വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 14)
ബജറ്റ് വരെ റേഞ്ച് ബൗണ്ട് നീക്കത്തില്‍
യുഎസ് പണപ്പെരുപ്പം കുറഞ്ഞതും പലിശനിരക്കില്‍ ഈ വര്‍ഷാവസാനത്തോടെ ഒരു വെട്ടിക്കുറയ്ക്കല്‍ ഉണ്ടാവുമെന്ന് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചതും ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയെ റിക്കാര്‍ഡ് ഉയരത്തിലെത്തിച്ചു. എന്നാല്‍ യുഎസ് പണനയത്തില്‍ അയവു വരുത്തുന്നതിലെ നീണ്ട കാലയളവ് യുഎസ് സമ്പദ്ഘടനയില്‍ മാത്രമല്ല ആഗോള സമ്പദ്ഘടനയിലും പല തരത്തിലുള്ള പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നത് നിക്ഷേപകരുടെ ക്ഷമ കെടുത്തുകയാണ്.
ഇന്ത്യയിലും പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുകയാണ്. പണപ്പെരുപ്പം ( മേയില്‍ 4.75 ശതമാനം) നേരിയ തോതില്‍ കുറഞ്ഞുവെങ്കിലും റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. ഇന്ത്യന്‍ ബോണ്ട് യില്‍ഡ് ഏഴു ശതമാനത്തിനു താഴേയ്ക്ക് (6.986 ശതമാനം) എത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 24-ന് ആരംഭിച്ച് ജൂലൈ മുന്നിന് അവസാനിക്കും. ജൂണ്‍ 27-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സംയുക്ത പാര്‍ലമെന്റ് സമ്മേനത്തെ ആഭിസംബോധന ചെയ്യും. മൂന്നാം മോദി സര്‍ക്കാരിന്റെ അടുത്ത അഞ്ചുവര്‍ഷത്ത അജണ്ടയുടെ ഏകദേശ രൂപം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍നിന്നു ലഭിക്കും. ലോക്സഭയുടെ പുതിയ സ്പീക്കറേയും ഈ സമ്മേളനം തെരഞ്ഞെടുക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് മുഖ്യ അജണ്ട. മൂന്നിന് അവസാനിക്കുന്ന സമ്മേളനം പുതുക്കിയ ബജറ്റിനായി ജൂലൈ മൂന്നാം വാരത്തില്‍ വീണ്ടും വിളിച്ചുകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തായാലും ബജറ്റ് എത്തുന്നതുവരെ റേഞ്ച് ബൗണ്ടായി ( പോസീറ്റീവ് മനോഭാവത്തോടെ) വിപണി നീങ്ങാനാണ് സാധ്യത.
വിപണി ഇന്നലെ
റിക്കാര്‍ഡ് ഉയരത്തിലെത്തിയ നിഫ്റ്റി ഇന്നലെയും റിക്കാര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ കുറിച്ച 23481.05 പോയിന്റാണ് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഇന്നലത്തെ ക്ലോസിംഗ് 23398.9 പോയിന്റാണ്. തലേദിവസത്തേക്കാള്‍ 75.95 പോയിന്റ് കൂടുതല്‍.
റിയല്‍റ്റി, ഐടി, ഓട്ടോ, പിഎസ് യു ഓഹരികളുടെ പിന്‍ബലത്തിലാണ് നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ഉയരത്തിലേക്ക് എത്തിയത്. ബാങ്കിംഗ് ഓഹരികള്‍ നേരിയ തോതില്‍ താഴ്ന്നു. റിക്കാര്‍ഡ് ഉയരത്തിനു തൊട്ടുതാഴെ 23480.95 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി പിന്നീട് താഴേയ്ക്കു നീങ്ങുകയായിരുന്നു. ഇന്നലെത്തെ ഏറ്റവും കുറഞ്ഞ പോയിന്റ് 23353.9 പോയിന്റാണ്.
