സോളോ ട്രിപ്പ് തയ്യാറെടുപ്പിലാണോ, എങ്കില്‍ ഈ സ്ഥലങ്ങള്‍ കുറിച്ചിട്ടോളു

ഒറ്റയ്ക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകവും എന്നാല്‍ ഏറ്റവും സ്വതന്ത്രവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ അനുഭവമായിരിക്കും. ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്തിരിക്കണമെന്നാണ് പറയുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എപ്പോഴും നിങ്ങള്‍ തനിച്ചാണെന്ന് അര്‍ത്ഥമാക്കുന്നില്ല. മിക്കപ്പോഴും, നിങ്ങളുടെ യാത്രയ്ക്കിടയില്‍ വിവിധങ്ങളായ ആളുകളെയും സംസ്‌കാരങ്ങളെയും കണ്ടുമുട്ടുകയും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആരും നിങ്ങളെ അറിയാത്തിടത്ത്, നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈകളില്‍ ഒറ്റയ്ക്ക് പിടിക്കുന്നിടത്ത്, മറ്റേതൊരു സമയത്തേക്കാളും നിങ്ങള്‍ സ്വയം യജമാനനായി മാറുന്നു. അതുകൊണ്ട് സോളോ ട്രിപ്പ്....

Update: 2022-05-07 01:26 GMT

ഒറ്റയ്ക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകവും എന്നാല്‍ ഏറ്റവും സ്വതന്ത്രവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ അനുഭവമായിരിക്കും. ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്തിരിക്കണമെന്നാണ് പറയുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എപ്പോഴും നിങ്ങള്‍ തനിച്ചാണെന്ന് അര്‍ത്ഥമാക്കുന്നില്ല. മിക്കപ്പോഴും, നിങ്ങളുടെ യാത്രയ്ക്കിടയില്‍ വിവിധങ്ങളായ ആളുകളെയും സംസ്‌കാരങ്ങളെയും കണ്ടുമുട്ടുകയും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആരും നിങ്ങളെ അറിയാത്തിടത്ത്, നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈകളില്‍ ഒറ്റയ്ക്ക് പിടിക്കുന്നിടത്ത്, മറ്റേതൊരു സമയത്തേക്കാളും നിങ്ങള്‍ സ്വയം യജമാനനായി മാറുന്നു. അതുകൊണ്ട് സോളോ ട്രിപ്പ് പോവുക തന്നെവേണം. ആദ്യമായി ഒരു സോളോ യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ ചില മികച്ച സ്ഥലങ്ങള്‍ ഇതാ.

തവാങ്, അരുണാചല്‍ പ്രദേശ്

ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലുമൊന്ന് പോകണം, എന്നാലോചിക്കുകയാണെങ്കില്‍ ആദ്യം പോയിരിക്കേണ്ട സ്ഥലമാണ് തവാങ്. പലരുടേയും യാത്ര ലിസ്റ്റില്‍ തവാങ് എന്ന ഈ ഹിമാലയന്‍ ഗ്രാമം എഴുതിചേര്‍ക്കപ്പെട്ടുകഴിഞ്ഞു. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന തവാങ് അരുണാചല്‍ പ്രദേശിലെ മനോഹരമായ ഒരു ചെറിയ ഹില്‍സ്റ്റേഷനായ ഇവിടം വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സമ്പന്നമായ സംസ്‌കാരവും ചരിത്രവുമുള്ള തവാങ്ങില്‍ പൈന്‍ തോട്ടങ്ങളും റോഡോഡെന്‍ഡ്രോണുകളുമുള്ള ഹൈക്കിംഗ് പാതകളും എല്ലാം ധാരാളമുണ്ട്. ഭാലുക്പോംഗില്‍ നിന്ന് തവാങ്ങിലേക്കാണ് ഒരാള്‍ യാത്ര ചെയ്യുന്നതെങ്കില്‍, മനോഹര നഗരമായ ബോംഡില, ടെങ്ക താഴ്വര, അല്ലെങ്കില്‍ ദിരാംഗ് താഴ്വര എന്നിവ സന്ദര്‍ശിക്കാം. നുറനാംഗ് വെള്ളച്ചാട്ടം, ചൂട് നീരുറവ, ജസ്വന്ത്ഗഡ് യുദ്ധ സ്മാരകം, സെലാ പാസിലെ ശാന്തമായ തടാകം എന്നിവയും കാണാം. തവാങ് ഗോമ്പ (ആശ്രമം), ഉര്‍ഗെലിംഗ് മൊണാസ്ട്രി, മാധുരി തടാകം, എന്നിവിടങ്ങളിലും പോകാന്‍ മറക്കരുത്.

