പേയ്‌മെന്റ് രീതി 'ആപ്പിലാക്കില്ല': ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇനി യുപിഐ ഓട്ടോ പേ

ഇനി മുതല്‍ ആപ്പുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ 'പേ വിത്ത് യുപിഐ' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലുള്ള യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പ് ഏതാണോ (ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ളവ) അതുവഴി പണമടയ്ക്കാന്‍ സാധിക്കും.

Update: 2022-11-16 09:21 GMT

upi autopay feature 

മുംബൈ: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ള ആപ്പുകളിലേക്ക് 'യുപിഐ ഓട്ടോ പേ' ഉപയോഗിച്ചും ഇനി പണമടയ്ക്കാം. പ്ലാറ്റ്‌ഫോമില്‍ നിലവിലുള്ള പേയ്‌മെന്റ് ഓപ്ഷനുകള്‍ക്കൊപ്പം യുപിഐ ഓട്ടോപേയും വരുന്നതോടെ കോടിക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി ലളിതമായി പണമടയ്ക്കാന്‍ സാധിക്കും. മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയുള്ള ഇടപാട് തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ നേരത്തെ പരാതിയുയര്‍ന്നിരുന്നു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് 2.0-യുടെ കീഴില്‍ വരുന്നതാണ് യുപിഐ ഓട്ടോപേ സേവനം. യുപിഐ സേവനം ഉള്‍പ്പെടുത്തുന്നതോടെ ആവര്‍ത്തിച്ച് പണമടയ്‌ക്കേണ്ട ഉപഭോക്താക്കള്‍ക്ക് എളുപ്പം ഇടപാട് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഇനി മുതല്‍ ആപ്പുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ 'പേ വിത്ത് യുപിഐ' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലുള്ള യുപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പ് ഏതാണോ (ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ളവ) അതുവഴി പണമടയ്ക്കാന്‍ സാധിക്കും. അറുപതിലധികം രാജ്യങ്ങളിലാണ് ഗൂഗിള്‍ പേ സ്റ്റോര്‍ സേവനം നിലവിലുള്ളത്.

യുപിഐ സേവനം കൂടി ഉള്‍പ്പെടുത്തുന്നതോടെ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലുള്ള ആപ്പുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തിയേക്കും. ആളുകളെ അധികമായി എത്തിക്കാന്‍ ഒരുപക്ഷേ ആപ്പ് കമ്പനികള്‍ സബ്‌സ്‌ക്രിപ്ഷന്‍ താരിഫില്‍ നേരിയ തോതിലുള്ള ഇളവുകളും വരുത്തിയേക്കാം.

വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1,337.76 കോടി രൂപ പിഴ അടയ്ക്കണമെന്ന് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഒക്ടോബറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.ഈ സംഭവത്തിന് ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷമാണ് ലോകത്തെ തന്നെ ഏറ്റവും വലിയ പേയ്‌മെന്റ് ഗേറ്റ് വേകളില്‍ ഒന്നായ യുപിഐയെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമുണ്ടായിരിക്കുന്നത്.

Tags:    

Similar News