ആറ് മാസത്തിനിടെ 83 ശതമാനം നേട്ടം, ഓഹരി വിപണിയില്‍ മിന്നിത്തിളങ്ങി കേരള കമ്പനി

  • കേരള കമ്പനികളില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏക ജൂവലറി കമ്പനിയാണ് കല്യാണ്‍ ജൂവലേഴ്സ്

Update: 2023-01-24 08:45 GMT

രണ്ട് വര്‍ഷം മുമ്പത്തെ ഓഹരി വിപണി അരങ്ങേറ്റത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകരുടെ മനം നിറച്ച് കേരള കമ്പനിയായ കല്യാണ്‍ ജൂവലേഴ്സ്. ആറ് മാസത്തിനിടെ 83 ശതമാനത്തിന്റെ നേട്ടമാണ് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജൂവലേഴ്സ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, 65 രൂപയായിരുന്നു ആറ് മാസം മുമ്പത്തെ ഒരു ഓഹരിയുടെ വിലയെങ്കില്‍ ഇന്ന് അത് എത്തിനില്‍ക്കുന്നത് 120 രൂപയിലാണ്. ഇതിനിടെ ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 134 രൂപയും കല്യാണ്‍ ജൂവലേഴ്സ് തൊട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനത്തിന്റെ ഉയര്‍ച്ചയും കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരിയിലുണ്ടായി. കൂടാതെ, 2022ല്‍ 77 ശതമാനത്തിന്റെ റിട്ടേണാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. നിലവില്‍ 12,355 കോടി രൂപയാണ് കല്യാണ്‍ ജൂവലേഴ്സിന്റെ വിപണി മൂല്യം.

അരങ്ങേറ്റം പാളി

കേരള കമ്പനികളില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏക ജൂവലറി കമ്പനിയാണ് കല്യാണ്‍ ജൂവലേഴ്സ്. 2021 മാര്‍ച്ചിലാണ് 1,175 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പന കല്യാണ്‍ ജൂവലേഴ്സ് നടത്തിയത്. ഒരു ഓഹരിക്ക് 86-87 രൂപ പ്രൈസ് ബാന്‍ഡായി നിശ്ചയിച്ച് ഐപിഒ നടത്തിയെങ്കിലും ലിസ്റ്റിംഗില്‍ പാളി.

10 രൂപ മുഖവിലയുള്ള ഓഹരികള്‍ 15 ശതമാനം നഷ്ടത്തോടെ 73.95 രൂപയിലായിരുന്നു സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. പിന്നീട് വലിയ ഉയര്‍ച്ചകളിലേക്കൊന്നും നീങ്ങാത്തെ ഓഹരിവില ചാഞ്ചാട്ടത്തില്‍ തുടര്‍ന്നു. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മികച്ച പ്രവര്‍ത്തനഫലങ്ങളുടെയും കമ്പനി പുതിയ ഷോറുമൂകള്‍ തുറന്നതിന്റെയും ഫലമായി ഓഹരിവില ഉയര്‍ന്നുതുടങ്ങിയത്.

മികച്ച പാദഫലങ്ങള്‍

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ വന്‍മുന്നേറ്റമാണ് കല്യാണ്‍ ജൂവലേഴ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയത്. 3333 കോടി രൂപയായിരുന്നു ജൂണില്‍ രേഖപ്പെടുത്തിയ ആകെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ രേഖപ്പെടുത്തിയ 1637 കോടി രൂപയുടെ ഇരട്ടിയിലധികമാണിത്. കൂടാതെ, ഇക്കാലയളവിലെ എബിറ്റ്ഡയും 69 കോടി രൂപയില്‍ നിന്ന് 264 കോടി രൂപയായി ഉയര്‍ന്നു.

രണ്ടാം പാദത്തിലെ വിറ്റുവരവില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. 3473 കോടി രൂപയായിരുന്നു ഇക്കാലയളവിലെ ആകെ വിറ്റുവരവ്. മുന്‍വര്‍ഷത്തെ കാലയളവില്‍ 2889 കോടി രൂപ. എബിറ്റ്ഡയും മുന്‍വര്‍ഷത്തെ 228 കോടിയില്‍നിന്ന് 17 ശതമാനം ഉയര്‍ന്ന് 266 കോടിയിലെത്തി.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും കല്യാണ്‍ ജൂവലേഴ്സ് വരുമാനം ഉയര്‍ത്തി. മുന്‍ വര്‍ഷത്തെ കാലയളവിനേക്കാള്‍ 13 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വരുമാനവും 24 ശതമാനം ഉയര്‍ന്നു. ഇക്കാലയളവില്‍ അഞ്ച് പുതിയ ഷോറൂമുകളും കമ്പനി തുറന്നു. ഇവയെല്ലാം കേരളത്തിന് പുറത്ത് ദക്ഷിണേന്ത്യയിലായിരുന്നു.

വരാനിരിക്കുന്നത് വമ്പന്‍ പദ്ധതി

മികച്ച ഭാവി പദ്ധതികളുമായാണ് കല്യാണ്‍ ജൂവലേഴ്സ് നീങ്ങുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഫ്രാഞ്ചൈസി രീതിയില്‍ ഷോറൂം തുറക്കാന്‍ പാര്‍ട്ണര്‍മാരുമായി ധാരണയിലെത്തിയതായി കമ്പനി വ്യക്തമാക്കിയിരുന്നു. കൂടാതെ, 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കുമെന്നും കല്യാണ്‍ ജൂവലേഴ്സ് അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യന്‍ റീട്ടെയ്ല്‍ സാന്നിധ്യം 30 ശതമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ ഡോട്ട് കോം റീട്ടെയ്ല്‍ സാന്നിധ്യം ശക്തമാക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.

1993 ല്‍ തൃശൂരില്‍ റീറ്റെയ്ല്‍ ആഭരണ ബിസിനസ് ആരംഭിച്ച കല്യാണ്‍ ജൂവലേഴ്സ് ഇന്ന് ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. ഇവിടങ്ങളിലായി 150 ല്‍പ്പരം ഷോറൂമുകളാണ് കമ്പനിക്കുള്ളത്.

Tags:    

Similar News