സെന്‍സിറ്റീവ് സൂചികയായ സെന്‍സെക്സ് ഇന്നലെ 204.33 പോയിന്റ് മെച്ചത്തോടെ 76810.9 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ 77102.05 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്സ് 77145.46 പോയിന്റ് വരെ ഉയര്‍ന്നതിനുശേഷമാണ് താഴ്ന്നു ക്ലോസ് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സെന്‍സെക്സ് 77000 പോയിന്റിനു മുകളിലെത്തുന്നത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
മൂന്നു ദിവസമായി ഓരോ ദിവസവും പുതിയ ഉയര്‍ച്ചയും മെച്ചപ്പെട്ട ക്ലോസിംഗും കാണിക്കുന്ന നിഫ്റ്റി കണ്‍സോളിഡേഷന്‍ മൂഡിലാണെന്നു പറയാം. നിഫ്റ്റിയുടെ തൊട്ടടുത്തുള്ള റെസിസ്റ്റന്‍സ് 23500-23600 പോയിന്റ് റേഞ്ചില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിഫ്റ്റിയുടെ മുന്നോട്ടുള്ള ഉയര്‍ച്ചയ്ക്ക് ഈ റെസിസ്റ്റന്‍സ് വ്യാപാര വ്യാപ്തത്തോടെ മറികടക്കേണ്ടതുണ്ട്. അടുത്ത റെസിസ്റ്റന്‍സ് 23800 പോയിന്റാണ്.
നിഫ്റ്റിക്ക് 23200 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 23000 പോയിന്റ് ചുറ്റളവിലും തുടര്‍ന്ന് 22700-22800 പോയിന്റ് റേഞ്ചിലും നിഫ്റ്റിക്ക് പിന്തുണ കിട്ടും.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ ബുള്ളീഷ് മോഡിലാണ്. ഇന്നലെ 60.52 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ 48.4 പോയിന്റ് താഴ്ചയോടെ 49846.7 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും അമ്പതിനായിരം പോയിന്റിനു മുകളിലെത്തിയെങ്കിലും ക്ലോസിംഗ് അതിനു താഴെയാണ്. ജൂണ്‍ പത്തിനും 50000 പോയിന്റിനു മുകളിലെത്തി താഴെ ക്ലോസ് ചെയ്യുകയായിരുന്നു.
ബാങ്ക് നിഫ്റ്റിയുടെ മുന്നോട്ടുള്ള നീക്കത്തിന് 50000 പോയിന്റിനു മുകളില്‍ ശക്തമായി ക്ലോസ് ചെയ്യേണ്ടതുണ്ട്. 50200-50300 ലെവലില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ശക്തമായ റെസിസ്റ്റന്‍സ് 50600-50700 പോയിന്റ് ലവലിലാണ്. ഇതു കടന്നാല്‍ 51200 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആണ്.
താഴേയ്ക്കു നീങ്ങിയാല്‍ 49500-49600 പോയിന്റ് തലത്തില്‍ ആദ്യ പിന്തുണ പ്രതീക്ഷിക്കാം. അടുത്തത് 48900-49000 തലത്തിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടും.
ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുള്ള ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 56.20 ആണ്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 29 പോയിന്റ് താഴ്ന്നാണ് തുറന്നിട്ടുള്ളത്. ഒരു മണിക്കൂര്‍ വ്യാപാരം പിന്നിടുമ്പോള്‍ 7 പോയിന്റ് താഴ്ന്നാണ് ഗിഫ്റ്റ് നിഫ്റ്റിയില്‍ ഫ്ളാറ്റ് ഓപ്പണിംഗാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്‍ഫോസിസ് എഡിആര്‍ 0.28 ശതമാനം കുറഞ്ഞപ്പോള്‍ വിപ്രോ 0.54 ശതമാനം മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എഡിആറുകള്‍ യഥാക്രമം 1.55 ശതമാനം, 0.12 ശതമാനം വീതം കുറഞ്ഞു. റിലയന്‍സ് ഇന്‍ഡ് 0.61 ശതമാനം കുറഞ്ഞപ്പോള്‍ ഡോ റെഡ്ഡീസ് 1.37 ശതമാനവും മെച്ചപ്പെട്ടു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 6.26 ശതമാനം കുറഞ്ഞ് 13.49 ആയി. തലേദിവസമിത് 14.39 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 13-ന് 0.86 ആണ്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസ് വിപണികള്‍ സമ്മിശ്രമായാണ് ഇന്നലെ ക്ലോസ് ചെയ്തത്. നാസ്ഡാക് നാലാം ദിവസവും റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു.