മണാലി, ഹിമാചല്‍ പ്രദേശ്

ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മണാലി. പ്രണയിതാക്കളും നവദമ്പതികളുമെല്ലാം തെരഞ്ഞെടുക്കുന്ന പ്രണയാദ്രമായ ഇടം.എന്നുകരുതി സോളോ ട്രാവലിന് പറ്റില്ല എന്നല്ല.ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ബിയാസ് നദിയുടെ തീരത്ത് ഏകദേശം 6500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മണാലി ശരിക്കുമൊരു സ്വര്‍ഗ്ഗഭൂമി തന്നെയാണ്.സാഹസികത, ട്രെക്കിംഗ്, ക്യാമ്പിംഗ്, മൗണ്ടന്‍ ബൈക്കിംഗ്, സോളോ ട്രാവലിംഗ്, ഹണിമൂണ്‍ എന്നിവയ്ക്ക് ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാണ് മണാലി. മണാലിക്ക് സമീപമുള്ള സ്ഥലങ്ങളായ റോഹ്താങ് പാസ്,സോളാങ് വാലി,കുളു,ബ്രിഗു തടാകം,പിന്‍ വാലി എന്നിവ കൂടി സന്ദര്‍ശിച്ച് മടങ്ങാം.ധൗലാധര്‍, പിര്‍ പഞ്ചല്‍ പര്‍വതനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മണാലി ഏറ്റവും സുരക്ഷിതമായി സോളോ ട്രാവല്‍ ചെയ്യാന്‍ സാധിക്കുന്ന ഇടം കൂടിയാണ്.

ഖജുരാഹോ, മധ്യപ്രദേശ്
കല്ലുകളില്‍ പ്രണയത്തിന്റെ കവിതകള്‍ കൊത്തിയ ക്ഷേത്രം. എന്നാല്‍ ഖജുരാഹോ അറിയപ്പെടുന്നത് രതിശില്‍പ്പങ്ങളുടെ പേരിലും. ചരിത്രമറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന ഏതൊരു യാത്രികനും ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു വിസ്മയമാണ് അക്ഷരാര്‍ത്ഥത്തില്‍ ഖജുരാഹോ.ഇന്ദ്രിയാതീതമായ ക്ഷേത്രകലയ്ക്ക് പേരുകേട്ട ഖജുരാഹോ എല്ലാവിധത്തിലും ഏകാന്ത സഞ്ചാരികളുടെ ആനന്ദകേന്ദ്രമാണ്.പഴയ കാലഘട്ടത്തിലെ ലിബറല്‍ മനോഭാവം അവര്‍ പ്രകടിപ്പിക്കുന്ന രീതിയാണ് രസകരമായത്. അതിനാല്‍, നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തയ്യാറാകുമ്പോഴെല്ലാം, ഈ സ്ഥലത്തേക്കുള്ള കണ്ടെത്തലിന്റെ ഒരു യാത്ര ആരംഭിക്കുക,സ്വയം ഒരു പര്യവേഷകനാവുക. ഖജുരാഹോ അടുത്തറിയുക.

