ഉയര്‍ന്ന വരുമാനം സ്ഥിരമായി നല്‍കുന്ന മ്യൂച്വല്‍ഫണ്ട് ; അധിക ഫീസിന് നീക്കം തുടങ്ങി സെബി

Update: 2023-04-24 12:13 GMT

മ്യൂച്വല്‍ഫണ്ട് സ്‌കീമുകളിലെ പ്രകടനത്തിന് അനുസരിച്ച് അസറ്റ് മാനേജര്‍മാരുടെ ഫീസ് നിശ്ചയിക്കുന്ന സ്‌കീമുകള്‍ കൊണ്ടുവരാന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. പുതിയ കാറ്റഗറിയിലുള്ള മ്യൂച്വല്‍ഫണ്ട് സ്‌കീമുകള്‍ ഇതിനായി കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബെഞ്ച്മാര്‍ക്കിനെ മറികടന്ന് ഒരു മ്യൂച്വല്‍ഫണ്ട് സ്‌കീം സ്ഥിരമായി ഉയര്‍ന്ന വരുമാനം നല്‍കുകയാണെങ്കില്‍ ആ ഫണ്ട് കൈകാര്യം ചെയ്യുന്ന അസ്റ്റ് മാനേജര്‍മാര്‍ക്ക് അധിക ഫീസ് ഈടാക്കാന്‍ അനുവദിക്കാനാണ് സെബിയുടെ ആലോചന. 'പെര്‍ഫോമന്‍സ് ലിങ്ക്ഡ് ചാര്‍ജുകള്‍' എന്ന പേരിലാണിത് അവതരിപ്പിക്കുക. തെരഞ്ഞെടുക്കപ്പെട്ട ചില മ്യൂച്വല്‍ഫണ്ട് സ്‌കീമുകളിലാണ് ഈ ചാര്‍ജുകള്‍ ഉണ്ടായിരിക്കുകയെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

മ്യൂച്വല്‍ഫണ്ടുകള്‍ക്ക് നിലവില്‍ അസറ്റ് മാനേജര്‍മാര്‍ക്ക് നല്‍കുന്ന അടിസ്ഥാന ഫീസ് കുറയ്ക്കുകയും പകരം പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ ചാര്‍ജുകള്‍ നല്‍കുകയും ചെയ്യും. അതായത് നിക്ഷേപം നന്നായി കൈകാര്യം ചെയ്ത് വരുമാനമുണ്ടാക്കി കൊടുക്കുന്ന അസറ്റ് മാനേജര്‍മാര്‍ക്ക് അധിക ഫീസ് ലഭിക്കുമെന്ന് ചുരുക്കം. സെബിയുടെ പുതിയ നീക്കം പ്രാവര്‍ത്തികമായാല്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്കായി പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഫീസ് അവതരിപ്പിക്കുന്ന പ്രധാന മ്യൂച്വല്‍ഫണ്ട് വിപണികളില്‍ ഒന്നായി മാറും ഇന്ത്യ.

നന്നായി കൈകാര്യം ചെയ്യുന്ന പല ഫണ്ടുകളും ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും സെബിയ്ക്ക് വിലയിരുത്തലുണ്ട്. അധിക ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഫണ്ട് മാനേജര്‍മാര്‍ക്ക് മികച്ച വരുമാനം നേടിത്തരാനുള്ള പ്രോത്സാഹനമായിരിക്കും.

Tags:    

Similar News