഫുഡ് ഡെലിവറി ബിസിനസ് കുതിച്ചുയര്‍ന്നത്. അന്ന് ആളുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കാതെ വന്നതോടെ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടി വന്നു.

ഇടയ്ക്കിടെ ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ ഒരു ലക്ഷണമായിരുന്നു, എന്നാല്‍ സ്വിഗ്ഗിയ്ക്ക് വിപണി വിഹിതം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി അത് മാറി.

അതെങ്ങനെ ?

കൊറോണയും അതേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും ആളുകളെ വീട്ടിലിരുത്തി. പലരും ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്തു. സ്വിഗ്ഗിയുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഓഫീസില്‍ ജോലി ചെയ്തിരുന്നവരായിരുന്നു. അവര്‍ ഓഫീസിലിരുന്ന് സ്വിഗ്ഗി ആപ്പിലൂടെ ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഓര്‍ഡര്‍ ചെയ്തിരുന്നവരുമായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ ഓഫീസില്‍നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞു. അത് സ്വിഗ്ഗിക്ക് വലിയ ആഘാതം സൃഷ്ടിക്കുകയും ചെയ്തു.

ഉച്ചഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഓണ്‍ലൈന്‍ ഫുഡ് ആപ്പുകള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളുടെ 35 ശതമാനവും ഉച്ചഭക്ഷണമാണ്.

സ്വിഗ്ഗി അതിന്റെ നഷ്ടം മെല്ലെ മെല്ലെ തിരിച്ചുപിടിക്കുമ്പോള്‍, സൊമാറ്റോ, ഹോംസ്റ്റൈല്‍ മീല്‍സിന്റെ ദൈനംദിന ഓഫറിലൂടെ, മൊത്തം ഉച്ചഭക്ഷണ ഓര്‍ഡറുകളുടെ വലിയൊരു ഭാഗം സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നുമുണ്ട്.

സാമ്പത്തികവര്‍ഷം 2022-23-ല്‍ (FY23) സ്വിഗ്ഗിയുടെ നഷ്ടം 545 മില്യണ്‍ ഡോളറായിരുന്നു.സൊമാറ്റോയുടേത് ഏകദേശം 110 മില്യണ്‍ ഡോളറും. രണ്ട് ഭീമന്മാര്‍ക്കും ഏകദേശം സമാനമായ വരുമാനം ഉണ്ടായിരുന്നു എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സ്വിഗ്ഗിക്ക് 900 മില്യന്‍ ഡോളറും, സൊമാറ്റോയ്ക്ക് 885 മില്യന്‍ ഡോളറുമായിരുന്നു വരുമാനം.

സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിലെ നിക്ഷേപമാണ് വലിയ നഷ്ടത്തിനു കാരണമായതെന്ന് സിഇഒ ശ്രീഹര്‍ഷ മജെറ്റിയും നിക്ഷേപകരായ പ്രോസസും സൂചിപ്പിച്ചു.

ഗ്രോസറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന വിഭാഗമാണ് ഇന്‍സ്റ്റാമാര്‍ട്ട്. ഇതുപോലെ ഒരു വിഭാഗം സൊമാറ്റോയ്ക്കുമുണ്ട്. ബ്ലിങ്കിറ്റ് (blinkit) എന്നാണ് പേര്.

സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിനെ സ്വന്തമായി നിര്‍മിച്ചെടുക്കുകയായിരുന്നു. സ്വിഗ്ഗി ഇതിനായി ഒരുപാട് പണം ചെലവഴിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

(അവലംബം: www.moneycontrol.com)

Tags:    

Similar News