കൊപ്ര സംഭരണത്തില്‍ പിന്നോട്ടടിച്ച് കേരളം; 2022ല്‍ 225 ടണ്‍ മാത്രം
- തമിഴ്‌നാട് 40,000 ടണ്‍ കൊപ്രയാണ് കഴിഞ്ഞവര്‍ഷം സംഭരിച്ചത്
നല്ല മഴ ലഭിച്ചതിനാല്‍ മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേര കര്‍ഷകരെങ്കിലും കൊപ്ര സംഭരണത്തില്‍ പിന്നോട്ടടിച്ച് കേരളം. 2022ല്‍ സംസ്ഥാനത്ത് സംഭരിച്ചത് 255 ടണ്‍ കൊപ്ര മാത്രമാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് 40,000 ടണ്‍ കൊപ്ര സംഭരിച്ചപ്പോഴാണിത്. കൊപ്ര സംഭരണം കാര്യക്ഷമമല്ലാത്തതിനാല്‍ കേന്ദ്രം താങ്ങുവില ഉയര്‍ത്തിയത് ഗുണം ചെയ്യില്ലെന്ന വിശ്വാസത്തിലാണ് കൂടുതല്‍പേരും.
താങ്ങുവിലയായ 10,870 രൂപയ്ക്ക് കൂടുതല്‍ കൊപ്ര സംഭരിക്കണമെങ്കില്‍ സംഭരണത്തിന് പുതിയ ഏജന്‍സിയെ ഇറക്കണം. കേരളത്തിന് 50,000 ടണ്‍ കൊപ്ര ശേഖരിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. താങ്ങുവിലയേക്കാള്‍ 2270 രൂപ കുറഞ്ഞ് 8600 രൂപയാണ് നിലവിലെ വിപണിവില.
അടുത്തമാസത്തോടെ തോട്ടങ്ങളിലെ നാളികേരെ വിളവെടുപ്പിന് പാകമാവും. ഇപ്പോഴേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ സജ്ജമായില്ലെങ്കില്‍ ഈ വര്‍ഷവും കേരകര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ഗുണം ലഭിക്കാതെ പോവും.
റേഷന്‍ കടകളിലൂടെ വെളിച്ചെണ്ണ വില്‍ക്കാനുള്ള പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഉല്‍പ്പാദകര്‍ക്ക് ഗുണം ചെയ്യുന്ന ഇത്തരം പ്രഖ്യാപനത്തിനാണ് കേരകര്‍ഷകര്‍ കാതോര്‍ക്കുന്നത്. ആവശ്യത്തിന് സംഭരണകേന്ദ്രങ്ങള്‍ ഇല്ലെന്നതാണ് കേരളം നേരിടുന്ന പ്രതിസന്ധി.