പ്രിയം ബിരിയാണി തന്നെ; സ്വിഗ്ഗി ഡെലിവറി ചെയ്തത് 7.6 കോടി
- ഓരോ മിനിറ്റിലും ബിരിയാണിക്ക് 219 ഓര്‍ഡര്‍ ലഭിക്കുന്നു
- ദം ബിരിയാണിയാണ് ജനപ്രിയ ചോയ്‌സെന്നു ഡാറ്റ വെളിപ്പെടുത്തുന്നു
- ബിരിയാണി റൈസിന് 3.5 ദശലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു
ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഇന്നും ബിരിയാണി തന്നെയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
' ഇന്റര്‍നാഷണല്‍ ബിരിയാണി ഡേ ' ആയി ആചരിച്ച ജുലൈ രണ്ടിന് ഫുഡ് ഓര്‍ഡറിംഗ് ആന്‍ഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യക്കാര്‍ 7.6 കോടി ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് സ്വിഗ്ഗി അറിയിച്ചു. ഓരോ മിനിറ്റിലും ബിരിയാണിക്ക് 219 ഓര്‍ഡര്‍ ലഭിക്കുന്നു.
2023 ജനുവരി മുതല്‍ 2023 ജൂണ്‍ 15 വരെയുള്ള കാലയളവില്‍ ലഭിച്ച ഓര്‍ഡറുകളില്‍ 8.26 ശതമാനം വളര്‍ച്ച ബിരിയാണി ഓര്‍ഡറുകളില്‍ ഉണ്ടായതായി സ്വിഗ്ഗി വെളിപ്പെടുത്തി.
സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി ഓഫര്‍ ചെയ്യുന്ന 2.6 ലക്ഷത്തിലധികം റെസ്റ്റോറന്റുകള്‍ ഉണ്ട്. ബിരിയാണിയില്‍ മാത്രം സ്‌പെഷ്യലൈസ് ചെയ്ത 28,000-ത്തിലധികം റെസ്റ്റോറന്റുകള്‍ സ്വിഗ്ഗിയിലുണ്ട്. ലഖ്‌നൗ ബിരിയാണി മുതല്‍ മസാലകള്‍ കൊണ്ട് നിറഞ്ഞ ഹൈദരാബാദി ദം ബിരിയാണി വരെയും, രുചികരമായ കൊല്‍ക്കത്ത ബിരിയാണി മുതല്‍ സുഗന്ധമുള്ള മലബാര്‍ ബിരിയാണി വരെ സ്വിഗ്ഗിയിലുണ്ട്. സ്വിഗ്ഗിയുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി സെര്‍വ് ചെയ്യുന്ന റെസ്റ്റോറന്റ് ബെംഗളുരുവിലാണ്. 24,000 റെസ്റ്റോറന്റുകളാണു ബെംഗളുരു നഗരത്തില്‍ സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി വിളമ്പുന്നത്. ബെംഗളുരു കഴിഞ്ഞാല്‍ 22,000 റെസ്റ്റോറന്റുകളുമായി മുംബൈയും 20,000 റെസ്റ്റോറന്റുകളുമായി ഡല്‍ഹിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ബിരിയാണി പ്രേമികളുടെ എണ്ണത്തിന്റെ കാര്യത്തില്‍, ഈ വര്‍ഷം ജൂണ്‍ വരെ 7.2 ദശലക്ഷം ഓര്‍ഡര്‍ ചെയ്ത ഹൈദരാബാദ് നിവാസികളാണ് ഒന്നാം സ്ഥാനത്തുള്ളതെന്നു സ്വിഗ്ഗിയുടെ ഡാറ്റ വെളിപ്പെടുത്തുന്നു. ഏകദേശം അഞ്ച് ദശലക്ഷം ഓര്‍ഡറുകളുമായി ബെംഗളൂരും മൂന്ന് ദശലക്ഷം ഓര്‍ഡറുകളുമായി ചെന്നൈയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 6.2 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ ലഭിച്ച ദം ദം ബിരിയാണിയാണ്ഏറ്റവും ജനപ്രിയ ചോയ്‌സെന്നു സ്വിഗ്ഗിയുടെ ഡാറ്റ വെളിപ്പെടുത്തുന്നു. ബിരിയാണി റൈസിന് 3.5 ദശലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു. ഹൈദരാബാദി ബിരിയാണിക്ക് 2.8 ദശലക്ഷത്തിലധികം ഓര്‍ഡറുകളും ലഭിച്ചു. ബിരിയാണി ഓര്‍ഡറുകളിലെ വളര്‍ച്ച ഇന്ത്യന്‍ ഭക്ഷ്യ വ്യവസായത്തിനു ശുഭസൂചനയായിട്ടാണു കാണുന്നത്.