ആറ് വയസുകാരി ക്ലാസെടുക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച്; സ്മാര്‍ട്ടാണ് യെസ്ലിന്‍ ആയേഷ

  • ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപിക

Update: 2023-03-13 04:45 GMT

ചാറ്റ് ജിപിടി പോലെയുള്ള പുത്തന്‍ ടെക്‌നോളജിയില്‍ ക്ലാസെടുക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ആരായിരിക്കും. ഉത്തരം തേടി കണ്ണൂര്‍ വരെ പോകേണ്ടിവരും. അവിടെയാണ് യെസ്ലിന്‍ ആയേഷ ഹന്നാനിയയുടെ വീട്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ശംറീസ് ഉസ്മാന്റെയും അമീനയുടെയും മകളായ യെസ്ലിന്‍ ഓണ്‍ലൈനായി ഒരു വര്‍ഷമായി നിരവധി ക്ലാസുകളും വെബിനാറുകളും എടുത്തിട്ടുണ്ട്. സ്‌കൂളിലെ പ്രസന്റേഷന്റെ ഭാഗമായി തുടങ്ങി ബിസിനസ് മോഡലിലേക്കു വളര്‍ന്നുവന്നതാന് യെസ്ലിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍.

കണ്ണൂര്‍ ഉളിയില്‍ ഹെവന്‍സ് പ്രീ സ്‌കൂളില്‍ പ്രൈമറി വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ നടക്കുന്ന വേദിയില്‍ ഈ ആറു വയസുകാരി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ഒരു സെമിനാര്‍ നയിച്ചത് അടുത്തിടെയാണ്. സെമിനാറിന്റെ വിഷയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ലോകത്തെ ഇന്നത്തെ സംസാര വിഷയമായ ചാറ്റ് ജിപിടി. വളരെ ഭംഗിയായി തയ്യാര്‍ ചെയ്ത സ്ലൈഡുകളും നല്ല ചടുലമായ ഇംഗ്ലീഷ് ഭാഷയും ഉപയോഗിച്ച് ക്ലാസ് നയിച്ചത് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂള്‍ എന്ന ഓണ്‍ലൈന്‍ വിദ്യാലയത്തില്‍ ലോവര്‍ ഗ്രേഡ് വിദ്യാര്‍ഥിനിയായ യെസ്ലിന്‍ ആയേഷ ഹന്നാനിയയാണ്. വലുതാകുമ്പോള്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള ടെക്‌നോളജി സൊല്യൂഷനുകള്‍ നിര്‍മിക്കണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

ക്ലാസ് മുന്നോട്ടു പോയപ്പോള്‍ യെസ്ലിനു മനസ്സിലായി പുതിയ ടെക്‌നോളജി ആളുകള്‍ക്ക് വേണ്ടത്ര മനസ്സിലാകുന്നില്ലെന്ന്. അതോടെ നേരത്തെ തയ്യാര്‍ ചെയ്ത സ്ലൈഡുകളില്‍ നിന്നും മാറി മലയാളത്തില്‍ ഏവര്‍ക്കും മനസ്സിലാകുന്ന, നിത്യജീവിതത്തില്‍ ഉപയോഗത്തിലുള്ള ഉദാഹരണങ്ങളുമായി ക്ലാസ് മുന്നേറി. ക്ലാസ് കഴിഞ്ഞ ശേഷം വന്ന നിരവധി സംശയങ്ങള്‍ക്കും ഭംഗിയായി യെസ്ലിന്‍ മറുപടിയും നല്‍കി.

സ്‌കൂളിലെ മറ്റു കുട്ടികളുടെ കൂടെ ആദ്യമായി ക്യാന്‍വാ ഡിസൈന്‍ ക്ലാസുകളാണ് യെസ്ലിന്‍ എടുത്തു തുടങ്ങിയത്. പിന്നീട് തന്റേതായ ഒരു മേഖല തന്നെ വേണം എന്ന ആഗ്രഹത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അവഗാഹം നേടി മറ്റു കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലാസുകള്‍ ഡിസൈന്‍ ചെയ്തത്.

ചാറ്റ് ജിപിടി പോലെയുള്ള പുത്തന്‍ ടെക്‌നോളജികള്‍ പുതുതലമുറ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നാണ് യെസ്ലിന്റെ അഭിപ്രായം. അതിനു വേണ്ടി കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ ഉദാഹരണങ്ങളാണ് യെസ്ലിന്റെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത്.

Tags:    

Similar News