3.2 ലക്ഷം കോടിയുടെ നിക്ഷേപവുമായി ജപ്പാന്‍, ഇവി സഹകരണം ശക്തമാക്കും

ഡെല്‍ഹി :   ഇന്ത്യയും ജപ്പാനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടി കഴിഞ്ഞ ദിവസം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് വന്‍ നിക്ഷേപം നടക്കുമെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനകം ജപ്പാന്‍ ഇന്ത്യയില്‍ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ശനിയാഴ്ച്ച ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള ആറ് കരാറുകളിലാണ് ഇരു […]

Update: 2022-03-20 01:00 GMT

ഡെല്‍ഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടി കഴിഞ്ഞ ദിവസം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് വന്‍ നിക്ഷേപം നടക്കുമെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനകം ജപ്പാന്‍ ഇന്ത്യയില്‍ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ശനിയാഴ്ച്ച ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള ആറ് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നത്. ആഗോള ഓട്ടോമൊബൈല്‍ നിര്‍മ്മാണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇരുരാജ്യങ്ങളും വൈദ്യുത വാഹനങ്ങള്‍, ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ചും സഹകരണം ശക്തമാക്കും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും സഹകരിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ 'ഇന്ത്യാ-ജപ്പാന്‍ ക്ലീന്‍ എനര്‍ജി പാര്‍ട്ട്ണര്‍ഷിപ്പ്' സംബന്ധിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ടു ദിവസത്തേക്കാണ് സന്ദര്‍ശനം.

ഊര്‍ജ്ജ സഹകരണം ശക്തമാകും, ലക്ഷ്യം 'സീറോ കാര്‍ബണ്‍' സമ്പദ് വ്യവസ്ഥ

സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ചുവടുവെപ്പുകളെടുക്കുക എന്നതാണ് ഇരു രാജ്യങ്ങള്‍ക്കും മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങള്‍. സുരക്ഷിതവും സുസ്ഥിരവുമായ ഊര്‍ജ്ജവിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങള്‍, ഇവയുടെ ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം.

2070 ആകുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2050 ആകുമ്പോള്‍ ഈ നേട്ടം സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ജപ്പാന്‍. ഇതിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇരു രാജ്യങ്ങളും. 2007ലെ ജപ്പാന്‍-ഇന്ത്യ എനര്‍ജി ഡയലോഗിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി), ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഇവിസിഐ), സോളാര്‍ പിവി സെല്ലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും.

സൗരോര്‍ജ്ജ വികസനം, സ്റ്റീല്‍ നിര്‍മ്മാണം, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവയിലുള്ള സഹകരണം ഉറപ്പാക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍ അമോണിയയും, എല്‍എന്‍ജി, ജൈവ ഇന്ധനങ്ങള്‍, തന്ത്രപ്രധാനമായ എണ്ണ ശേഖരം എന്നിവയുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിര്‍മ്മാണ മേഖലയ്ക്ക് പുറമേ ഗവേഷണ രംഗത്തും സഹകരണം ശക്തമാക്കുന്നത് വഴി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.

 

Tags:    

Similar News