ട്രൂകോളറിന് ബദലായി കെവൈസി വരുമ്പോള്‍ 'അജ്ഞാതര്‍' കളമൊഴിയുമോ?
ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് നോക്കി മാത്രം കോള്‍ എടുക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സഹായിച്ച ട്രൂകോളറിന് കേന്ദ്ര സര്‍ക്കാര്‍ വക ബദല്‍ വരുന്നത് സ്വാഗതാര്‍ഹവുമാണ്. കൃത്യത ഉറപ്പ് പറയാനാവാത്ത തേഡ് പാര്‍ട്ടി ആപ്പുകളുടെ സേവനത്തിന് പകരമായി ട്രായ് പുത്തന്‍ ചട്ടക്കൂട് സൃഷ്ടിക്കുമ്പോള്‍ ഏതാനും സംശയങ്ങള്‍ കൂടി ഉയരുകയാണ്. കെവൈസിയിലെ പേര് ഫോണില്‍ തെളിയുമ്പോള്‍ ആളുടെ ഐഡന്റിറ്റി വെളിവാകും എന്നത് സത്യം തന്നെ. എന്നാല്‍ മറ്റൊരാള്‍ നമ്മുടെ ഫോണ്‍ വഴി […]
ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് നോക്കി മാത്രം കോള്‍ എടുക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം...
ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് നോക്കി മാത്രം കോള്‍ എടുക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സഹായിച്ച ട്രൂകോളറിന് കേന്ദ്ര സര്‍ക്കാര്‍ വക ബദല്‍ വരുന്നത് സ്വാഗതാര്‍ഹവുമാണ്. കൃത്യത ഉറപ്പ് പറയാനാവാത്ത തേഡ് പാര്‍ട്ടി ആപ്പുകളുടെ സേവനത്തിന് പകരമായി ട്രായ് പുത്തന്‍ ചട്ടക്കൂട് സൃഷ്ടിക്കുമ്പോള്‍ ഏതാനും സംശയങ്ങള്‍ കൂടി ഉയരുകയാണ്. കെവൈസിയിലെ പേര് ഫോണില്‍ തെളിയുമ്പോള്‍ ആളുടെ ഐഡന്റിറ്റി വെളിവാകും എന്നത് സത്യം തന്നെ. എന്നാല്‍ മറ്റൊരാള്‍ നമ്മുടെ ഫോണ്‍ വഴി (ഒരുപക്ഷേ നമ്മളറിയാതെ) കോള്‍ നടത്തി എന്തെങ്കിലും കുഴപ്പം സൃഷ്ടിച്ചാല്‍ അത് ഫോണിന്റെ യഥാര്‍ത്ഥ ഉടമയെ കുരുക്കിലോക്കുമോ?.
രണ്ട്, സ്പാം കോളുകള്‍, ഇന്റര്‍നെറ്റ്, സാറ്റലൈറ്റ് കോളുകള്‍ നടത്താന്‍ ഇപ്പോള്‍ പലതരത്തിലും സാധിക്കുന്ന സ്ഥിതിയ്ക്ക് ഇത്തരത്തില്‍ കോള്‍ നടത്തുന്ന ആളുടെ ഐഡന്റിന്റി തിരിച്ചറിയാന്‍ സംവിധാനം ഒരുക്കുമോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ഇപ്പോള്‍ വന്നു കഴിഞ്ഞു. 2021ല്‍ ഒരു കമ്പനിയില്‍ നിന്നും മാത്രം രാജ്യത്ത് 20 കോടി സ്പാം കോളുകള്‍ വന്നിരുന്നു എന്ന് ട്രൂകോളര്‍ വെളിപ്പെടുത്തിയത് ഏതാനും മാസം മുന്‍പാണെന്നും ഓര്‍ക്കണം.
