നാളെ എവിടേക്ക് ടിക്കറ്റെടുത്താലും വെറും 20 രൂപ; ഇത് മെട്രോയുടെ പിറന്നാള്‍ മധുരം

  • കൊച്ചിയ്ക്ക് മുകളിലുടെ ഓടിച്ചാടി ആറാം പിറന്നാളിലെത്തിയ മെട്രോ കുട്ടി, നാളെ സമ്മാനങ്ങളുമായി കാത്തിരിക്കുകയാണ്

Update: 2023-06-16 09:45 GMT

നാളെ ആറാം പിറന്നാളിന്റെ മധുരം നുണയുകയാണ് നമ്മുടെ സ്വന്തം കൊച്ചി മെട്രോ. നഗര ഗതാഗതത്തില്‍ പുതു ചരിത്രമാണ് മെട്രോയുടെ വരവോടെ സാധ്യമായത്. ഇരു കൈയും നീട്ടിയാണ് കൊച്ചിക്കാര്‍ മെട്രോയെ സ്വീകരിച്ചത്. അതിനാല്‍ ഹൃദയത്തില്‍ ഇടം നല്‍കിയവര്‍ക്ക് പിറന്നാളില്‍ മികച്ചൊരു സമ്മാനമാണ് മെട്രോ കരുതി വച്ചിരിക്കുന്നത്. നാളെ എവിടേക്ക് ടിക്കറ്റെടുത്താലും നിരക്ക് വെറും 20 രൂപ മാത്രം. 30, 40, 50, 60 ടിക്കറ്റുകള്‍ക്ക് പകരമാണിത്. മിനിമം ടിക്കറ്റ് 10 രൂപയില്‍ മാറ്റമില്ലാതെയാണ് ഈ ഓഫര്‍.

ഏപ്രില്‍ മാസത്തില്‍ പ്രതിദിനം ശരാശരി 75,831 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചത്. മേയ് മാസത്തില്‍ ഇത് 98,766 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് വാര്‍ഷിക ദിനം കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ചു തുടങ്ങിയത്.

കാത്തിരിപ്പുണ്ട് മറ്റ് ഓഫറുകളും

നാളെ പുതിയതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ ഫീസ് ക്യാഷ് ബാക്കായി ലഭിക്കും. 225 രൂപയാണ് ക്യാഷ് ബാക്കായി ലഭിക്കുക. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരില്‍ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ.

ഒറ്റ നോട്ടത്തിലെ ചിരിവര

പിറന്നാളില്‍ കൂടുതല്‍ ജനകീയമാകാന്‍ ചിരിവര പരിപാടിയുമായിട്ടാണ് കൊച്ചി മെട്രോ എത്തിയിരിക്കുന്നത്. ഇപി ഉണ്ണി ,രതീഷ് രവി, ടിജി ജയരാജ്, മധൂസ്, സജീവ് ശൂരനാട്, സജ്ജീവ് ബാലകൃഷ്ണന്‍, സുധീര്‍നാഥ്, സജിത് കുമാര്‍, ഗോകുല്‍ ഗോപാലകൃഷ്ന്‍ എന്നീ കാര്‍ട്ടൂണിസ്റ്റുകളാണ് ചിരിവരയുടെ ജീവനാഡി. വിവധ സ്റ്റേഷനുകളില്‍ നിന്ന് കയറിയ ഇവര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കമുള്ള യാത്രക്കാരുടെ മുഖങ്ങളാണ് കാരിക്കേച്ചറുകളാക്കിയത്. വരും ദിവസങ്ങളില്‍ ഈ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ഇപി ഉണ്ണിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

അതേസമയം കൊച്ചി മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം തുടരുകയാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 25000, 15000, 10000 രൂപവീതം സമ്മാനം ലഭിക്കും. ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേകോട്ട എന്നീ സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രദര്‍ശന--വില്‍പ്പന മേളകള്‍ നടക്കുന്നുണ്ട്.

കാക്കനാട്ടെ രണ്ടാംഘട്ടം

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല, കാക്കനാട് ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളുടെ നിര്‍മ്മാണമാണ് ആദ്യം തുടങ്ങുന്നത്. ഏതാണ്ട് 11.2 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിന്റെ ദൈര്‍ഘ്യം. ഇതിനിടയില്‍ 11 സ്‌റ്റേഷനുകളുണ്ടായിരിക്കും. 1,957.05 കോടി രൂപയാണ് രണ്ടാം ഘട്ട ചെലവ് കണക്കാക്കിയിരിക്കുന്നത്.

ആലുവ മുതല്‍ പേട്ട വരെയുള്ള ആദ്യഘട്ടം

2017 ജൂണ്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര നഗര വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി രൂപവല്‍ക്കരിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് (കെഎംആര്‍എല്‍) കൊച്ചി മെട്രോയുടെ ചുമതല നിര്‍വ്വഹിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ആലുവ മുതല്‍ പേട്ട വരെ 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ആദ്യഘട്ടം നടപ്പിലാക്കിയത്. 22 സ്റ്റേഷനുകളുള്ള ഒന്നാം ഘട്ടത്തിന്റെ ചെലവ് 5181.79 കോടി രൂപയാണ്.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 710.93 കോടി രൂപ ചെലവില്‍ പേട്ട മുതല്‍ എസ്എന്‍ ജംക്ഷന്‍ വരെ 1.80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വയഡക്ട് പദ്ധതിയായാണ് നടപ്പിലാക്കിയത് . സംസ്ഥാന പദ്ധതിയുടെ കീഴിലാണ് വരുന്നത്. തയ്യാറായിക്കഴിഞ്ഞു.

എസ്എന്‍ ജംക്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള 1.20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട ബി പദ്ധതി സംസ്ഥാന സെക്ടര്‍ പദ്ധതിയായി നിര്‍മാണം പുരോഗമിക്കുകയാണ്.

Tags:    

Similar News