ആറ് രൂപയുണ്ടെങ്കിൽ ഒരു ഫോർട്ട് കൊച്ചി ബോട്ട് യാത്ര നടത്താം.

ബജറ്റ് ടൂറിസത്തിന്റെ കാലമാണല്ലോ. പോക്കറ്റ് കാലിയാകാതെ യാത്ര നടത്തുന്നതിന് വഴികൾ അന്വേഷിക്കുന്നവരുടെ കൂട്ടിലാണ് ഞാനും. വീട്ടമ്മയും സർവ്വോപരി മൂന്ന് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീ യാത്രപ്രേമികൂടിയായാൽ മേൽപ്പറഞ്ഞ ബജറ്റ് എന്ന പുള്ളിക്കാരൻ ഒരിക്കലും അവരോട് കൂട്ടുകൂടാൻ സാധ്യതയില്ല. കുഞ്ഞുമക്കളെയും ചേർത്തുള്ള ഏത് യാത്രയും ചെലവേറിയത് തന്നെയാണ്. അപ്പോൾ പിന്നെ ഒരു ചെറിയ ട്രിപ്പടിക്കാം എന്ന് കരുതിയാൽപ്പോലും ആദ്യം ആലോചിക്കുക ചെലവിനെക്കുറിച്ചാവുമല്ലോ. എവിടെപ്പോകുമെന്നതിൽ സംശയമൊന്നുമുണ്ടായില്ല. ഫോർട്ടുകൊച്ചി. ശരിക്കും, കൊച്ചിയെ അറിയാൻ ഫോർട്ടുകൊച്ചിയുടെ കാറ്റേറ്റാൽ മാത്രം മതി. ലോകത്ത് എവിടെപ്പോയാലും […]

Update: 2022-05-04 06:58 GMT

ബജറ്റ് ടൂറിസത്തിന്റെ കാലമാണല്ലോ. പോക്കറ്റ് കാലിയാകാതെ യാത്ര നടത്തുന്നതിന് വഴികൾ അന്വേഷിക്കുന്നവരുടെ കൂട്ടിലാണ് ഞാനും. വീട്ടമ്മയും സർവ്വോപരി മൂന്ന് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീ യാത്രപ്രേമികൂടിയായാൽ മേൽപ്പറഞ്ഞ ബജറ്റ് എന്ന പുള്ളിക്കാരൻ ഒരിക്കലും അവരോട് കൂട്ടുകൂടാൻ സാധ്യതയില്ല. കുഞ്ഞുമക്കളെയും ചേർത്തുള്ള ഏത് യാത്രയും ചെലവേറിയത് തന്നെയാണ്. അപ്പോൾ പിന്നെ ഒരു ചെറിയ ട്രിപ്പടിക്കാം എന്ന് കരുതിയാൽപ്പോലും ആദ്യം ആലോചിക്കുക ചെലവിനെക്കുറിച്ചാവുമല്ലോ. എവിടെപ്പോകുമെന്നതിൽ സംശയമൊന്നുമുണ്ടായില്ല. ഫോർട്ടുകൊച്ചി. ശരിക്കും, കൊച്ചിയെ അറിയാൻ ഫോർട്ടുകൊച്ചിയുടെ കാറ്റേറ്റാൽ മാത്രം മതി. ലോകത്ത് എവിടെപ്പോയാലും തിരിച്ചെത്തി കൊച്ചിയിലെ ടൗണിലൂടെ ഓടുന്ന എതെങ്കിലും ഒരു ലോക്കൽ ബസിൽ കയറിയിരുന്ന് യാത്ര ചെയ്തില്ലെങ്കിൽ മനസ്സിന് ഒരു സുഖമുണ്ടാകില്ല. ഇതുകേട്ടാൽ തോന്നും അങ്ങ് അന്റാർട്ടിക്ക വരെ പോയിവന്ന വേൽഡ് ക്ലാസ് ട്രാവലറാണ് ഞാനെന്ന്. ചുമ്മാതാ കുന്നോളം ആഗ്രഹിച്ചാലല്ലേ, നമുക്ക് കടുകുമണിയോളം എങ്കിലും കിട്ടു. അതൊക്കെ അവിടെ നിൽക്കട്ടെ നമുക്ക് കാര്യത്തിലേയ്ക്ക് വരാം. വെറും 6 രൂപയ്ക്ക് ഫോർട്ടുകൊച്ചിക്ക് പോകാൻ പറ്റുമോ? പറ്റും… അതും ഒരടിപൊളി ബോട്ട് യാത്രയിലൂടെ.

