ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി; ബജറ്റ് ടൂറിസം ക്ലിക്ക്ഡ്

  • അന്‍പതോളം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ടൂര്‍ പാക്കേജ് ഒരുക്കും.

Update: 2023-02-07 07:15 GMT

മടിശ്ശീല കീറാതെ യാത്രകള്‍ സാധ്യമാക്കാന്‍ കെഎസ്ആര്‍ടിസി ഒരുക്കിയ ബജറ്റ് ടൂറിസം പദ്ധതിയുടെ എല്ലാ പാക്കേജുകളും ഹിറ്റാണ്. ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പുതിയ ടൂര്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. അന്‍പതോളം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ടൂര്‍ പാക്കേജ് ഒരുക്കും.

മാര്‍ച്ച് 8നാണ് ലോക വനിതാദിനം, മാര്‍ച്ച് 6 മുതല്‍ 22 വരെയാണ് ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം എന്നിവിടങ്ങളിലേക്ക് യാത്ര പോകും. ഇതിനു പുറമെ കൊച്ചിയില്‍ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി യാത്ര.

കോഴിക്കോട് നിന്നും വയനാട് നിന്നും തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നുമെല്ലാം ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ യാത്ര ആരംഭിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്ര തിരഞ്ഞെടുക്കാം.

കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഈമാസം 10ന് രാവിലെ 6.00 മണിക്ക് മൂന്നാറിലേക്ക് നടത്തുന്ന ഉല്ലാസ യാത്രയ്ക്ക് 1900 രൂപയാണ് ഈടാക്കുക. 10 ന് രാത്രി 10 മണിക്ക് വാഗമണ്‍- കുമരകം യാത്രയുണ്ട്. ഇതിന് ഭക്ഷണം ഉള്‍പ്പെടെ 3850 രൂപ മാത്രം. 11ന് നെല്ലിയാമ്പതി, 16നും 23നും ഗവി പരുന്തിന്‍പാറ, 21നും 28നും നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര എന്നിങ്ങനെയാണ് ഉല്ലാസ യാത്ര ട്രിപ്പുകള്‍.

കൂടാതെ എല്ലാ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നഗരത്തെ അറിയാം എന്ന നഗരയാത്രയും ഒരുക്കുന്നുണ്ട്. 200 രൂപയാണ് ഇതിന്റെ ചാര്‍ജ്. നഗരത്തിലെ പ്ലാനറ്റേറിയം, ബീച്ച് തുടങ്ങിയ ഓരോ സ്ഥലത്തും കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ സമയം ചെലവഴിക്കാന്‍ ഉതകുന്ന യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544477954, 9846 100728, 99617 61708, 85 89038725. ഈ നമ്പറുകളില്‍: രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ ബന്ധപ്പെടാവുന്നതാണ്.


Tags:    

Similar News