കാലിയായ ഖജനാവിന് അമരക്കാരനെത്തി, വരുമാനം കൂട്ടാന്‍ ഖര്‍ഗെ എന്ത് ചെയ്യും?

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജന്‍ ഖര്‍ഗേ എത്തുമ്പോള്‍ പാര്‍ട്ടിയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഒഴിഞ്ഞ ഖജനാവാണ്. പാര്‍ട്ടിയെ കോര്‍പ്പറേറ്റുകള്‍ ഉപേക്ഷിച്ചതോടെ വരുമാനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇത് നേതാക്കളെ മാത്രമല്ല അണികളേയും പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. വരുമാനം നിലച്ച ഒരു ദേശീയ പാര്‍ട്ടിയെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുക എന്ന വെല്ലുവിളിയാണ് 80 കാരനായ ഖര്‍ഗേയെ കാത്തിരിക്കുന്നത്. മാത്രമല്ല വലിയ അധികാരവും സമ്പത്തും കോര്‍പ്പറേറ്റ് പിന്തുണയുമുള്ള ബിജെപിയെ എതിരിട്ട് വേണം കോണ്‍ഗ്രസിന് പാര്‍ലമെന്റിലെ സാനിധ്യം […]

Update: 2022-10-19 04:36 GMT

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജന്‍ ഖര്‍ഗേ എത്തുമ്പോള്‍ പാര്‍ട്ടിയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഒഴിഞ്ഞ ഖജനാവാണ്. പാര്‍ട്ടിയെ കോര്‍പ്പറേറ്റുകള്‍ ഉപേക്ഷിച്ചതോടെ വരുമാനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇത് നേതാക്കളെ മാത്രമല്ല അണികളേയും പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. വരുമാനം നിലച്ച ഒരു ദേശീയ പാര്‍ട്ടിയെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുക എന്ന വെല്ലുവിളിയാണ് 80 കാരനായ ഖര്‍ഗേയെ കാത്തിരിക്കുന്നത്. മാത്രമല്ല വലിയ അധികാരവും സമ്പത്തും കോര്‍പ്പറേറ്റ് പിന്തുണയുമുള്ള ബിജെപിയെ എതിരിട്ട് വേണം കോണ്‍ഗ്രസിന് പാര്‍ലമെന്റിലെ സാനിധ്യം വര്‍ധിപ്പിക്കാന്‍.

•വരുമാനം ഇടിഞ്ഞത് 58 ശതമാനം

ഫണ്ടില്ലെങ്കില്‍ പാര്‍ട്ടികളുടെ കാര്യം വലിയ പ്രതിസന്ധിയാണ്.പാർട്ടി ഏതായാലും ഇക്കാര്യത്തിൽ മാറ്റമില്ല. ഉത്തര്‍പ്രദേശിലെ ബിഎസ്പിയും എസ്പിയും ഇന്നത്തെ അവസ്ഥയിലേക്ക് മെലിഞ്ഞതിന് പിന്നില്‍ ഈ ദാരിദ്ര്യമുണ്ട്. ഇത്ര രൂക്ഷമല്ലെങ്കിലും കോണ്‍ഗ്രസിനെയും വലിയ സാമ്പത്തിക പ്രശ്‌നം അലട്ടുന്നുണ്ട് ഇപ്പോൾ. 2021ല്‍ മാത്രം കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 58 ശതമാനം ഇടിവാണുണ്ടായതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

2020-21 കാലയളവില്‍ 285.7 കോടി രൂപ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വരുമാനം. ഇതിന് തൊട്ടു മുന്‍പുള്ള സാമ്പത്തികവര്‍ഷം 682.2 കോടി രൂപയായിരുന്നു വരുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയുടെ ചെലവ് 2019-20 കാലയളവില്‍ 998.15 കോടി രൂപയായിരുന്നെങ്കില്‍ (ലോക്‌സഭാ തിരഞ്ഞെടുപ്പ്) 2020-21 കാലത്ത് ഇത് 209 കോടി രൂപയായി കുറഞ്ഞു. 2018-19 കാലയളവില്‍ 918 കോടി രൂപയായിരുന്നു കോണ്‍ഗ്രസിന്റെ വരുമാനം.

2014ല്‍ ബിജെപി ഭരണത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വലിയതോതില്‍ ഇടിവുണ്ടായിരുന്നു. 'കോര്‍പ്പറേറ്റ് ഡൊണേഷന്‍' ഇനത്തില്‍ ലഭിച്ചിരുന്ന വരുമാനത്തിലുണ്ടായ ഇടിവ് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. 2019-20 കാലയളവിലായി രാജ്യത്തെ കോര്‍പ്പറേറ്റ് ഹൗസുകള്‍ ഏകദേശം 921.95 കോടി രൂപയാണ് വിവിധ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്തത്.

2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ദേശീയ പാര്‍ട്ടികളിലേക്ക് ഒഴുകിയ ആകെ കോര്‍പ്പറേറ്റ് ഡൊണേഷനുകളില്‍ 143 ശതമാനം വര്‍ധനയാണുണ്ടായതെന്നും ഓര്‍ക്കണം. 2019-20 കാലയളവില്‍ ബിജെപിയ്ക്ക് മാത്രമായി 785 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 139 കോടി രൂപ മാത്രമാണ്.

