കുവൈത്ത് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം

  • കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യത ഒരുങ്ങുന്നുമെന്ന് പി ശ്രീരാമകൃഷ്ണന്‍

Update: 2023-02-08 11:00 GMT

കുവൈത്തിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് (കെഎന്‍ജി ) ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിയമന നടപടികള്‍ ആരംഭിച്ചു. ഇതാദ്യമായാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കാക്കനാട്ട് കഴിഞ്ഞ ദിവസം ആരംഭിച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഈ 10 വരെയാണ് നിയമന നടപടികള്‍.

നോര്‍ക്ക റൂട്ട്‌സ് നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശയും വിശദമായ മാര്‍ഗരേഖകളും ഈ ദിവസങ്ങളില്‍ കൈമാറും. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ കെഎന്‍ജി പ്രതിനിധികള്‍ നോര്‍ക്ക അധികൃതര്‍ക്ക് കൈമാറി.

കുവൈത്ത് നാഷണല്‍ ഗാര്‍ഡിലെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.

ആരോഗ്യ രംഗത്തെ കൂടാതെ എഞ്ചിനിയറിംഗ്, ഐ.ടി, ഡാറ്റാ അനലിസ്റ്റ് മേഖലകളിലുമുളള ഒഴിവുകള്‍ക്ക് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുമെന്ന് കുവൈറ്റ് സംഘം ഉറപ്പുനല്‍കിയതായി നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യത്തിലുളള ധാരണാപത്രം നോര്‍ക്ക റൂട്ട്‌സ് കൈമാറുന്ന മുറയ്ക്ക് ഒപ്പുവെയ്ക്കും.

നിയമപരവും സുരക്ഷിതവുമായി വിദേശരാജ്യങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന നോര്‍ക്ക റൂട്ട്‌സിന് പുതിയ ചുവടുവെയ്പ്പാണ് കെഎന്‍ജി റിക്രൂട്ട്‌മെന്റ് എന്ന് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. കുവൈത്തിലേയ്ക്കുളള പുത്തന്‍ തൊഴില്‍വാതായനങ്ങള്‍ തുറക്കാന്‍ റിക്രൂട്ട്‌മെന്റ് നടപടിക സഹായകരമാകുമെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

കുവൈത്ത് നാഷണല്‍ ഗാര്‍ഡ് പ്രതിനിധികളായ കേണല്‍ അല്‍ സയ്ദ് മെഷല്‍, കേണല്‍ ഹമ്മാദി തരേഖ്, മേജര്‍ അല്‍ സെലമാന്‍ ദാരി, ലെഫ്. കേണല്‍ അല്‍ മുത്താരി നാസര്‍ എന്നിവരാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുക.

Tags:    

Similar News