പണപ്പെരുപ്പത്തോത് നേരിയ തോതില്‍ കുറഞ്ഞതും പലിശ വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയും ബുധനാഴ്ച ഡൗ ജോണ്‍സിനു ഊര്‍ജം നല്‍കിയെങ്കിലും ഈ വര്‍ഷം വെട്ടിക്കുറവ് ഒന്നോ രണ്ടോ തവണയായിരിക്കുമെന്ന വിലയിരുത്തല്‍ ഇന്നലെ വിപണിക്കു പ്രതികൂലമായി. ഡൗ സൂചിക 65.11 പോയിന്റ് കുറഞ്ഞ് 38647.1 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഓപ്പണ്‍ ചെയ്തതു മുതല്‍ ഡൗ തുടര്‍ച്ചയായി താഴേയ്ക്കു പോരുകയായിരുന്നു.
എന്നാല്‍ ബ്രോഡ്കോം ഓഹരികളുടെ പിന്‍ബലത്തില്‍ നാസ്ഡാക് നാലാം ദിവസവും മെച്ചപ്പെട്ടു. നാസ്ഡാക് 59.12 പോയിന്റ് ഉയര്‍ന്ന് 17667.6 പോയിന്റില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ആണ്. എസ് ആന്‍ഡ് പി 12.71 പോയിന്റ് ഉയര്‍ന്ന് 5433.74 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതും റിക്കാര്‍ഡ് ക്ലോസിംഗ് ആണ്.
യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ് ഇ യുകെ 51.18 പോയിന്റും സിഎസി ഫ്രാന്‍സ് 156.68 പോയിന്റും ഡാക്സ് ജര്‍മനി 365.18 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 748.98 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.
യുഎസ് ഡൗ ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ താഴ്ന്നാണ് നില്‍ക്കുന്നുവെങ്കിലും നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സും നേരിയ ഉയര്‍ച്ച കാണിച്ചിട്ടുണ്ട്.
ഏഷ്യന്‍ വിപണികള്‍
ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നലെ 156 പോയിന്റെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 135 പോയിന്റോളം താഴ്ന്ന് ഓപ്പണ്‍ ചെയ്ത നിക്കി ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 83.5 പോയിന്റ് നഷ്ടത്തിലാണ് നീങ്ങുന്നത്. പോസീറ്റീവായി ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി നേരിയ നേട്ടത്തിലാണ്.
ഇന്നലെ 175 പോയിന്റ് മെച്ചപ്പെട്ട് ക്ലോസ് ചെയ്ത ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക ഇന്നു രാവിലെ 39 പോയിന്റ് താഴെ നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 3 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
ഏഷ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ പോസീറ്റീവാണ്.
എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശ, ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ മോശമല്ലാത്ത വില്‍പ്പന നടത്തി. വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഇന്നലത്തെ നെറ്റ് വില്‍പ്പന 3033 കോടി രൂപയുടേതാണ്. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 13863.45 കോടി രൂപയായി.
ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളാകട്ടെ 553.88 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഇതോടെ ഈ മാസത്തെ അവരുടെ നെറ്റ് വാങ്ങല്‍ 11216.33 കോടി രൂപയായി.
