സാഹസ പ്രിയരേ നിരാശരാകരുത്

  • നിലവില്‍ അംഗീകാരം ലഭിച്ച എട്ട് സാഹസിക വിനോദ സ്ഥാപനങ്ങള്‍ മാത്രമാണ് ഇടുക്കി ജില്ലയിലുള്ളത്.

Update: 2023-06-27 11:45 GMT

സാഹസ പ്രിയരായ സഞ്ചാരികള്‍ക്ക് നിരാശ വാര്‍ത്ത. വിവിധ സാഹസിക വിനോദ കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി. സഞ്ചാരികളുടെ സുരക്ഷയും ക്ഷേമവും പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഈ നീക്കമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്.

കേരള അഡ്വഞ്ചര്‍ പ്രൊമോഷന്‍ സൊസൈറ്റി പരിശോധന നടത്തി അംഗീകാരം ലഭിച്ച എട്ട് സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ ഇടുക്കി ജില്ലയിലുള്ളത്.

സാഹസിക വിനോദ സഞ്ചാര മേഖലയില്‍ സിപ്പ് ലൈന്‍, ഹൈഡ്രജന്‍ ബലൂണ്‍, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രെക്കിംഗ്, വാട്ടര്‍ സ്‌പോര്‍ട്ട്‌സ്, പാരാ സൈലിംഗ് തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി നല്‍കുന്ന ലൈസന്‍സ് നേടിയിരിക്കണം. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ലൈസന്‍സ് നേടാത്ത സാഹസിക വിനോദ സ്ഥാപനങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാര പരിധിയിലുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

അതേസമയം അരിക്കൊമ്പന്റെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലങ്ങളില്‍ നിലവില്‍ ടെന്റുകള്‍ ഉയര്‍ന്നുവെന്ന ആരോപണം ശക്തമാണ്. അരിക്കൊമ്പനെ കാട് കടത്തിയതോടെ ആനത്താരയിലടക്കം ടെന്റുകള്‍ സ്ഥാപിച്ച് സഞ്ചാരികളെ താമസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അംഗീകൃത ലൈസന്‍സ്, അനുമതി എന്നിവയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

ടെന്റ് ക്യാമ്പുകള്‍ കണ്ടെത്തുന്നതിന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

സ്വകാര്യ ഭൂമിയിലുള്ള അനധികൃത ടെന്റ് ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതിന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും റവന്യു ഭൂമിയിലുള്ള അനധികൃത ടെന്റ് ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതിന് ദേവികുളം തഹസില്‍ദാരെയും വനഭൂമിയിലുള്ളവ നീക്കം ചെയ്യുന്നതിന് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തി കഴിഞ്ഞു.

റവന്യു ഭൂമിയിലും വനം വകുപ്പിന്റെ ഭൂമിയിലും അനധികൃതമായി പ്രവേശിച്ച് സ്ഥിരമോ, താത്കാലികമോ ആയ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മിതികള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഉടുമ്പന്‍ചോല തഹസില്‍ദാരെയും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തിയതായും ജില്ലാകളക്ടര്‍ അറിയിച്ചു.

Tags:    

Similar News