ദേശീയ തിരഞ്ഞെടുപ്പ് കാലമാണ് പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം ഫണ്ടിറങ്ങുന്ന കാലം. 2024 ന് ഇനി അധികം ദൂരമില്ല. വ്യത്യസ്ത വാദങ്ങളുയര്‍ത്തി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിഘടിച്ച് നില്‍ക്കുന്ന നേതാക്കളെയും അണികളെയും ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട്. ഖര്‍ഗെയ്ക്ക് അതിന് കഴിയുമോ എന്ന് കണ്ടറിയണം. പണസമാഹരണമാണ് മറ്റൊരു വലിയ ദൗത്യം. പ്രത്യേകിച്ച് കോര്‍പ്പറേറ്റുകള്‍ കൈവിട്ട സാഹചര്യത്തില്‍.

•ആസ്തി കുറഞ്ഞു, കടം പെരുകി

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2019-20 കാലയളവില്‍ കോണ്‍ഗ്രസിന്റെ ആകെ ആസ്തിയുടെ മൂല്യം 588.16 കോടി രൂപ മാത്രമാണ്. ബിജെപിയ്ക്ക് ഇത് 4,847.78 കോടി രൂപയാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആകെ ബാധ്യത എന്നത് 134.93 കോടി രൂപയുടേതാണ്. ഇതില്‍ 49.55 കോടി രൂപയുടെ ബാധ്യതയാണ് കോണ്‍ഗ്രസിന്റെ പേരിലുള്ളത്. കൃത്യമായി പറഞ്ഞാല്‍ എല്ലാ പാര്‍ട്ടികളുടേയും ബാധ്യതാ തുകയുടെ 66.72 ശതമാനവും കോണ്‍ഗ്രസിന്റെ ചുമലിലാണ്.

•'കൊഴിഞ്ഞു പോക്ക്' തടയാന്‍ പണമില്ല

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ജയിച്ചാലും ഭരണം പിടിക്കാനോ നിലനിര്‍ത്താനോ കഴിയാത്ത സന്ദര്‍ഭങ്ങളെ കോണ്‍ഗ്രസിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്
നിരവധി തവണയാണ്. ഇപ്പോള്‍ തന്നെ കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി എത്രയെത്ര സംസ്ഥാനങ്ങളാണ് പാര്‍ട്ടിക്ക് നഷ്ടമായത്. രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് പിന്തുണയും ഫണ്ടൊഴുക്കും അധികാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

അധികാരമില്ലെങ്കില്‍, അഥവാ അടുത്തെങ്ങാനും അധികാരത്തിലെത്തുമെന്ന് ഉറപ്പില്ലെങ്കില്‍ കോര്‍പ്പറേറ്റ് ഫണ്ടിംഗ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. ഇത് കോൺഗ്രസ് പോലെ കേഡർ സ്വഭാവം തെല്ലുമില്ലാത്ത പാർട്ടികൾക്ക് മുമ്പോട്ടുളള യാത്രയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. നേതാക്കൾ വലിയ തോതിൽ പാർട്ടി വിടുന്നതിന് ഇത് കാരണമാകും. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കാന്‍ പറ്റാതായതോടെ കോണ്‍ഗ്രസിലേക്കുള്ള ഫണ്ടൊഴുക്ക് വീണ്ടും കുറയും. അധികാരമുള്ള സംസ്ഥാനങ്ങളില്‍ പോലും എംഎല്‍എമാരെ ഒപ്പം നിറുത്താനുള്ള ധനം കോണ്‍ഗ്രസ് ഖജനാവില്‍ ഇല്ലാതായതോടെ ഇത്തരം സംസ്ഥാനങ്ങളിലെ ഭരണം കൂടി എപ്പോള്‍ വേണമെങ്കിലും പോകാം എന്ന സ്ഥിതിയായി. പണമില്ലാത്തതിനാല്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രവര്‍ത്തകരെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്.

•കോണ്‍ഗ്രസ് 'ധനികര്‍'

ഡാറ്റാ അനലറ്റിക്സ് കമ്പനിയായ സ്റ്റാറ്റിസ്റ്റ 2019ല്‍ പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ എച്ച് വസന്ത കുമാറായിരുന്നു ഏറ്റവുമധികം ആസ്തിയുള്ള പാര്‍ട്ടി അംഗം. 417 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. 2020ല്‍ വസന്തകുമാര്‍ അന്തരിച്ചു. പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് രണ്ടാം സ്ഥാനത്ത്. 80.26 കോടി രൂപയുടെ ആസ്തിയാണ് കാര്‍ത്തിയ്ക്കുള്ളത്.

സിനിമാ താരവും പാര്‍ട്ടി അംഗവുമായ ഊര്‍മിള മതോന്ദ്കറാണ് മൂന്നാം സ്ഥാനത്ത്. 68.28 കോടി രൂപയാണ് ഊര്‍മ്മിളയുടെ ആസ്തി. ശശി തരൂരാണ് നാലാം സ്ഥാനത്ത്. 35 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. പട്ടികയില്‍ ആറാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. 15.8 കോടി രൂപയാണ് രാഹുലിന്റെ ആസ്തി. അമ്മ സോണിയ ഗാന്ധി ഒന്‍പതാം സ്ഥാനത്താണ്. 11.82 കോടി രൂപയാണ് സോണിയ ഗാന്ധിയുടെ ആസ്തി.

Tags:    

Similar News