കൊച്ചികാണാൻ വരുന്ന മറ്റ് ദേശക്കാരുടെ പ്രധാന പരിപാടികളിൽ ഒന്ന് മറൈൻഡ്രൈവ് പോലെയുള്ള ഇടങ്ങളിലെ സ്വകാര്യ ബോട്ട് സർവിസുകളിലൂടെ ലഭിക്കുന്ന കായൽ-കടൽ കാഴ്ചയാണ്. കുടുംബവുമൊത്തൊക്കെ യാത്രചെയ്യുന്നവർ കുറച്ചധികം കാശും അതിനായി മുടക്കേണ്ടിവരും. എന്നാൽ എറ്റവും കുറഞ്ഞ ചെലവിൽ ഒരു കിടിലൻ ബോട്ട് സവാരിയും, ഫോർട്ടുകൊച്ചിയടക്കമുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാനും ഇവിടെ സംവിധാനമുണ്ട്. പറഞ്ഞുവരുന്നത് നമ്മുടെ സർക്കാർ ബോട്ട് സർവ്വീസിനെക്കുറിച്ചാണ്. അങ്ങനെ ഒരു ദിവസം ഉച്ചകഴിഞ്ഞ് ഞാനും മക്കളും കൂടി ഫോർട്ടുകൊച്ചി കാണാനിറങ്ങി. ആദ്യം പോയത് നേരേ എറണാകുളം ജെട്ടിയിലേയ്ക്ക് .

കണക്ക് വിവരങ്ങൾ കൂടി അങ്ങ് പറഞ്ഞ് പോയേക്കാം അല്ലേ. ഞങ്ങളുടെ സ്ഥലമായ തൃപ്പൂണിത്തുറയിൽ നിന്നും എറണാകുളം ജെട്ടിവരെ ഒരാൾക്ക് 15 രൂപയായിരുന്നു ബസ് ചാർജ്. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. ഇനി ഒരു എഴ്-എട്ട് വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പ്രൈവറ്റ് ബസുകാർ ടിക്കറ്റ് എടുക്കാറുമില്ല. കെഎസ്ആർടിസിയിൽ ആണെങ്കിൽ എടുക്കണംട്ടോ. എനിക്കും രണ്ട് മക്കൾക്കുംകൂടി 30 രൂപ ജെട്ടിവരെ (പുതുക്കിയ ടിക്കറ്റ് നിരക്ക് അനുസരിച്ച് നേരിയ വ്യത്യാസം ഉണ്ടാകും).എറണാകുളം ജെട്ടിയിലിറങ്ങി ഉള്ളിലേയ്ക്ക് നമുക്ക് നടക്കാം. ഇവിടെത്തന്നെയൊരു കെഎസ്ആർടിസി ബസ്സ്റ്റാന്റമുണ്ട്. അങ്ങനെ ഞങ്ങൾ ടിക്കറ്റെടുക്കുന്നിടത്ത് എത്തി. പതിവുപോലെ ആദ്യം തന്നെ ഞാൻ കുഞ്ഞുങ്ങൾക്ക് ടിക്കറ്റ് എടുക്കണോ എന്ന് ചോദിച്ചു. വേണ്ടെന്ന മറുപടിയ്ക്ക് പിന്നാലെ, എന്നാലൊരു ഫോർട്ടുകൊച്ചിയെന്ന് ഞാനും പറഞ്ഞു. ടിക്കറ്റ് കീറി കയ്യിൽ തന്നപ്പോൾ ഞെട്ടി എന്നുപറയുന്നതിൽ കാര്യമില്ല. ഇത് ഞങ്ങൾ കൊച്ചിക്കാർക്ക് വല്യ കാര്യമൊന്നുമല്ലപ്പാ… പക്ഷേ മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് ഇതൊരു പുതിയ അറിവായിരിക്കും. 6 രൂപ കൊണ്ട് ബോട്ടിൽ കയറി നമുക്ക് ഫോർട്ടുകൊച്ചിയ്ക്ക് പോകാം.

