മലനിരകളില്‍ ചൂളം വിളി; ബോഡിനായ്ക്കന്നൂര്‍-ചെന്നൈ ട്രെയിന്‍ സര്‍വീസിന് തുടക്കം

  • മധുര, പഴനി, വേളാങ്കണ്ണി, രാമേശ്വരം, തിരുപ്പതി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പുതിയ സര്‍വീസ് വഴി യാത്ര എളുപ്പമാകും

Update: 2023-06-16 08:30 GMT

ഇടുക്കി മലനിരകളില്‍ പ്രതിധ്വനിയുമായി വീണ്ടുമൊരു ട്രെയിന്‍ സര്‍വീസ്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലേയ്ക്കാണ് പുതിയ സര്‍വീസിന് തുടക്കമായിരിക്കുന്നത്. കേന്ദ്രമന്ത്രി എല്‍ മുരുകന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ ആഴ്ചയില്‍ മുന്ന് ദിവസം മാത്രമാണ് സര്‍വീസ് ഉണ്ടായിരിക്കുക. തിരിച്ച് ചെന്നൈയില്‍ നിന്നും ബോഡിനായ്ക്കന്നൂരിലേയ്ക്കും സര്‍വീസുണ്ടായിരുക്കും. കൂടാതെ ദിവസേന മധുര- ബോഡിനായ്ക്കന്നൂര്‍ സര്‍വീസും ഉണ്ടാകും.

ഇടുക്കിക്കടുത്തേക്ക്

ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ ബോഡിമെട്ടിന് 27 കിലോമീറ്റര്‍ ദൂരത്തിലാണ് ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍. പൂപ്പാറയില്‍ നിന്ന് 35 കിലോമീറ്ററും. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ റൂട്ടില്‍ വീണ്ടും ചൂളം വിളി കേള്‍ക്കുന്നത്. 2010 ലാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചത്. മീറ്റര്‍ഗേജ് പാത ബ്രോഡ് ഗേജ് ആക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍വീസ് നിര്‍ത്തിയത്.

ഇടുക്കിയിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പുതിയ സര്‍വീസ് ഏറെ പ്രയോജനപ്പെടും. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് അയര്‍ സംസ്ഥാനത്തിന്റെ സര്‍വീസ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലേക്ക് പോകാന്‍ എറണാകുളം, കോട്ടയം റെയില്‍വേ സ്റ്റേഷനുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍ ബോഡിനായ്ക്കന്നൂരില്‍ നിന്നുള്ള സര്‍വീസ് ഇതിന് പരിഹാരമാണ്. മധുര, പഴനി, വേളാങ്കണ്ണി, രാമേശ്വരം, തിരുപ്പതി തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ഈ റൂട്ടിലൂടെയുള്ള യാത്ര എളുപ്പമാകും.

സര്‍വീസ്

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 9.35നു ബോഡിനായ്ക്കന്നൂരിലെത്തും. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.30ന് ബോഡിനായ്ക്കന്നൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 7.55നു ചെന്നൈയിലെത്തും.

ഉസിലാംപെട്ടി, ആണ്ടിപ്പെട്ടി, തേനി, എന്നിവടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. മധുര-ബോഡിനായ്ക്കന്നൂര്‍ റൂട്ടിലും തിരിച്ചും അണ്‍ റിസര്‍വ്‌സ് ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

മധുരയ്ക്കും തേനിക്കും ഇടയിലുള്ള 75 കിലോമീറ്ററിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 26നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.

Tags:    

Similar News