ആശിര്‍വാദ് മൈക്രോഫിനാന്‍സില്‍ മണപ്പുറം ആയിരം കോടി നിക്ഷേപിക്കും
- നിക്ഷേപം ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ ആസ്തി വളര്‍ച്ചക്ക്
- ആശിര്‍വാദിന്റെ 97.51 ശതമാനം ഓഹരികള്‍ മണപ്പുറത്തിന്റെ കൈവശം
- തമിഴ്‌നാട്ടില്‍ ആശിര്‍വാദിന്റെ ബിസിനസ് കേരളത്തെക്കാള്‍ മികച്ചത്
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് (എംഎഫ്എല്‍) അതിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി വളര്‍ച്ചയെ സഹായിക്കുന്നതിനായി ഏകദേശം ആയിരം കോടിരൂപ നിക്ഷേപിക്കും. ഇതിനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം കമ്പനി നല്‍കിയിട്ടുണ്ട്.
ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ ഐപിഒയ്ക്ക് മുന്നോടിയായി ഫണ്ടിംഗ് പ്ലാനിനെക്കുറിച്ച് മണപ്പുറത്തിന്റെ സിഇഒയും എംഡിയുമായ വി പി നന്ദകുമാര്‍ വിശദീകരിച്ചു. 500 കോടി രൂപ മൂലധനമായി മൈക്രോഫിനാന്‍സിലേക്ക് നിക്ഷേപിക്കും.തുടര്‍ന്ന് ടയര്‍ 2 മൂലധനമായി 500കോടി സബോര്‍ഡിനേറ്റ് ഡെബ്റ്റ് രൂപത്തില്‍ കമ്പനി കൂട്ടിച്ചേര്‍ക്കും.
ദക്ഷിണേന്ത്യയില്‍ അതിവേഗം വളരുന്ന മൈക്രോഫിനാന്‍സ് കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്ന ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ 97.51 ശതമാനം ഓഹരികള്‍ മണപ്പുറം ഫിനാന്‍സിന്റെ കൈവശമാണ് ഉള്ളത്.
സമാന്തരമായി, പ്രൈവറ്റ് ഇക്വിറ്റിയില്‍ നിന്നോ (പിഇ) ഐപിഒയില്‍ക്കൂടിയോ മൂലധനം സമാഹരിക്കുന്നതിനുള്ള പദ്ധതിയുമായി മണപ്പുറവും മുന്നോട്ട് പോകുമെന്ന് നന്ദകുമാര്‍ പറഞ്ഞു.
''മൈക്രോഫിനാന്‍സ് ബിസിനസിന് തീര്‍ച്ചയായും മൂലധനം ആവശ്യമാണ്. ആശിര്‍വാദിന്റെ മൂലധന സമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചില മര്‍ച്ചന്റ് ബാങ്കര്‍മാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്, ''നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ, ഗ്രൂപ്പ് ഇപ്പോള്‍ പുറത്തുനിന്നുള്ള മൂലധനം അന്വേഷിക്കുന്നതിനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കും.
ആശിര്‍വാദ് നാലാം പാദത്തില്‍ നികുതിക്കുശേഷമുള്ള അറ്റാദായമായി 99.3 കോടി രൂപ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കമ്പനിക്ക് 5.3 നഷ്ടമാണ് ഉണ്ടായിരുന്നത്.
ആശിര്‍വാദിന്റെ മൂലധന പര്യാപ്തത അനുപാതം 2023 മാര്‍ച്ച് 31 വരെ ആരോഗ്യകരമായ 19.6 ശതമാനമാണ്.
ആശിര്‍വാദിന്റെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി നാലാം പാദത്തില്‍ 43.4 ശതമാനം വര്‍ധിച്ച് 10,040 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 7002.2 കോടി ആയിരുന്നു.
അവലോകന പാദത്തില്‍ (നാലാം പാദം) അറ്റ പലിശ വരുമാനം 328.4 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 248 കോടിയായിരുന്നു ഇത്. വാസ്തവത്തില്‍, മണപ്പുറത്തിന്റെ എംഎഫ് സബ്‌സിഡിയറിക്ക് ഇപ്പോഴും മികച്ച മൂലധന അടിത്തറയാണ് ഉള്ളത്. മണപ്പുറം ഫിനാന്‍സിന്റെ ഏറ്റവും പുതിയ നിക്ഷേപ അവതരണം അനുസരിച്ച് 2023 സാമ്പത്തികവര്‍ഷം അവസാനത്തോടെ ആശിര്‍വാദ് മൈക്രോഫിനാന്‍സ് 461 ഗോള്‍ഡ് ലോണ്‍ ശാഖകള്‍ തുറന്നിട്ടുണ്ട്.
രാജ്യത്തെ ആശിര്‍വാദിന്റെ ബിസിനസ് പരിശോധിക്കുമ്പോള്‍ തമിഴ്‌നാട് ആണ് മുന്നില്‍. ബിസിനസിന്റെ 14ശതമാനമാണ് അവിടെയുള്ളത്. എന്നാല്‍ കേരളത്തില്‍ വിപണി താഴ്ന്ന നിലയിലാണ്. മൊത്തം ബിസിനസിന്റെ 6 ശതമാനം മാത്രമാണ് ഇവിടെ നടക്കുന്നത്.