ബോട്ട് യാത്ര എന്നത് പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു കാര്യമാണ്. സത്യം പറഞ്ഞാൽ ബോട്ടിൽ കയറിയിരുന്നപ്പോൾ ഞാനും എന്റെ കുഞ്ഞുങ്ങളുടെ പ്രായത്തിലേയ്ക്ക് ചെറുതായതു പോലെ തോന്നി.ആയിരം വട്ടം ഈ കൊച്ചിക്കായലിലൂടെ കടന്നുപോയവളായിട്ടും ഈ യാത്രയും ആദ്യയാത്രപോലെ എനിക്ക് സന്തോഷം നൽകി. അതാണ് നമ്മുടെ കൊച്ചിയുടെ മാന്ത്രികത. ഓളംതല്ലുന്ന കായൽപ്പരപ്പിലൂടെ ബോട്ടിങ്ങനെ മുന്നോട്ട് പോവുകയാണ്. കായലിന്റെ തീരത്ത് കൊച്ചി അതി സുന്ദരിയായി നീണ്ട് നിവർന്നു കിടക്കുന്നത് കാണാം. ഭാഗ്യമുണ്ടെങ്കിൽ ആനയെക്കാണാം, പുലിയെക്കാണാം എന്നോക്കെ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ പറയുന്നതുപോലെ, കായൽ യാത്രയിൽ ഭാ​ഗ്യമുണ്ടെങ്കിൽ വമ്പൻ കപ്പലുകൾ തൊട്ടടുത്തുകൂടി കടന്നുപോകുന്നത് കാണാം. കപ്പലുകൾ അകലെ നങ്കൂരമിട്ട് കിടക്കുന്നത് കണ്ടെങ്കിൽ ഉറപ്പിച്ചോ നമുക്കിറങ്ങാനായി.

ബോട്ടിറങ്ങി മുന്നോട്ട് നടന്ന് ജെട്ടിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ തന്നെ ഓട്ടോസ്റ്റാന്റുണ്ട്. ശരിക്കും പറഞ്ഞാൽ നമുക്ക് നടക്കാനുള്ള ദൂരമേയുള്ളു, അല്ലെങ്കിലും ഫോർട്ടുകൊച്ചി നടന്നുതന്നെയാണ് കാണേണ്ടത്. പക്ഷേ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാനൊരു ഓട്ടോ വിളിച്ചു, നേരേ ഫോർട്ടുകൊച്ചി നടുക്ക് തന്നെ ചെന്നിറങ്ങി. 30 രൂപയാണ് ജെട്ടിയിൽ നിന്നും അവിടെ വരെയുള്ള ചാർജ്ജ്. ജെട്ടിയിൽ നിന്നും നടന്നാണ് ഫോർട്ട് കൊച്ചി ബീച്ച് സൈഡിലേയ്ക്ക് വരുന്നതെങ്കിൽ വഴിയിൽ, പണ്ട് ബിലാലിക്കയും ടീമും കൂടാറുള്ള സീഗൾ ബാറടക്കമുള്ള സ്ഥലങ്ങൾ കാണാം. അങ്ങനെ നുമ്മ നടത്തം തുടങ്ങി. നടപ്പാതയിലൂടെ കയറിയാൽ കായലോരത്തുള്ള ചീനവലകൾ ഏറ്റവും അടുത്ത് ചെന്ന് നിന്ന് കാണാം. വല വലിയ്ക്കുന്ന സമയമാണെങ്കിൽ കിടിലൻ സ്പിരിറ്റിൽ ചേട്ടൻമാർ ചീനവല വലിച്ചുപൊക്കുന്നത് കണ്ണിമ ചിമ്മാതെ നിന്ന് കാണണം.മക്കൾ ആദ്യമായിട്ടായിരുന്നു ചിനവല അത്ര അടുത്ത് കാണുന്നത്. അതുവരെ പരിചിതമല്ലാത്തൊരു കാഴ്ച് കുഞ്ഞുകണ്ണുകളിൽ വിസ്മയം തീർക്കുന്നത് കാണുമ്പോഴാണ് നമ്മുടെ ഉള്ളവും നിറയുക.