ഷില്ലോങ്, മേഘാലയ
യാത്രകളെ സ്‌നേഹിക്കുന്നവര്‍ എല്ലാം പ്ലാനിടുന്ന ഒന്നാണ് ഒരു നോര്‍ത്ത് ഈസ്റ്റ് ട്രിപ്പ്. അങ്ങനെയെങ്കില്‍ സോളോ ട്രിപ്പിനായി വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ മേഘാലയയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നായ ഷില്ലോംഗ് തെരഞ്ഞെടുക്കാം. അതിമനോഹരമായ സൗന്ദര്യവും പഴയ വാസ്തുവിദ്യയും കൊണ്ട് വിലമതിക്കപ്പെടുന്ന ഈ സ്ഥലം സന്ദര്‍ശിക്കുന്നത് നിങ്ങളുടെ യാത്രാ ശൈലി പരീക്ഷിക്കാന്‍ മികച്ച അവസരം നല്‍കുന്നു. ആകര്‍ഷകമായ എലിഫന്റ് വെള്ളച്ചാട്ടവും അവിശ്വസനീയമായ കൊടുമുടികളും, എങ്ങനെ നോക്കിയാലും നിങ്ങള്‍ അവിടെ ചുമ്മാ ഇരുന്നാലും ആസ്വദിക്കാനേറെയുണ്ടെന്നതാണ് ഷില്ലോംങിനെ വ്യത്യസ്തമാക്കുന്നത്.മാത്രമല്ല ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഷില്ലോങ്ങ് തികച്ചും സുരക്ഷിതമാണുതാനും.

ആലപ്പുഴ, കേരളം
എല്ലാ വിനോദസഞ്ചാരികളുടെയും ചെക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നമ്മുടെ സ്വന്തം ആലപ്പുഴയും സോളോ യാത്രയ്ക്ക് മികച്ചതാണെന്ന് വിദഗ്ദര്‍ വരെ ചൂ്ണ്ടിക്കാണിക്കുന്നു.്ഇവിടം ദൈവത്തിന്റെ നാടിന്റെ പ്രധാന ഹൈലൈറ്റാണ്, മനോഹരമായ കായലുകളും പച്ചപ്പും, ഗ്രാമങ്ങളും തെങ്ങിന്‍ത്തോപ്പുകളും എല്ലാം ചേര്‍ന്ന് കിഴക്കിന്റെ വെനിസിനെ ഒഴിച്ചുകൂടാനാവാത്ത ഒരു ഡെസ്റ്റിനേഷനായി മാറ്റിയിരിക്കുന്നു.കേരളത്തിലെവിടെയും ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാം. എങ്കിലും വിദേശ യാത്രികര്‍ കൂടുതലും തെരഞ്ഞെടുക്കുന്നത് ആലപ്പുഴയാണ്.

ഡാര്‍ജിലിംഗ്, പശ്ചിമ ബംഗാള്‍
ഡാര്‍ജിലിംഗിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മഞ്ഞുമൂടിയ കൊടുമുടികളിലേക്കും പച്ച കുന്നിന്‍ ചെരുവുകളിലേക്കും വയലില്‍ തേയില പറിക്കുന്ന സ്ത്രീകളിലേക്കും നിങ്ങളുടെ മനസ്സ് സഞ്ചരിക്കും.ഒട്ടും അമാന്തിക്കരുത്. ഉടന്‍ തന്നെ ബാഗ് പായ്ക്ക് ചെയ്ത് ഒരു ട്രിപ്പങ്ങ് പോകണം. ഒറ്റയ്ക്കാണെന്ന തോന്നല്‍ വേണ്ട,കാരണം ഡാര്‍ജിലിംഗില്‍ നിങ്ങള്‍കക് എവിടേയും സുരക്ഷിതമായി സഞ്ചരിക്കാം.വര്‍ണമനോഹരിയായ പ്രകൃതിയുടെ നിറകാഴ്ചയൊരുക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.ടൈഗര്‍ ഹില്‍ പോലെയുള്ള സുന്ദരയിടങ്ങളും നിരവധി മ്യൂസിയങ്ങളും പാര്‍ക്കുകളും ഗാര്‍ഡനുകളും ഡാര്‍ജിലിംഗിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നു.

Tags:    

Similar News