കുറുവാ ദ്വീപ് വീണ്ടും തുറക്കുന്നു: മുതിര്‍ന്നവര്‍ക്ക് പ്രവേശന ഫീസ് 220 രൂപ

Update: 2024-10-15 08:35 GMT

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഇന്ന് തുറക്കും. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ് എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത്. വനം വകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതോടെ കഴിഞ്ഞ ഫെബ്രുവരി 16-ന് കുറുവയടക്കമുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചിരുന്നു. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ദീപയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്  തുറക്കാൻ തീരുമാനമായത്.

കുറുവാ ദ്വീപിന് പുറമെ, ചെമ്പ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് എന്നിവയും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുറുവാ ദ്വീപിൽ ഇന്നുമുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കുമെങ്കിലും, ചെമ്പ്രാ പീക്ക്, ബാണാസുരമല മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് എന്നിവയിൽ ഒക്ടോബര്‍ 21 മുതലാണ് പ്രവേശനം അനുവദിക്കുക. സൂചിപ്പാറ വെള്ളച്ചാട്ടം നവംബര്‍ ഒന്ന് മുതല്‍ തുറക്കും.

ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശന ഫീസ് ഇനത്തില്‍ വര്‍ധന വരുത്തുകയും സന്ദര്‍ശകരുടെ എണ്ണം പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. കുറുവാദ്വീപില്‍ മുതിര്‍ന്നവര്‍ക്ക് 220 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 440 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 400 ആളുകളെ മാത്രമേ അനുവദിക്കൂ.

ചെമ്പ്രാ പീക്ക് ട്രക്കിങ് (അഞ്ച് പേരുടെ (ഗ്രൂപ്പിന്) മുതിന്നവര്‍ക്ക് 5000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 1800 രൂപയും വിദേശികള്‍ക്ക് 8000 രൂപയുമാണ് പ്രവേശന ഫീസ്. 

Tags:    

Similar News