ലോകത്തിലെ 'കരുത്തുറ്റ' പാസ്പോര്‍ട്ടുകള്‍; ഇന്ത്യയ്ക്ക് 85 ാം സ്ഥാനം
- ജപ്പാന്റെ പാസ്പോര്‍ട്ടാണ് ഇക്കുറി സൂചികയില്‍ ഒന്നാം സ്ഥാനത്ത്.
ഡെല്‍ഹി: ലോകത്തിലെ ഏറ്റവും 'കരുത്തുറ്റ' പാസ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് 85-ാം സ്ഥാനം. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസ രഹിതമായി പ്രവേശനം സാധ്യമാകും. ചൊവ്വാഴ്ച്ച പുറത്തു വന്ന ഹെന്‍ലെ പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പ്രകാരമുള്ളതാണ് ഈ വിവരങ്ങള്‍. എല്ലാ വര്‍ഷവും ലണ്ടന്‍ ആസ്ഥാനമായുള്ള ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് എന്ന ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി 199 രാജ്യങ്ങളിലെയും പാസ്പോര്‍ട്ടുകളുടെ റാങ്കിംഗ് പുറത്തിറക്കാറുണ്ട്. ഇതാണ് ഹെന്‍ലെ പാസ്പോര്‍ട്ട് ഇന്‍ഡെക്സ് എന്നറിയപ്പെടുന്നത്.
2022ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 83ാം സ്ഥാനത്തായിരുന്നു. ജപ്പാന്റെ പാസ്പോര്‍ട്ടാണ് ഇക്കുറി സൂചികയില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം സാധ്യമാകും. രണ്ടാം സ്ഥാനം ദക്ഷിണ കൊറിയയ്ക്കും, സിംഗപ്പൂരിനുമാണ്. മൂന്നാം സ്ഥാനത്ത് ജര്‍മ്മനിയും, സ്പെയിനും. അഫ്ഗാനിസ്ഥാന്റെ പാസ്പോര്‍ട്ടാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍.
ആഗോളതലത്തില്‍ ആറ് ശതമാനം പാസ്പോര്‍ട്ടുകള്‍ക്ക് മാത്രമണ് 70 ശതമാനത്തിലധികം രാജ്യങ്ങളില്‍ വിസയില്ലാതെയുള്ള പ്രവേശനം ലഭ്യമാകുക. പതിനേഴു ശതമാനം രാജ്യങ്ങള്‍ മാത്രമാണ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തെ 227 സ്ഥലങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വിസയില്ലാതെ പ്രവേശനം സാധ്യമാക്കുന്നത്.
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെങ്കിലും ആഗോളതലത്തില്‍ 59 രാജ്യങ്ങളിലേക്ക് മാത്രമാണ് ഈ പാസ്‌പോര്‍ട്ട് വെച്ച് പ്രവേശിക്കുവാനാകുക. മൂന്ന് വര്‍ഷത്തെ അടച്ചിടലിനുശേഷം 2023 ല്‍ രാജ്യങ്ങളെല്ലാം സന്ദര്‍ശകര്‍ക്കായി പൂര്‍ണമായി തുറക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര യാത്രകള്‍ റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.