സാമ്പത്തിക വര്‍ത്തകള്‍
വളര്‍ച്ച 8 ശതമാനമാകും: കൃഷി, സേവന മേഖലകളുടെ പിന്‍ബലത്തില്‍ നടപ്പുവര്‍ഷം ഇന്ത്യന്‍ ജിഡിപി എട്ടു ശതമാനം വളര്‍ച്ച നേടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ( സിഐഐ) പ്രതീക്ഷിക്കുന്നു. ശക്തമായ പൊതുമേഖല മൂലധന നിക്ഷേപവും പൊതുവായ ചെലവഴിക്കല്‍ ഉയരുന്നതും സമ്പദ്ഘടനയ്ക്കു കരുത്തുപകരുമെന്ന് സിഐഐ ചെയര്‍മാന്‍ സഞ്ജീവ് പുരി പറയുന്നു. കാര്‍ഷികമേഖലയില്‍ 3.7 ശതമാനം വളര്‍ച്ചയാണ് സിഐഐ പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച 1.4 ശതമാനമായിരുന്നു. സേവനമേഖലയിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ 7.9 ശതമാനത്തില്‍നിന്ന് 9 ശതമാനത്തിലേക്ക് ഉയരുമെന്നും പുരി കരുതുന്നു.
മൂഡീസ്: ഏഷ്യന്‍ മേഖലയിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയത്. ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയത് തുടര്‍ന്നുവരുന്ന നയങ്ങള്‍ തുടരുന്നതിനു കാരണമാകും. ഇത് അടിസ്ഥാനസൗകര്യ വികസനവും സ്വകാര്യ നിക്ഷേപവും ഉയര്‍ത്തുമെന്നും മൂഡീസ് വലിയിരുത്തുന്നു.
ഓണ്‍ലൈന്‍ ഗെയിം ജിഎസ്ടി: ജൂണ്‍ 22-ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന്മേലുള്ള 28 ശതമാനം ജിഎസ്ടി പുനപ്പരിശോധിക്കും. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയും വരുത്തും.
കമ്പനി വാര്‍ത്തകള്‍
അംബുജ സിമന്റ്സ്: അദാനി ഗ്രൂപ്പില്‍പ്പട്ട അംബുജ സിമന്റ്സ് പെന്നാ സിമന്റ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ പൂര്‍ണമായും വാങ്ങി. വില 10422 കോടി രൂപ. 2028-ഓടെ അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉത്പാദനശേഷി സ്ഥാപിശേഷി140 ദശലക്ഷം ടണ്ണായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വാങ്ങല്‍. 2028-ഓടെ സിമന്റ് വിപണിയില്‍ 20 ശതമാനം വിപണി വിഹിതമാണ് അദാനി ലക്ഷ്യമിടുന്നത്. പെന്നാസിമന്റിന്റെ വാര്‍ഷിക ഉത്പാദനശേഷി 10 ദശലക്ഷം ടണ്ണാണ്. അടുത്ത 12 മാസത്തിനുള്ളില്‍ സ്ഥാപിതശേഷിയില്‍ 4 ദശലക്ഷം ടണ്ണിന്റെ വര്‍ധനയുണ്ടാകും.
വൊഡാഫോണ്‍ ഐഡിയ: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാവായ വൊഡാഫോണ്‍ ഐഡിയ നോകിയ, എറിക്സണ്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്ക് 166 കോടി ഓഹരികള്‍ നല്‍കി 2458 കോടി രൂപ സ്വരൂപിക്കും. ഓഹരി വില 14.8 രൂപയാണ്. ആറു മാസത്തെ ലോക്ക് ഇന്‍ പീരിയഡ് ഉണ്ടായിരിക്കും. ഇതോടെ പ്രമൊട്ടര്‍മാരായ എബിജി, വൊഡാഫോണ്‍ എന്നിവരുടെ ഓഹരി പങ്കാളിത്തം 37.3 ശതമാനമാകും. കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തം 23.2 ശതമാനമാകും.
ക്രൂഡോയില്‍ വില
യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ഉയര്‍ന്ന രാജ്യന്തര വിപണിയില്‍ മെച്ചപ്പെട്ട ക്രൂഡോയില്‍ വില ഇന്നലെ നേരിയ തോതില്‍ താഴ്ന്നു. ഇന്നു രാവിലെ ഡബ്ള്യു ടിഐ ക്രൂഡിന്റെ വില ബാരലിന് 77.78 ഡോളറാണ്. ഇന്നലെ രാവിലെയത് 78.34 ഡോളറായിരുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 81.98 ഡോളറിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ അത് 82.46 ഡോളറായിരുന്നു.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.