നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരമൊരുക്കിയ 'ദി ഇഗ്‌നൈറ്റ്' കൊല്ലം സമാപിച്ചു
- 'സംരംഭക പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായ പരിപാടിയില്‍ നിരവധി നിക്ഷേപകരും ജനങ്ങളും പങ്കാളികളായിരുന്നു
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപകര്‍ക്കായി കൊല്ലത്ത് നടന്ന പരിപാടി 'ദി ഇഗ്‌നൈറ്റ് കൊല്ലം സമാപിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ബോധവല്‍ക്കരിക്കുന്നതിനുമായാണ് കെഎസ് യുഎമ്മിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയായിരുന്നു ഇഗ്‌നൈറ്റിന്റെ ലക്ഷ്യം.
സ്റ്റാര്‍ട്ടപ്പ് സംരംഭകരെ മികച്ച അവസരങ്ങള്‍ക്കായി ബോധവല്ക്കരിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നീ ലക്ഷ്യങ്ങളും ഇഗ്‌നൈറ്റിനുണ്ട്. കേരളത്തിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഏകദിന പരിപാടിയുടെ മൂന്നാം പതിപ്പായിരുന്നു ഇത്. 'സംരംഭക പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായ പരിപാടിയില്‍ നിരവധി നിക്ഷേപകരും ജനങ്ങളും പങ്കാളികളായിരുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള 23 ന്റെ മുന്നോടിയായാണ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇഗ്‌നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്.
50 ലധികം സ്റ്റാര്‍ട്ടപ്പുകളും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള 30ലധികം നിക്ഷേപകരും 'ഇഗ്‌നൈറ്റില്‍' പങ്കെടുത്തു. പിച്ചിംഗുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെ സ്വയം അവതരിപ്പിക്കണം എന്നതിനെ കുറിച്ച് മൈകെയര്‍ സ്ഥാപകന്‍ സെനു സാം, ട്രാന്‍സ്മിയോ സ്ഥാപകനും സിഇഒയുമായ സഫില്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.
നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തേണ്ട രീതി തുടങ്ങിയവ പരിപാടിയില്‍ ചര്‍ച്ച ചെയ്തു.
കൊല്ലത്തെ എയ്ഞ്ചല്‍ നിക്ഷേപകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനും നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്നതിനുമായുള്ള ചര്‍ച്ചകള്‍ക്കും 'ഇഗ്‌നൈറ്റ് 'വേദിയായി. ഇന്‍വെസ്റ്റര്‍ കഫേ, നിക്ഷേപകര്‍ക്കുള്ള ക്ലാസ്, ഓഹരി ഉടമകളുടെ യോഗം, നെറ്റ്വര്‍ക്കിംഗ് സെഷന്‍, റൗണ്ട് ടേബിള്‍ ചര്‍ച്ച തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.
നിരവധി അക്കാദമിക് സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, നിക്ഷേപകര്‍ എന്നിവയാല്‍ സമൃദ്ധമായ നാടാണ് കൊല്ലമെന്നും ഇവിടുത്തെ സംരംഭകരേയും നിക്ഷേപകരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുമായി കെഎസ്‌യുഎം മുന്നോട്ട് പോകുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കുമായി ഒരു ഹബ് രൂപീകരിക്കുമെന്നും കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നിക്ഷേപത്തിനും സംരംഭകത്വത്തിനും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ജില്ലയില്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലബാര്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കിലെ പി കെ ഗോപാലകൃഷ്ണന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലുള്ള വലിയ നിക്ഷേപ സാധ്യതകളെക്കുറിച്ച കൊല്ലത്തെ നിക്ഷേപകര്‍ക്കായുള്ള പ്രത്യേക സെഷനില്‍ സംസാരിച്ചു.
എംഎല്‍എമാരായ സുജിത് വിജയന്‍പിള്ള, നൗഷാദ് എം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍, ഫിഷറീസ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, ടെക്‌നോപാര്‍ക്ക് കുണ്ടറ, ടികെഎം കോളേജ്, എംഇഎസ്. ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍, മലബാര്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.