സംരംഭക വര്‍ഷം നേട്ടമായി; വ്യവസായ മഹാസംഗമം ജനുവരി 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Update: 2023-01-13 10:15 GMT

കൊച്ചി: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭക മഹാസംഗമം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വ്യവസായ മഹാസംഗമത്തില്‍ നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും. സംരംഭക വര്‍ഷം പദ്ധതി എട്ടു മാസത്തിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ട് 1,18,509 സംരംഭങ്ങളും 7,261.54 കോടി രൂപയുടെ നിക്ഷേപവും 2,56,140 തൊഴിലവസരങ്ങളും സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ജനുവരി 21ന് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ 10000 ത്തില്‍പ്പരം നവസംരംഭകരായിരിക്കും പങ്കെടുക്കുക. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങളെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ്. അതിന്റെ ചുവടു പിടിച്ച് സംരംഭക വര്‍ഷം പദ്ധതിയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തില്‍ രാജ്യത്തെ മികച്ച അനുകരണീയ മാതൃകയായി സംസ്ഥാനവ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതി അവതരിപ്പിച്ചു.

ഒരുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിച്ചതിനപ്പുറം ഇവിടെ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളും മികച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. ഇതിനു പുറമെ വനിതാ സംരംഭകരുടെ പ്രാതിനിധ്യവും പ്രത്യേകം എടുത്തു പറയേണ്ടതാ   ണ്.

ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചു.

കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കി. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചു. ഈ പദ്ധതിയുടെ നിക്ഷേപ സൗഹൃദ സ്വഭാവം സംരംഭകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പദ്ധതിയുടെ മെച്ചം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

Tags:    

Similar News