ഞങ്ങളങ്ങനെ ഒരൈസ്‌ക്രീമും നുണഞ്ഞ് അങ്ങേയറ്റം വരെ നീണ്ടുകിടക്കുന്ന നടപ്പാതയിലൂടെ നടന്നു. വൈകുന്നേരമാണ് ഫോർട്ടുകൊച്ചിയുടെ സമയം. കടലിലേയ്ക്ക് ഇറക്കിപ്പണിതിരിക്കുന്ന നടപ്പാതയുടെ അറ്റത്ത് പോയി സ്വയം മറന്ന് കുറച്ച്‌നേരമങ്ങനെ നിൽക്കണം. അറബിക്കടലിന്റെ ചൂടും ചൂരും വഹിച്ചെത്തുന്ന കാറ്റിന്റെ തലോടലിൽ ഒരൽപ്പനേരം. ഒരു വൈകുന്നേരം നിങ്ങൾ കൂട്ടിന് ആരെയെങ്കിലും കൂട്ടിയോ അല്ലെങ്കിൽ ഒറ്റക്കോ ഒന്ന് അവിടെ വരെ പോകണം. എല്ലാ തിരക്കുകളും മറക്കണം. നിങ്ങൾമാത്രമുള്ള കുറച്ച് നിമിഷങ്ങൾ. നാടപ്പാതയ്ക്ക് ഇടയ്ക്ക് ഇരിക്കാനുള്ള ബഞ്ചുകളുണ്ടെങ്കിലും വളഞ്ഞുപുളഞ്ഞുനിൽക്കുന്ന വൃക്ഷ ശിഖരങ്ങളാണ് മിക്കവരും തെരഞ്ഞെടുക്കാറ്. പിന്നെ പണ്ട് ഗുസ്തിമത്സരം വരെ നടന്നിട്ടുള്ള ഫോർട്ടുകൊച്ചി ബീച്ച് ഇന്നില്ല എന്ന ഒരൊറ്റ സങ്കടമേയുള്ളു. എങ്കിലും കടൽക്ഷോഭം ചെറുക്കാൻ വിരിച്ചിരിക്കുന്ന കരിങ്കൽ മതിലിൽ ഒന്നിരുന്ന് തിരകൾ വന്നലയ്ക്കുന്ന ആ ശബ്ദമൊന്ന് കേട്ടുനോക്കു. നിങ്ങളും ഒരർത്ഥത്തിൽ കൊച്ചിക്കാരായി മാറും. കപ്പലുകൾ ഹലോ പറഞ്ഞ് കയ്‌കൊടുത്ത് പാസ് ചെയ്ത് പോകുന്നതൊക്കെ അടുത്തിരുന്ന് കാണാം. വലിയ ചെലവില്ലാതെ മക്കളെ സന്തോഷിപ്പിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്.

സമയമുണ്ടെങ്കിൽ വാസ്‌കോ ഡ ഗാമയെ ആദ്യം അടക്കം ചെയത സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, ഡച്ചുകാരുടെ കാലത്ത് നിർമിച്ച ഡേവിഡ് ഹാൾ, പോർച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട് തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും കാണാം . മട്ടാഞ്ചേരി കൊട്ടാരവും അടുത്താണ്. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി. രാത്രികാലങ്ങളിലെ ബോട്ട് യാത്രയും കൊച്ചി വൈബും വൈകുന്നേരത്തെക്കാൾ മനോഹരമാണ്. അവ ആസ്വദിക്കാൻ വിദേശികളും സ്വദേശികളുമടക്കം അനേകം ആളുകൾ ഇവിടേക്ക് എത്താറുണ്ട്.

ഫോർട്ട്കൊച്ചി എത്തിയാൽ എവിടെ താമസിക്കാം?

 

ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിന് അടുത്തുള്ള പി ഡബ്ല്യൂഡി റസ്റ്റ് ഹൗസ്സിൽ നേരത്തെ ബുക്ക് ചെയ്‌താൽ സന്ദർശകർക്ക് താമസ സൗകര്യം ലഭ്യമാകുന്നതാണ്.

 

Tags:    

Similar News