ട്രായ്‌യുടെ നീക്കം
ഫോണില്‍ വിളിക്കുന്നയാളുടെ (കണക്ഷന്‍ ഉടമയുടെ) കെവൈസിയിലെ പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് ട്രായ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം (DoT)ല്‍ നിന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഒരു പരാമര്‍ശം ലഭിച്ചിട്ടുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള ചുവടുവെപ്പ് നടപ്പാകുന്നതോടെ വിളിക്കുന്നയാളെ വ്യക്തമായി തിരിച്ചറിയാനും, ക്രൗഡ് സോഴ്‌സിങ് ആപ്പുകളുടെ തള്ളിക്കയറ്റത്തിന് ഒരു പരിധി വരെ കടിഞ്ഞാണിടാനും സര്‍ക്കാരിന് സാധിക്കും.
ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും കോള്‍ സമയത്ത് പേര് തെളിയുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശമനം ലഭിക്കും. എന്നാല്‍ വ്യാജ പേരില്‍ സിം കാര്‍ഡ് എടുക്കുന്ന പ്രവണതയ്ക്ക് ഇപ്പോഴും പൂര്‍ണമായി അറുതി വരാത്തതിനാല്‍ ഇത് നൂറു ശതമാനം സുതാര്യത ഉറപ്പാക്കും എന്ന് പറയാനാവില്ല.
ട്രൂകോളര്‍ പോലുള്ള കമ്പനികള്‍ ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ 'റിസ്‌ക്ക്' ഘടകം കൂടുതലായിരുന്നു. മാത്രമല്ല ട്രൂകോളറില്‍ വരുന്ന പേര് എപ്പോഴും കൃത്യമായിരിക്കില്ല. സമാനമായ ഒട്ടേറെ പ്ലാറ്റ്‌ഫോമുകള്‍ ചുരുങ്ങിയ കാലം കൊണ്ട് ഇറങ്ങിയെങ്കിലും ട്രൂകോളറിന് ലഭിച്ച സ്വീകാര്യത മറ്റൊന്നിനും കിട്ടിയതുമില്ല. ട്രായ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്ന രീതിയ്ക്ക് തുല്യമായി യുഎഇ സര്‍ക്കാര്‍ ഉള്‍പ്പടെ കോള്‍ ഐഡന്റിറ്റി സേവനം നേരത്തെ നടപ്പാക്കിയിരുന്നു.
20 കോടി സ്പാം കോളുകള്‍
ട്രൂകോളര്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. മാത്രമല്ല 2021ല്‍ ഇന്ത്യയിലെ ഒരു കമ്പനിയില്‍ നിന്നും മാത്രമായി 20.2 കോടി സ്പാം കോളുകളാണ് പോയത്. അതായത് മണിക്കൂറില്‍ 27,000 കോളുകള്‍. ഈ കമ്പനിയുടെ പേര് ട്രൂകോളര്‍ പുറത്ത് വിട്ടിട്ടില്ല. ഒരു ഇന്ത്യാക്കാരന് പ്രതിമാസം ശരാശരി 17 മുതല്‍ 25 വരെ സപാം കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരി ശക്തമായി വ്യാപിച്ചിരുന്ന സമയത്ത് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പ് കോളുകളുകളാണ് മിക്കവരുടേയും ഫോണിലേക്ക് എത്തിയത്. ഇതിനൊപ്പം തന്നെ സ്പാം മെസേജുകളുടെ എണ്ണവും പെരുകിയിരുന്നു. ട്രായ് കൊണ്ടു വരുന്ന പുതിയ ചുവടുവെപ്പ് വഴി സ്പാം കോളുകളെ വരുതിയിലാക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. മാര്‍ക്കറ്റിംഗ് ആവശ്യത്തിനുള്‍പ്പടെ ഒട്ടേറെ സ്പാം കോളുകളാണ് ദിനംപ്രതി വരുന്നത്.
ആഗോളതലത്തില്‍ നോക്കിയാല്‍ ബ്രസീല്‍, പെറു, യുക്രൈന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം സ്പാം കോളുകള്‍ ഉണ്ടാകുന്നത്. ഇത്തരം കോളുകള്‍ വഴി ബാങ്ക് അക്കൗണ്ട്, സിവിവി, പിന്‍, ഒടിപി എന്നിവ ചോദിച്ച് വാങ്ങി നടത്തുന്ന ഒട്ടേറെ തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.